2023 ജൂലൈ 29-ന് മുണ്ടക്കൈ-ചൂരൽമല മേഖലയിലുണ്ടായ ഉരുൾപൊട്ടൽ കേരളം കണ്ട ഏറ്റവും വലിയ പ്രകൃതിദുരന്തങ്ങളിലൊന്നാണ്. പുഞ്ചിരിമട്ടം മേഖലയിൽ ആരംഭിച്ച ആദ്യ മണ്ണിടിച്ചിലിനെത്തുടർന്നുണ്ടായ വൻ ഉരുൾപൊട്ടലുകൾ പ്രദേശത്തെ പൂർണ്ണമായും തകർത്ത് ഭൂപ്രകൃതിയെ ആകെമാനം മാറ്റിമറിച്ചു. എന്നാൽ, ഈ മഹാദുരന്തത്തെത്തുടർന്നുണ്ടായ രക്ഷാപ്രവർത്തനങ്ങളും, പുനരധിവാസ നടപടികളും, മാനുഷിക പ്രവർത്തനങ്ങളും ദുരന്തനിവാരണത്തിലും അതിജീവനത്തിലും ദേശീയ തലത്തിൽത്തന്നെ മികച്ച മാതൃകയായി.

മാതൃകാപരമായ രക്ഷാദൗത്യം

കനത്ത മഴയും ദുരന്തത്തെത്തുടർന്ന് നിറഞ്ഞൊഴുകിയ പുന്നപ്പുഴയും ഉൾപ്പെടെയുള്ള പ്രതികൂല സാഹചര്യങ്ങൾ രക്ഷാപ്രവർത്തനത്തിന് വലിയ വെല്ലുവിളികൾ ഉയർത്തിയിരുന്നു. എന്നിരുന്നാലും, സൈന്യം, ദേശീയ ദുരന്ത നിവാരണ സേന (NDRF), ഫയർഫോഴ്സ്, കേരള പോലീസ്, സന്നദ്ധരായ നാട്ടുകാർ എന്നിവർ ചേർന്ന് ഏകോപിപ്പിച്ച രക്ഷാദൗത്യം സമയബന്ധിതമായി ആരംഭിച്ചു.

ഈ വെല്ലുവിളികളെ മറികടക്കാൻ, കയറുകളും ജെസിബികളും ഉപയോഗിച്ച് താൽക്കാലിക സിപ്പ്‌ലൈനുകൾ സ്ഥാപിക്കുകയും, ഹെലികോപ്റ്ററുകൾ ഉപയോഗിച്ച് രക്ഷാപ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു. കേന്ദ്ര-സംസ്ഥാന സേനാ വിഭാഗങ്ങളിൽ നിന്നുള്ള 1800-ലധികം പേർ ഈ മഹാദുരന്തമുഖത്ത് രക്ഷാപ്രവർത്തനങ്ങളിൽ പങ്കെടുത്തു. കൂടാതെ, 36 മണിക്കൂറിനുള്ളിൽ സൈന്യം നിർമ്മിച്ച ബെയ്ലി പാലം ദുരന്തനിവാരണ പ്രവർത്തനങ്ങളുടെ ഏകോപനത്തിൽ ഒരു സുപ്രധാന നാഴികക്കല്ലായി. ജൂലൈ 31-ന് നിർമ്മാണം ആരംഭിച്ച് ഓഗസ്റ്റ് ഒന്നിന് വൈകുന്നേരത്തോടെ, 36 മണിക്കൂർ കഠിനാധ്വാനത്തിലൂടെയാണ് ഇത് പൂർത്തിയാക്കിയത്. ആർമിയുടെ മദ്രാസ് എഞ്ചിനീയറിംഗ് ഗ്രൂപ്പിലെ 250 സൈനികരാണ് ഈ പാലത്തിന്റെ നിർമ്മാണത്തിന് നേതൃത്വം നൽകിയത്.

ബെയ്ലി പാലം പൂർത്തിയായതോടെ വിവിധയിടങ്ങളിൽ കുടുങ്ങിയവരെ അതിവേഗം സുരക്ഷാ കേന്ദ്രങ്ങളിലേക്ക് മാറ്റി. എൻഡിആർഎഫ് (126), മദ്രാസ് എഞ്ചിനീയറിംഗ് ഗ്രൂപ്പ് (154), പ്രതിരോധ സുരക്ഷാ സേന (187), നാവിക സേന (137), ഫയർഫോഴ്സ് (360), കേരള പോലീസ് (1286), എംഎംഇ പാങ്ങോട് ബ്രിഗേഡ് (89), എസ്ഡിആർഎഫ് (60), ഹൈ ആൾട്ടിറ്റ്യൂഡ് ടീം (14), കോസ്റ്റ് ഗാർഡ് (26), ടെറിട്ടോറിയൽ ആർമി (45), ടിഎൻഡിആർഎഫ് (21), ഫോറസ്റ്റ്, തമിഴ്നാട് ഫയർഫോഴ്സ്, സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ്, മെഡിക്കൽ ടീം, ദേശീയ ദുരന്തനിവാരണ അതോറിറ്റി ഡെൽറ്റ സ്ക്വാഡ്, നേവൽ, കഡാവർ ഉൾപ്പെടെയുള്ള കെ-9 ഡോഗ് സ്ക്വാഡുകൾ, ആർമി കെ-9 ഡോഗ് സ്ക്വാഡുകൾ എന്നിവയെല്ലാം രക്ഷാപ്രവർത്തനത്തിനായി ദുരന്ത മേഖലയിലെത്തി.

ദുരിതാശ്വാസവും പുനരധിവാസവും: ഭരണകൂടത്തിന്റെ സമഗ്രമായ ഇടപെടലുകൾ

മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്കായി സർക്കാർ സമഗ്രമായ പുനരധിവാസ പദ്ധതികളും അടിയന്തിര സഹായങ്ങളും നടപ്പിലാക്കി.ദുരന്തത്തിൽ ഭവനം നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കുന്നതിന്റെ ഭാഗമായി, കൽപ്പറ്റ വില്ലേജിലെ എൽസ്റ്റൺ എസ്റ്റേറ്റിൽ 64.47 ഹെക്ടർ ഭൂമി ഏറ്റെടുത്തു. ഈ ഭൂമിയിൽ, 410 വീടുകളുള്ള ഒരു ആധുനിക ടൗൺഷിപ്പിന്റെ നിർമ്മാണം അതിവേഗം പുരോഗമിക്കുകയാണ്. ഇത് ഏകദേശം 1662 പേർക്ക് സുരക്ഷിതമായ വാസസ്ഥലം ഒരുക്കും. ആരോഗ്യ കേന്ദ്രം, പൊതു മാർക്കറ്റ്, അങ്കണവാടി, കമ്മ്യൂണിറ്റി സെന്ററുകൾ എന്നിവ ഉൾപ്പെടുന്ന പൂർണ്ണസജ്ജമായ ഈ പുനരധിവാസ പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.

പുനരധിവാസ ടൗൺഷിപ്പ് : എൽസ്റ്റൺ എസ്റ്റേറ്റിലെ ടൗൺഷിപ്പ് നിർമ്മാണം

മുണ്ടക്കൈ-ചൂരൽമല ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ടവർക്ക് സുരക്ഷിതമായ വാസസ്ഥലം ഒരുക്കുക എന്ന ലക്ഷ്യത്തോടെ, കൽപ്പറ്റ വില്ലേജിലെ എൽസ്റ്റൺ എസ്റ്റേറ്റിൽ സർക്കാർ 64.4705 ഹെക്ടർ ഭൂമി ഏറ്റെടുത്തു. ഹൈക്കോടതി ഉത്തരവിനെത്തുടർന്ന് ടൗൺഷിപ്പ് നിർമ്മാണത്തിനായി 43.77 കോടി രൂപ സർക്കാർ ഹൈക്കോടതി രജിസ്ട്രാർ ജനറലിന്റെ അക്കൗണ്ടിൽ കെട്ടിവെച്ചു. സുപ്രീം കോടതി നിർദ്ദേശപ്രകാരം അധിക നഷ്ടപരിഹാരമായി 17.77 കോടി രൂപ കൂടി പിന്നീട് കെട്ടിവെക്കുകയുണ്ടായി. 2024 ഏപ്രിൽ 11-നാണ് സംസ്ഥാന സർക്കാർ ഈ ഭൂമി സ്വന്തമാക്കിയത്, ഏറ്റെടുത്തതിന് തൊട്ടടുത്ത ദിവസം തന്നെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു.

ടൗൺഷിപ്പ് രൂപകൽപ്പനയും പുരോഗതിയും

അതിജീവിച്ചവരുടെ സ്വപ്നസാക്ഷാത്കാരമായി എൽസ്റ്റൺ എസ്റ്റേറ്റിൽ ഒരുങ്ങുന്ന പുനരധിവാസ ടൗൺഷിപ്പ് നിർമ്മാണം അതിവേഗം പുരോഗമിക്കുകയാണ്. ഈ ടൗൺഷിപ്പിൽ 410 വീടുകളിലായി 1662-ൽ അധികം ആളുകൾക്ക് തണലൊരുങ്ങും. 2025 മാർച്ച് 27-ന്ഈ ടൗൺഷിപ്പിന് തറക്കല്ലിട്ടു.അഞ്ച് സോണുകളിലായിട്ടാണ് 410 വീടുകൾ നിർമ്മിക്കുന്നത്. ഒന്നാം സോൺ: 140 വീടുകൾ, രണ്ടാം സോൺ: 51 വീടുകൾ, മൂന്നാം സോൺ: 55 വീടുകൾ, നാലാം സോൺ: 51 വീടുകൾ, അഞ്ചാം സോൺ: 113 വീടുകൾ

പ്രകൃതിദുരന്തങ്ങളെ അതിജീവിക്കാൻ സാധിക്കുന്ന തരത്തിൽ 1000 ചതുരശ്രയടിയിൽ ഒറ്റനിലയിൽ പണിയുന്ന ഈ കെട്ടിടങ്ങൾക്ക് ഭാവിയിൽ ഇരുനില നിർമ്മിക്കാനുള്ള അടിത്തറയുമുണ്ടാകും. ഓരോ വീട്ടിലും ഒരു പ്രധാന കിടപ്പുമുറി, രണ്ട് അധിക മുറികൾ, സിറ്റൗട്ട്, ലിവിങ് റൂം, സ്റ്റഡി റൂം, ഡൈനിങ് ഏരിയ, അടുക്കള, സ്റ്റോർ ഏരിയ എന്നിവ ഉൾക്കൊള്ളുന്നു.

വീടുകൾക്ക് പുറമെ, ടൗൺഷിപ്പിൽ പൊതു റോഡുകൾ, ഒരു ആരോഗ്യ കേന്ദ്രം, ആധുനിക അങ്കണവാടി, ഒരു പൊതുമാർക്കറ്റ്, കൂടാതെ കമ്മ്യൂണിറ്റി സെന്ററുകൾ എന്നിവയും നിർമ്മിക്കും. ആരോഗ്യ കേന്ദ്രത്തിൽ ലബോറട്ടറി, ഫാർമസി, പരിശോധന-വാക്സിനേഷൻ-ഒബ്സർവേഷൻ മുറികൾ, ഒപി, ടിക്കറ്റ് കൗണ്ടർ സൗകര്യങ്ങൾ എന്നിവ സജ്ജീകരിക്കും. പൊതു മാർക്കറ്റിൽ കടകൾ, സ്റ്റാളുകൾ, ഓപ്പൺ മാർക്കറ്റ്, കുട്ടികൾക്ക് കളിസ്ഥലം, പാർക്കിങ് സൗകര്യങ്ങൾ എന്നിവ ഒരുക്കും. കമ്മ്യൂണിറ്റി സെന്ററിൽ മൾട്ടി പർപ്പസ് ഹാൾ, കളിസ്ഥലം, ലൈബ്രറി, സ്പോർട്സ് ക്ലബ്ബ്, ഓപ്പൺ എയർ തിയേറ്റർ എന്നിവയും ഉൾപ്പെടും. തറക്കല്ലിട്ടതിന് ശേഷം അഞ്ച് മാസങ്ങൾ പിന്നിടുമ്പോൾ, ടൗൺഷിപ്പിലെ വീടുകളുടെ നിർമ്മാണം പൂർത്തിയായി വരികയാണ്.

സാമ്പത്തിക സഹായങ്ങൾ: ദുരന്തബാധിതർക്ക് താങ്ങും തണലും

മുണ്ടക്കൈ-ചൂരൽമല ദുരന്തത്തിൽപ്പെട്ടവർക്ക് സർക്കാർ വിവിധ സാമ്പത്തിക സഹായങ്ങൾ നൽകി. അടിയന്തിര ധനസഹായം: ദുരന്തത്തിൽ മരിച്ച 298 പേരിൽ 220 പേരുടെ കുടുംബങ്ങൾക്ക് സംസ്ഥാന ദുരന്ത നിവാരണ നിധിയിൽ നിന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും ആറ് ലക്ഷം രൂപ വീതം 13.21 കോടി രൂപ വിതരണം ചെയ്തു. കൂടാതെ, 1036 കുടുംബങ്ങൾക്ക് 10,000 രൂപ വീതം 1.03 കോടി രൂപ അടിയന്തിര മരണാനന്തര ധനസഹായമായി ലഭിച്ചു.

ജീവനോപാധി സഹായം: അതിജീവിച്ചവർക്ക് താൽക്കാലിക ജീവനോപാധി ഒരുക്കുന്നതിനായി 11,087 ഗുണഭോക്താക്കൾക്ക് ആറ് ഘട്ടങ്ങളിലായി 10.09 കോടി രൂപ വിതരണം ചെയ്തു. ദുരന്തം നടന്ന് ഒരാഴ്ചയ്ക്കുള്ളിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലുണ്ടായിരുന്ന 10 പേർക്ക് 5,54,000 രൂപയും, ഒരാഴ്ചയിൽ കൂടുതൽ ചികിത്സയിലുണ്ടായിരുന്ന 27 പേർക്ക് 17,82,000 രൂപയും അടിയന്തിര സഹായമായി നൽകി. തൊഴിലും ജീവനോപാധിയും നഷ്ടപ്പെട്ട കുടുംബങ്ങളിലെ മുതിർന്ന രണ്ട് വ്യക്തികൾക്ക് ദിവസം 300 രൂപ നിരക്കിൽ 18,000 രൂപയും നൽകുന്നുണ്ട്.

അതിജീവന അടിയന്തിര സഹായം 

ദുരന്തബാധിതർക്ക് താൽക്കാലിക താമസസൗകര്യം ഒരുക്കുന്നതിൽ സർക്കാർ സജീവമായി ഇടപെട്ടു. 795 കുടുംബങ്ങൾക്കായി സർക്കാർ ക്വാർട്ടേഴ്സുകളും സ്വകാര്യ വീടുകളും വാടകയ്ക്ക് കണ്ടെത്തി നൽകി. 2024 ഓഗസ്റ്റ് മുതൽ 2025 ജൂൺ വരെ വാടക ഇനത്തിൽ ₹4.3 കോടി രൂപയാണ് വിതരണം ചെയ്തത്. ജില്ലയിലെ 60-ഓളം സർക്കാർ ക്വാർട്ടേഴ്സുകൾ ഇതിനായി വിട്ടുനൽകി.

ദുരിതാശ്വാസ ക്യാമ്പുകളും ഭക്ഷണ വിതരണവും

രക്ഷാപ്രവർത്തനങ്ങളുടെ ആദ്യഘട്ടത്തിൽ, 17 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്ന് 728 കുടുംബങ്ങളിലെ 2569 പേരെ മാറ്റിപ്പാർപ്പിച്ചു. ക്യാമ്പുകളിൽ താമസിച്ചവർക്ക് സന്നദ്ധപ്രവർത്തകരുടെയും സംഘടനകളുടെയും സഹായത്തോടെ ഭക്ഷണവും വെള്ളവും വസ്ത്രവും ഉൾപ്പെടെയുള്ള അടിസ്ഥാന ആവശ്യങ്ങൾ എത്തിച്ചു. ജില്ലാ ഭരണകൂടത്തിന്റെയും ഭക്ഷ്യസുരക്ഷാ വകുപ്പിന്റെയും നേതൃത്വത്തിൽ കമ്മ്യൂണിറ്റി കിച്ചണുകളിലൂടെ 1,62,543 പേർക്ക് ഭക്ഷണം തയ്യാറാക്കി നൽകി. ദുരിതാശ്വാസ മേഖലയിൽ ദിവസേന 6,000 മുതൽ 13,000 വരെ ഭക്ഷണപ്പൊതികൾ വിതരണം ചെയ്തു.

രേഖകളും ശുചീകരണവും വിദ്യാഭ്യാസ തുടർച്ചയും

ഉരുൾപൊട്ടലിൽ രേഖകൾ നഷ്ടപ്പെട്ടവർക്ക് സർക്കാർ സംവിധാനം വഴി അവ അതിവേഗം ലഭ്യമാക്കി. 878 പേർക്ക് പ്രത്യേക ക്യാമ്പുകളിലൂടെ 1690 സർട്ടിഫിക്കറ്റുകൾ (റേഷൻ കാർഡ്, ആധാർ, വിദ്യാഭ്യാസ രേഖകൾ തുടങ്ങിയവ) നൽകി. സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ സന്നദ്ധസേനാ വിഭാഗമായ ടീം കേരള ദുരന്തബാധിത പ്രദേശങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി.

പൊതുവിദ്യാഭ്യാസ വകുപ്പ് ദുരന്താനന്തരം 34 ദിവസത്തിനകം തന്നെ കുട്ടികൾക്ക് പുതിയ സ്കൂളുകൾ സജ്ജീകരിച്ച് പഠനം മുടക്കമില്ലാതെ തുടർന്നു. ദുരന്തത്തിൽ 32 വിദ്യാർത്ഥികൾക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു. മാതാപിതാക്കളെയും ബന്ധുക്കളെയും നഷ്ടപ്പെട്ട കുട്ടികൾക്ക് വിദ്യാഭ്യാസ വകുപ്പ്, ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസ്, ആരോഗ്യ വകുപ്പ് എന്നിവയുടെ നേതൃത്വത്തിൽ കൗൺസിലിംഗ് ഉറപ്പാക്കി.

കാണാതായവർക്കും വ്യാപാരികൾക്കും സഹായം

ദുരന്തത്തിൽ കാണാതായ 32 പേരുടെ കുടുംബാംഗങ്ങൾക്ക് സർക്കാർ പ്രത്യേക പരിഗണന നൽകി ഔദ്യോഗിക സർട്ടിഫിക്കറ്റുകൾ അനുവദിച്ചു. ഇവരെ ഔദ്യോഗികമായി മരിച്ചവരായി അംഗീകരിച്ചു. ദുരന്തമേഖലയിലെ 'നോ ഗോ സോണിൽ' ഉൾപ്പെട്ട വാണിജ്യ സ്ഥാപനങ്ങൾക്ക് ധനസഹായം അനുവദിക്കാൻ ജില്ലാ ഭരണകൂടം സർക്കാരിന് ശിപാർശ നൽകി. മേപ്പാടി ഗ്രാമപഞ്ചായത്തിലെ 10, 11, 12 വാർഡുകളിലായി 75-ൽ അധികം വാണിജ്യ സ്ഥാപനങ്ങൾക്കാണ് നാശനഷ്ടം സംഭവിച്ചത്.

നവകേരള നിർമിതിക്ക് മാതൃകയായ പുനരുജ്ജീവനം

പ്രകൃതി ദുരന്തങ്ങളെ അതിജീവിച്ച്, മുണ്ടക്കൈ-ചൂരൽമല പ്രദേശം നവകേരള നിർമിതിയുടെ ഒരു മാതൃകയായി പുനർജനിക്കുകയാണ്. ദുരന്തമുഖത്ത് നടന്ന സമാനതകളില്ലാത്ത രക്ഷാപ്രവർത്തനങ്ങളിലൂടെയും, സമഗ്രമായ പുനരധിവാസ പദ്ധതികളിലൂടെയും വികസന ദൗത്യങ്ങളിലൂടെയും ഈ പ്രദേശം ഒരു പുതിയ അധ്യായം കുറിക്കുന്നു. നഷ്ടങ്ങളെ അതിജീവിച്ച്, പ്രതീക്ഷയുടെയും അതിജീവനത്തിന്റെയും പ്രതീകമായി മാറിയ മുണ്ടക്കൈ-ചൂരൽമല, കേരളത്തിന്റെ സാമൂഹ്യ-സാമ്പത്തിക മേഖലകളിൽ സമഗ്ര വികസനത്തിലേക്കുള്ള അതിവേഗ പാതയിലാണ്.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2025-07-29 16:34:43

ലേഖനം നമ്പർ: 1811

sitelisthead