കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ മേഖലയിൽ പുതിയൊരു യുഗത്തിന് തുടക്കമിട്ട്, നാലുവർഷ ബിരുദ പ്രോഗ്രാം (FYUGP) വിജയകരമായി രണ്ടാം വർഷത്തിലേക്ക്. സമയബന്ധിതമായ പരീക്ഷാഫല പ്രഖ്യാപനം മുതൽ കോഴ്‌സുകളിലെയും അധ്യയന രീതികളിലെയും സമഗ്രമായ പരിഷ്‌കാരങ്ങൾ പൂർണമായും യാഥാർഥ്യമായി. ഉന്നതവിദ്യാഭ്യാസ രംഗത്തെ ഈ ചരിത്രപരമായ മുന്നേറ്റം, ലോകോത്തര നിലവാരത്തിലേക്കും വിജ്ഞാനസമൂഹത്തിലേക്കും സമ്പദ്‌വ്യവസ്ഥയിലേക്കുള്ള കേരളത്തിന്റെ മുന്നേറ്റത്തിലെ നിർണായക നാഴികക്കല്ലായി മാറുന്നു.

വേഗത്തിൽ ഫലം, മികച്ച പഠനം

2023 - 2024  അക്കാദമിക് വർഷം ആരംഭിച്ച നാലുവർഷ ബിരുദ പ്രോഗ്രാം (FYUGP), വിദ്യാർഥികൾക്ക് പഠനത്തിൽ കൂടുതൽ സംവിധാനങ്ങൾ ഉറപ്പാക്കിക്കൊണ്ടാണ് മുന്നോട്ട് പോകുന്നത്. ഒന്നാം സെമസ്റ്റർ പരീക്ഷാഫലം പോലെതന്നെ, രണ്ടാം സെമസ്റ്റർ പരീക്ഷാഫലവും കൃത്യസമയത്ത് പ്രഖ്യാപിക്കാൻ സർവകലാശാലകൾക്ക് കഴിഞ്ഞു എന്നത് ഈ പരിഷ്കരണത്തിന്റെ വലിയ വിജയമാണ്. പരീക്ഷാഫലം പ്രസിദ്ധീകരിച്ച്, അടുത്ത സെമസ്റ്റർ ആരംഭിക്കുന്നതിനുമുമ്പുതന്നെ ഫലപ്രഖ്യാപനം എന്ന പുതിയ രീതി യാഥാർത്ഥ്യമാക്കിക്കൊണ്ടാണ് ഈ അധ്യയന വർഷം ആരംഭിക്കുന്നത്.

2024 ജൂലൈ ഒന്നിനാണ് എട്ട് സർവകലാശാലാ കാമ്പസുകളിലും തൊള്ളായിരത്തോളം കോളേജുകളിലുമായി നാലുവർഷ ബിരുദ പഠനം ആരംഭിച്ചത്.  കേരളത്തെ ഉന്നതവിദ്യാഭ്യാസ ഹബ്ബാക്കി മാറ്റുക എന്ന ലക്ഷ്യത്തിനായി, ഈ പ്രോഗ്രാമിനെ കൂടുതൽ വിപുലമാക്കാനുള്ള സമഗ്രമായ ആസൂത്രണങ്ങളോടെയാണ് പുതിയ അധ്യയന വർഷം ആരംഭിക്കുന്നത്.

മേജർ മാറാം, കോളേജ് മാറാം, സർവകലാശാലയും മാറാം!

വിദ്യാർഥി കേന്ദ്രീകൃതമായ മാറ്റങ്ങൾക്ക് ഊന്നൽ നൽകിക്കൊണ്ട് നിരവധി സുപ്രധാന തീരുമാനങ്ങൾ ഈ അക്കാദമിക് വർഷം പ്രാബല്യത്തിൽ വരും. അന്തർ സർവകലാശാലാ-കോളേജ് മാറ്റം-  ആദ്യവർഷം പൂർത്തിയാക്കിയ വിദ്യാർഥികൾക്ക് മേജർ വിഷയങ്ങൾ മാറ്റാനും, കോളേജ് മാറ്റാനും, അതുപോലെ ഒരു സർവകലാശാലയിൽ നിന്ന് മറ്റൊരു സർവകലാശാലയിലേക്ക് മാറാനും സാധിക്കും. ഇതിനായുള്ള സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജ്യർ (SOP) സംസ്ഥാനതല മോണിറ്ററിങ് സമിതി തയ്യാറാക്കിയിട്ടുണ്ട്.

മേജർ സബ്ജെക്ട്   മാറ്റം: അക്കാദമിക് വർഷത്തിന്റെ ആദ്യ പ്രവൃത്തിദിനം തന്നെ ഓരോ വിഷയങ്ങളിലുമുള്ള ഒഴിവുകൾ കോളേജുകൾ പ്രസിദ്ധീകരിക്കും. ആവശ്യമെങ്കിൽ 10% അധികം സീറ്റുകൾ ലഭ്യമാക്കും. മൈനർ അല്ലെങ്കിൽ മൾട്ടി ഡിസിപ്ലിനറി കോഴ്സുകളിൽ പഠിക്കുന്ന വിഷയങ്ങളിലേക്കാണ് മേജർ മാറ്റാൻ സാധിക്കുക. ആദ്യ രണ്ട് സെമസ്റ്ററുകളിലെ മാർക്കിന്റെ അടിസ്ഥാനത്തിൽ റാങ്ക് ലിസ്റ്റ് തയ്യാറാക്കിയാണ് പ്രവേശനം.

കോളേജ് മാറ്റം: കോളേജ് തലത്തിൽ മേജർ വിഷയ മാറ്റങ്ങൾക്ക് ശേഷം ഒഴിവുവരുന്ന സീറ്റുകൾ സർവകലാശാലകൾ പ്രസിദ്ധീകരിക്കും. അപേക്ഷ പരിഗണിച്ച് തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റിന്റെ അടിസ്ഥാനത്തിൽ വിദ്യാർഥികൾക്ക് പ്രവേശനം നേടാം. നിലവിൽ പഠിക്കുന്ന സ്ഥാപനത്തിൽ അച്ചടക്ക നടപടികൾ നേരിട്ടിട്ടില്ല എന്ന സാക്ഷ്യപത്രം നിർബന്ധമാണ്.    

അന്തർ സർവകലാശാലാ മാറ്റം: ആദ്യ രണ്ട് സെമസ്റ്ററുകളിലെ എല്ലാ കോഴ്സുകളും വിജയിച്ച വിദ്യാർഥികൾക്ക് ഇതിനായി അപേക്ഷിക്കാം. കേരളത്തിന് പുറത്തുള്ള സർവകലാശാലകളിൽ നിന്നുള്ള വിദ്യാർഥികൾക്കും കേരളത്തിലെ സർവകലാശാലകളിൽ മൂന്നാം സെമസ്റ്റർ മുതൽ പഠിക്കാൻ അപേക്ഷിക്കാൻ സാധിക്കും.

കൂടാതെ, നേരത്തെ പ്രഖ്യാപിച്ചതുപോലെ രണ്ടര വർഷം കൊണ്ട് ബിരുദം പൂർത്തിയാക്കാൻ സഹായിക്കുന്ന 'എൻ മൈനസ് വൺ സെമസ്റ്റർ' സംവിധാനമടക്കമുള്ള പദ്ധതികളും ഈ അക്കാദമിക് വർഷം പ്രാബല്യത്തിൽ വരും.നാലുവർഷ ബിരുദ പ്രോഗ്രാമിന്റെ (Four-Year Undergraduate Programme - FYUGP) ഭാഗമായി നടപ്പിലാക്കുന്ന ഒരു നൂതന പഠനരീതിയാണ് 'എൻ മൈനസ് വൺ സെമസ്റ്റർ' (N Minus One Semester) സംവിധാനം.സാധാരണയായി, നാലുവർഷ ബിരുദ പ്രോഗ്രാമിന് എട്ട് സെമസ്റ്ററുകളാണ് ഉള്ളത് (4 വർഷം x 2 സെമസ്റ്റർ/വർഷം = 8 സെമസ്റ്റർ). 'എൻ മൈനസ് വൺ സെമസ്റ്റർ' എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്, അവസാന സെമസ്റ്റർ ഒഴിവാക്കി, അതായത്, എട്ട് സെമസ്റ്ററിന് പകരം ഏഴ് സെമസ്റ്ററിനുള്ളിൽ (എൻ = 8, എൻ - 1 = 7) ബിരുദം പൂർത്തിയാക്കാൻ വിദ്യാർത്ഥികൾക്ക് സാധിക്കും എന്നതാണ്.

ഏകീകൃത അക്കാദമിക് കലണ്ടറും സമഗ്ര പരിശീലനവും

കഴിഞ്ഞ വർഷം മുതൽ തന്നെ ഏകീകൃത അക്കാദമിക് കലണ്ടറിന്റെ അടിസ്ഥാനത്തിലാണ് സർവകലാശാലകൾ നാലുവർഷ ബിരുദം നടപ്പിലാക്കുന്നത്. ക്രെഡിറ്റ് മാറ്റവും വിദ്യാർഥികളുടെ അന്തർ സർവകലാശാലാ മാറ്റവും സുഗമമാക്കാൻ ഇത് സഹായിക്കും. ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എല്ലാ സർവകലാശാലകൾക്കും ബാധകമായ മാതൃകാ ഏകീകൃത അക്കാദമിക് കലണ്ടർ രൂപീകരിക്കുകയും അംഗീകരിക്കുകയും ചെയ്തു . ഇത് പഠനം, പരീക്ഷ, മൂല്യനിർണ്ണയം, ഫലപ്രഖ്യാപനം എന്നിവയിൽ ഏകീകരണം കൊണ്ടുവരും.

കൂടാതെ, പുതിയ പഠനരീതികൾ ഫലപ്രദമാക്കാൻ സംസ്ഥാനത്തെ മുഴുവൻ കോളേജ് അധ്യാപകർക്കും സമഗ്ര പരിശീലനം നൽകുന്നുണ്ട്. ഉന്നതവിദ്യാഭ്യാസ കൗൺസിലിന്റെ കീഴിൽ ആരംഭിച്ച പുതിയ സെന്റർ ഓഫ് എക്സലൻസ് ഫോർ ടീച്ചിംഗ്, ലേണിംഗ് ആൻഡ് ട്രെയിനിംഗ് (Centre of excellence for Teaching, Learning and Training), കോളേജ് വിദ്യാഭ്യാസ വകുപ്പ്, സർവകലാശാലകൾ എന്നിവ സംയുക്തമായാണ് ഈ പദ്ധതി നടപ്പിലാക്കുക. ആറു മാസത്തിനുള്ളിൽ പരിശീലനം പൂർത്തിയാക്കും.

കോഴ്സുകൾ നവീകരിക്കും; പരീക്ഷാ ഫീഡ്ബാക്കിന് പോർട്ടലുകൾ

പുതിയ പ്രവേശനത്തോടെ വിദ്യാർഥികൾക്ക് മികച്ച കോഴ്സുകൾ ഉറപ്പാക്കുന്നതിനായി സർവകലാശാലകൾ പുതിയ മൈനർ കോഴ്സുകൾ തയ്യാറാക്കുകയാണ്. നൂതനവും, തൊഴിൽ സാധ്യത ഉറപ്പാക്കുന്നതും, മേജർ വിഷയ പഠനത്തെ കൂടുതൽ ആഴത്തിലാക്കാൻ സഹായിക്കുന്നതുമായ കോഴ്സുകളാണിത്. രാജ്യത്തെ മികച്ച സ്ഥാപനങ്ങളിൽ ലഭിക്കുന്ന പഠന നിലവാരം കേരളത്തിലെ കലാലയങ്ങളിലും ലഭ്യമാക്കാനാണ് ഉന്നതവിദ്യാഭ്യാസ വകുപ്പ് ലക്ഷ്യമിടുന്നത്.

കൂടാതെ, കരിക്കുലവും സിലബസും വിദ്യാർത്ഥി സൗഹൃദപരമാക്കുന്നതിനും അറിവിനൊപ്പം നൈപുണ്യവും അഭിരുചിയും ഉറപ്പാക്കുന്നതിനും ഈ അധ്യയന വർഷം ഊന്നൽ നൽകും. സമയബന്ധിതമായി സപ്ലിമെന്ററി പരീക്ഷകൾ നടത്തുന്നതിനും വിദ്യാർഥികളിൽ നിന്നും അധ്യാപകരിൽ നിന്നും സിലബസിനെക്കുറിച്ചുള്ള ഫീഡ്ബാക്ക് ശേഖരിക്കുന്നതിനും ഒരു പോർട്ടൽ സംവിധാനം ആരംഭിക്കും. ഇന്റേൺഷിപ്പുമായി ബന്ധപ്പെട്ട് ഉന്നതവിദ്യാഭ്യാസ കൗൺസിലിന്റെ നേതൃത്വത്തിൽ കെൽട്രോണുമായി സഹകരിച്ചുകൊണ്ടുള്ള പോർട്ടലും തയ്യാറാവുകയാണ്.

നാലുവർഷ ബിരുദ പ്രോഗ്രാമിന്റെ രണ്ടാം ഘട്ടം കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയെ കൂടുതൽ വിദ്യാർഥി കേന്ദ്രീകൃതവും, കാര്യക്ഷമവും, ലോകോത്തര നിലവാരമുള്ളതുമാക്കി മാറ്റാനുള്ള സംസഥാനത്തിന്റെ ദീർഘവീക്ഷണമുള്ള ഇടപെടലുകളുടെ തുടർച്ചയാണ്. ഇത് ഭാവി കേരളത്തിൻ്റെ വിജ്ഞാനാധിഷ്ഠിത വികസനത്തിന് ഉറച്ച അടിത്തറ പാകും. 

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2025-07-07 16:42:38

ലേഖനം നമ്പർ: 1799

sitelisthead