
മാലിന്യമുക്ത നവകേരളം സൃഷ്ടിക്കുന്നതിനായി സംസ്ഥാനം രൂപപ്പെടുത്തിയ മാതൃകപരമായ പ്രവർത്തനങ്ങളെ ലോകത്തിന് മുൻപിൽ അവതരിപ്പിക്കുന്നതിനായി തദ്ദേശ സ്വയംഭരണ വകുപ്പ് 'വൃത്തി 2025 ക്ലീൻ കേരള കോൺക്ലേവ് ' സംഘടിപ്പിക്കുന്നു. വൃത്തി, സർക്കുലർ എക്കോണമി (ഉൽപാദനത്തിൻ്റെയും ഉപഭോഗത്തിൻ്റെയും മാതൃക ),കാലാവസ്ഥ പ്രതിരോധം എന്നി ആശയങ്ങളെ അടിസ്ഥാനമാക്കിയ ക്ലീൻ കേരള കോൺക്ലേവ് ഏപ്രിൽ 9 മുതൽ 13 വരെ തിരുവനന്തപുരത്ത് കനകക്കുന്നിൽ നടക്കും.
മാലിന്യമുക്തം നവകേരളം ക്യാമ്പയിന് കീഴിൽ നടത്തിയ പരിശ്രമങ്ങളുടെ ഫലമായി, കേരളം പൂർണ്ണമായും മാലിന്യമുക്തമായ സംസ്ഥാനമെന്ന അന്തിമലക്ഷ്യത്തിലേക്ക് ചുവടുവെക്കുകയാണ്. ഈ ലക്ഷ്യത്തിനായി സംസ്ഥാനം രൂപപ്പെടുത്തിയിട്ടുള്ള അതുല്യവും മാതൃകാപാത്രവുമായ സംവിധാനങ്ങളെ ഈ കോൺക്ലേവ് അഭിസംബോധന ചെയ്യും. മാതൃകകളെയും മാലിന്യ സംസ്കരണരംഗത്തെ നേട്ടങ്ങളെയും സമൂഹത്തിനു മുൻപിൽ അവതരിപ്പിക്കുക, ശുചിത്വമാലിന്യസംസ്‌കരണ രംഗങ്ങളിലെ പുതിയ വെല്ലുവിളികളെ അഭിസംബോധന ചെയ്യുക, ശരിയായ ശുചിത്വമാലിന്യസംസ്‌കരണ രീതികൾ ജനങ്ങളുടെ ജീവിതശൈലിയും സംസ്‌കാരവുമാക്കി മാറ്റുന്നതിനുള്ള അവബോധം സൃഷ്ടിക്കുക, മാലിന്യ സംരംഭങ്ങളിലൂടെ സർക്കുലർ ഇക്കോണമിയെ ശക്തിപ്പെടുത്തുക, മാലിന്യ സംസ്കരണ രംഗത്തെ പ്രവർത്തനങ്ങളെ കാലാവസ്ഥ പ്രതിരോധ ലക്ഷ്യങ്ങളുമായി ബന്ധപ്പെടുത്തുക എന്നിവയാണ് കോൺക്ലേവിന്റെ പൊതു ലക്ഷ്യങ്ങൾ. മാലിന്യ സംസ്ക്‌കരണരംഗത്തെ ലോകത്ത് ഇന്നുള്ള സാങ്കേതിക മുന്നേറ്റങ്ങളും സവിശേഷ മാതൃകകളും സമ്മേളനത്തിൽ ചർച്ച ചെയ്യും.
പ്രധാന ലക്ഷ്യങ്ങൾ
✅മാലിന്യസംസ്കരണത്തിൽ കേരളത്തിന്റെ സവിശേഷ മാതൃകകളും നേട്ടങ്ങളും അവതരിപ്പിക്കുക
✅മാലിന്യസംസ്കരണ സംവിധാനങ്ങളെ ശക്തിപ്പെടുത്തുന്നതിനുള്ള നയപരവും പ്രവർത്തനപരവുമായ ഇടപെടലുകൾക്ക് വേദിയൊരുക്കുക
✅ശുചിത്വ മാലിന്യസംസ്‌കരണശീലങ്ങൾ ജീവിതശൈലിയുടെ ഭാഗമാക്കുന്നതിനുള്ള അവബോധം ജനങ്ങളിൽ സൃഷ്ടിക്കുന്നതിനുള്ള പ്ലാറ്റ്ഫോം ഒരുക്കുക
✅മാലിന്യ സംസ്കരണ രംഗത്തെ പ്രവർത്തനങ്ങളെ കാലാവസ്ഥ പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധിപ്പിക്കുക
✅മാലിന്യ സംസ്കരണരംഗത്ത് സംരംഭകത്വം വളർത്തുക. മാലിന്യ സംസ്കരണ മേഖലയിൽ സർക്കുലർ എക്കോണമിയുടെ സാധ്യതകൾ ശക്തിപ്പെടുത്തുക
✅സുസ്‌ഥിര മാലിന്യസംസ്കരണ രീതികളിൽ നവീനാശയങ്ങൾ കണ്ടെത്തുന്നതിനുള്ള വേദിയൊരുക്കി സംസ്ഥാനത്ത് ഒട്ടാകെ മാലിന്യസംസ്കരണ പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നവർക്ക് കൂടുതൽ ഊർജവും ആവേശവും നൽകുക
✅ദേശീയ അന്തർദേശീയ തലങ്ങളിലെ സംവിധാനങ്ങളുമായുള്ള ഏകോപന സാധ്യതകൾ കണ്ടെത്തുക
മാലിന്യ സംസ്കരണത്തിന്റെ നവീകരണ സാധ്യതകൾ ഉൾപ്പടെയുള്ള വ്യത്യസ്ത ദിശകൾ സമഗ്രമായി പരിശോധിക്കുന്ന വേദിയാകും ക്ലീൻ കേരള കോൺക്ലേവ് 2025. മാലിന്യ സംസ്കരണത്തിൽ സംയോജിത സമീപനങ്ങൾ,സമ്പദ് വ്യവസ്‌ഥയും മാലിന്യ സംസ്കരണവും, നൂതനാശയങ്ങൾ,നിയമങ്ങളും ചട്ടങ്ങളും,പൊതുജനപങ്കാളിത്തം എന്നി പ്രധാന മേഖലകൾ സംബന്ധിച്ചു ചർച്ചകൾ നടത്തും.
ക്ലീൻ കേരള കോൺക്ലേവ് പ്രധാന മേഖലകൾ
✅സംയോജിത മാലിന്യ സംസ്‌കരണം
ഖര/ദ്രവ മാലിന്യ സംസ്‌കരണം, ഈ രംഗത്തെ സാങ്കേതികവിദ്യകൾ, വികേന്ദ്രിത രീതികൾ എന്നിവ യിലെ മികച്ച മാതൃകകൾ.
✅ സമ്പദ് വ്യവസ്‌ഥയും മാലിന്യ സംസ്കരണവും
തൊഴിൽ സംരംഭങ്ങളിലൂടെ സമ്പദ് വ്യവസ ശക്തിപെടുത്തൽ, പുനരുപയോഗം, മാലിന്യങ്ങളിൽ നിന്ന് പുതിയ ഉത്പന്നങ്ങൾ ഉണ്ടാക്കൽ, ബദൽ ഉത്പന്നങ്ങൾ, മലിനീകരണം കുറയ്ക്കുന്നതിന് സഹായകമായ ഉത്പന്ന രൂപകൽപന എന്നിവയിലെ സംരംഭങ്ങളും പുതിയ ആശയങ്ങളും, ക്ലൈമറ്റ് ആക്ഷൻ, കാർബൺ ന്യൂട്രാലിറ്റി, ഹരിത നയ ഫ്രെയിംവർക്കുകൾ, പരിസ്ഥിതി സംരക്ഷണം എന്നിവയിൽ മാലിന്യ സംസ്കരണത്തിനുള്ള പങ്കും പ്രാധാന്യവും, തിരിച്ചറിയലും കണ്ടെത്തലും.
✅നൂതനാശയങ്ങൾ
ആർട്ടിഫിഷ്യൽ ഇൻറലിജൻസ്, മെഷീൻ ലേണിങ്, റോബോട്ടിക്സ് എന്നിവയുമായി ബന്ധപ്പെട്ട മാലിന്യ സംസ്കരണത്തിൻ്റെ നൂതനാശയങ്ങൾ, സംരംഭങ്ങൾ എന്നിവയെ അവതരിപ്പിക്കൽ.
✅നിയമങ്ങളും ചട്ടങ്ങളും
മാലിന്യ സംസ്കരണ രംഗത്തെ നിയമ വ്യവസ്‌ഥകൾ, ഉത്തരവുകൾ, ചട്ടങ്ങൾ എന്നിവയെ സംബന്ധിച്ച ചർച്ചകളും അവതരണവും.
✅പൊതുജനപങ്കാളിത്തം
സാംസ്കാരിക പരിപാടികൾ, യുവജന ഇന്റേൺഷിപ്പുകൾ, പൊതു അവബോധ ക്യാമ്പയിനുകൾ എന്നിവയിലൂടെ മാലിന്യസംസ്‌കരണ പ്രവർത്തനങ്ങളെ ഒരു ജനകീയ പ്രസ്‌ഥാനമാക്കി മാറ്റാൻ ലക്ഷ്യമിടുന്നു.
മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് വിവിധ വിഷയങ്ങളിൽ കോൺഫറൻസുകൾ, സെമിനാറുകൾ, ഓപ്പൺ ഫോറങ്ങൾ, ശില്പശാലകൾ,ശരിയായ മാലിന്യസംസ്‌കരണ രീതികൾ പരിചയപ്പെടുത്തുന്നതിനും അവ സംബന്ധിച്ച സംശയങ്ങൾ ദുരീകരിക്കാനും എക്സ്‌പീരിയൻസ് ഷോകളും ലൈവ് ഡെമോൺസ്ട്രേഷനുകൾ,മാലിന്യ സാങ്കേതിക വിദ്യയിലും സർക്കുലർ എക്കണോമിയിലും പങ്കാളികളായ നിക്ഷേപകസംഗമവും ചർച്ചകളും (ബിസിനസ് ബുട്ട്ക്യാമ്പുകൾ), മാലിന്യസംസ്ക്‌കരണ രംഗത്തെ സ്‌റ്റാർട്ടപ്പുകൾക്കും സംരംഭകർക്കുമുള്ള ശില്പശാലകൾ, ബിസിനസ് മീറ്റുകൾ, കോഫി ടേബിൾ ചർച്ചകൾ ,മാലിന്യ സംസ്കരണ മേഖലയിലെ മികച്ച മാതൃകകൾ, സാങ്കേതിക വിദ്യകൾ, വിവര വിനിമയ സംവിധാനങ്ങളായ AR/VR എന്നിവ ഉൾപ്പടെയുള്ള എക്‌സിബിഷനുകൾ എന്നിവയ്ക്ക് ക്ലീൻ കേരള കോൺക്ലേവ് വേദിയാകും. കേരളത്തിന്റെ മാലിന്യ നിർമാർജ്ജന ആശയങ്ങൾ വ്യക്തമാക്കുന്ന കോൺക്ലേവിൽ സന്നദ്ധ പ്രവർത്തകർ, ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ, കോളേജ് വിദ്യാർത്ഥികൾ, കലാകാരൻമാർ,സാങ്കേതികവിദഗ്‌ധർ, നയരൂപകർത്താക്കൾ,അക്കാദമിക് വിദഗ്‌ധർ,സ്‌റ്റാർട്ടപ്പുകൾ തുടങ്ങാനുദ്ദേശിക്കുന്നവർ,നിലവിലുള്ള സംരഭകർ, ഹരിതസ്ഥാപനങ്ങൾ എന്നിവർ പങ്കെടുക്കും.
ശുചിത്വമിഷന്റെ നേതൃത്വത്തിൽ ഹരിതകേരളം മിഷൻ,കേരള ഖരമാലിന്യപരിപാലന പദ്ധതി (KSWMP),ക്ലീൻ കേരള കമ്പനി ലിമിറ്റഡ് (CKCL),കുടുംബശ്രീ തൊഴിലുറപ്പുമിഷൻ, കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്‌മിനിസ്‌ട്രേഷൻ (KILA) എന്നി സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് ക്ലീൻ കേരള കോൺക്ലേവ് സംഘടിപ്പിക്കുന്നത്. സംസ്‌ഥാനതല കോൺക്ലേവിനു മുന്നോടിയായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മേൽനോട്ടത്തിൽ വാർഡുതലം മുതലുള്ള സംഗമങ്ങൾ സംഘടിപ്പിച്ചു. ഇതോടൊപ്പം സംസ്‌ഥാനതലത്തിൽ റീൽസ്, ലഘു വീഡിയോ മത്സരങ്ങൾ, മാലിന്യ സംസ്‌കരണത്തിൽ മികച്ച മാതൃകകൾ സൃഷ്ടിച്ച സ്‌കൂളുകളുടെ മത്സരങ്ങൾ, ഹാക്കത്തോൺ, ഐഡിയത്തോൺ തുടങ്ങിയവയും സംഘടിപ്പിച്ചിട്ടുണ്ട്.
സംസ്‌ഥാനത്ത് 80 ശതമാനം വീടുകളിലും അജൈവ മാലിന്യം ഹരിത കർമസേനയ്ക്ക് കൈമാറി ശരിയായ രീതിയിൽ നിർമാർജ്ജനം ചെയ്യുന്നുണ്ട്. മാലിന്യങ്ങൾ കൈകാര്യം ചെയ്യുന്നതിന് വിപുലമായ ജനകീയപ്രവർത്തനം നടത്തുന്ന ഇന്ത്യയിലെ ഏക സംസ്ഥാനമാണ് കേരളം. സമൂഹത്തിന്റെ പ്രവർത്തനക്ഷമതയും പൊതുജന സഹകരണവുമാണ് ജനകീയപ്രവർത്തന വിജയത്തിന് അടിസ്ഥാനം. ശുചിത്വ സംസ്‌കാരവും സമുചിതമായ മാലിന്യ സംസ്‌കരണ രീതികളും നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമാക്കുമ്പോൾ മാത്രമേ ഒരു ഹരിതഭാവി ഉറപ്പാക്കാനാകൂ. നവീന ആശയങ്ങളും സാങ്കേതികവിദ്യകളും ഉപയോഗപ്പെടുത്തി, പ്രാദേശിക തലത്തിൽ കൃത്യമായ ഇടപെടലുകൾ നടത്തി, കേരളത്തെ ഒരു മാതൃകയാക്കുകയാണ് നമ്മുടെ ലക്ഷ്യം. ഒത്തുചേർന്ന് രചിക്കാം വൃത്തിയുള്ള കേരളം.
വൃത്തി 2025 ക്ലീൻ കേരള കോൺക്ലേവ്
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2025-04-04 15:58:27
ലേഖനം നമ്പർ: 1744