
കേരളത്തിന്റെ ഡിജിറ്റൽ ഭൂപരിഷ്കരണത്തിലെ സമഗ്രമായ മുന്നേറ്റം ദേശീയ തലത്തിൽ അടയാളപ്പെടുത്തുന്നതിനായി റവന്യൂ, സർവേ, ഭൂരേഖാ വകുപ്പുകൾ സംയുക്തമായി ഭൂമി ദേശീയ കോൺക്ലേവ് 2025 സംഘടിപ്പിക്കുന്നു. ഭൂമിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും സേവനങ്ങളും ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലേക്ക് മാറ്റുന്ന ഡിജിറ്റൽ ഭൂപരിഷ്കരണ പ്രവർത്തനത്തിൽ കേരളത്തിന്റെ നേട്ടങ്ങൾ ചർച്ച ചെയ്യുന്നതിനും പങ്കുവെക്കുന്നതിനും കോൺക്ലേവ് വേദിയാകും. തിരുവനന്തപുരത്ത് ഉദയ് സമുദ്രയിൽ ജൂൺ 26, 27, 28 തീയതികളിലാണ് ദേശീയ കോൺക്ലേവ് സംഘടിപ്പിക്കുന്നത്.
അരുണാചൽ പ്രദേശ്, ചത്തീസ്ഗഢ്, തമിഴ്നാട്, ഹരിയാന, ആന്ധ്രാപ്രദേശ്, ഡൽഹി, ഹിമാചൽപ്രദേശ്, ഗോവ, കർണ്ണാടക, മധ്യപ്രദേശ്, പുതുച്ചേരി, മണിപ്പൂർ, രാജസ്ഥാൻ, മഹാരാഷ്ട്ര, അസം, ഝാർഖണ്ഡ്, നാഗാലാൻറ്, സിക്കിം, തെലങ്കാന, ത്രിപുര, ഉത്താരാഖണ്ഡ്, പശ്ചിമ ബംഗാൾ, ചണ്ഡീഗഢ്, ദാദ്ര നാഗർ ഹവേലി, ദാമൻ ആന്റ് ദിയു, ലഡാക് എന്നീ 26 സംസ്ഥാനങ്ങൾ/കേന്ദ്രഭരണ പ്രദേശങ്ങൾ എന്നിവിടങ്ങളിലെ റവന്യൂ വകുപ്പ് മന്ത്രിമാരും റവന്യൂ-സെറ്റിൽമെൻറ് കമ്മീഷണർമാരും സർവെ ഡയറക്ടർമാരും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും ഭൂമി കോൺക്ലേവിന്റെ ഭാഗമാകും.
കോൺക്ലേവിൽ ഭൂഭരണത്തിലെ ഏറ്റവും പുതിയ സാങ്കേതികവിദ്യകളും അനുഭവങ്ങളും കേരളത്തിന്റെ നേട്ടങ്ങളെ മുൻനിർത്തി വിവിധ സെഷനുകളിൽ അവതരിപ്പിക്കും. അന്തർദേശീയ, ദേശീയ തലങ്ങളിലെ വിദഗ്ദ്ധർ ഈ സെഷനുകളിൽ പങ്കെടുക്കും. കേരളത്തിന്റെ വിപ്ലവകരമായ 'എന്റെ ഭൂമി' പോർട്ടൽ ഉൾപ്പെടെയുള്ള നേട്ടങ്ങൾ ആഗോള, ദേശീയ തലങ്ങളിൽ ഉയർത്തിക്കാട്ടുന്നതിനൊപ്പം, സംസ്ഥാനത്തെ രണ്ടാം ഭൂപരിഷ്കരണ മുന്നേറ്റത്തിലേക്ക് നയിക്കുന്ന സാങ്കേതിക, ഭരണ നേട്ടങ്ങളും ചർച്ചാ വിഷയമാകും.
ഓൺലൈൻ ഭൂപരിപാലനം, എൻഡ് ടു എൻഡ് ഡിജിറ്റൽ സർവെ,അതിവേഗ വിവര ലഭ്യതയും പരാതി പരിഹാരവും, ഏകജാലക സേവന സംവിധാനം, എല്ലാ ഭൂമി ഇടപാടുകളിലും ഡിജിറ്റൽ പ്രീ മ്യൂട്ടേഷൻ സ്കെച്ച്, ഓട്ടോ മ്യൂട്ടേഷൻ ഭൂമി ഇടപാടുകൾ, ആധികാരികവും സുതാര്യവുമായ ഭൂരേഖകൾ, കൈവശ അതിർത്തികൾക്ക് ഡിജിറ്റൽ സംരക്ഷണം, ടെംപ്ലേറ്റ് ആധാരമാക്കിയുള്ള ഭൂമിയുടെ രജിസ്ട്രേഷൻ, പൂർണ്ണമായ ഓൺലൈൻ ഭൂമി ഇടപാടുകൾ എന്നീ വിഷയങ്ങളിലാകും സെമിനാറുകൾ നടക്കുക.
കോൺക്ലേവിനോടനുബന്ധിച്ച് നടക്കുന്ന ഡിജിറ്റൽ സർവേ എക്സ്പോ ഭൂഭരണരംഗത്തെ മികച്ച സംവിധാനങ്ങൾ, രീതികൾ, മുന്നേറ്റങ്ങൾ, സാങ്കേതികപരമായ പുതിയ സാധ്യതകൾ എന്നിവ പ്രദർശിപ്പിക്കും. കോൺക്ലേവിന്റെ അവസാന ദിവസം വിവിധ ജില്ലകളിൽ നടക്കുന്ന ഫീൽഡ് സന്ദർശനം, സംസ്ഥാനത്ത് മൂന്നാം ഘട്ടത്തിലേക്ക് കടന്ന ഡിജിറ്റൽ സർവേ പ്രവർത്തനങ്ങൾ നേരിൽ കാണാനും, ഉദ്യോഗസ്ഥരുമായും മറ്റ് പങ്കാളികളുമായും സംവദിക്കാനും, പൊതുജന കേന്ദ്രീകൃതമായ ജനകീയ സർവേ നടപടികൾ അടുത്തറിയാനും അവസരമൊരുക്കും.
എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിയ്ക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട് എന്ന ലക്ഷ്യത്തോടെ തുടങ്ങിയ സംസ്ഥാനത്തെ ഡിജിറ്റൽ സർവെ റവന്യൂ, സർവെ, രജിസ്ട്രേഷൻ വകുപ്പുകളെ ഒറ്റ പ്ലാറ്റ്ഫോമിൽ സംയോജിപ്പിച്ച് കാര്യക്ഷമതയുള്ള ഭൂമാനേജ്മെന്റിന് വഴിയൊരുക്കി. ഇതിന്റെ ഭാഗമായി ഇന്ത്യയിലെ തന്നെ ആദ്യത്തെ സമ്പൂർണ ഡിജിറ്റൽ ലാന്റ് ഇൻഫർമേഷൻ മാനേജ്മെന്റ് സിസ്റ്റം 'എന്റെ ഭൂമി' സംസ്ഥാനം പ്രാവർത്തികമാക്കി. ഭൂമിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും സേവനങ്ങളും ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലേക്ക് മാറ്റുന്ന ഈ പ്രക്രിയ, സുതാര്യവും കാര്യക്ഷമവുമായ ഭൂമി ഭരണം ഉറപ്പാക്കും.
സംസ്ഥാനത്ത് ഡിജിറ്റൽ സർവെ പദ്ധതിയുടെ ഭാഗമായി മൂന്ന് ഘട്ടങ്ങളിലായി 490 വില്ലേജുകളിൽ ഫീൽഡ് സർവെ അരംഭിച്ചു. ഇതിൽ 311 വില്ലേജുകളിൽ ഫീൽഡ് സർവെ പൂർത്തിയാക്കുകയും, 179 വില്ലേജുകളിൽ സർവെ ജോലികൾ ത്വരിതഗതിയിൽ പുരോഗമിക്കുകയാണ്. പദ്ധതിയുടെ ഭാഗമായി 53.62 ലക്ഷം ലാന്റ് പാഴ്സലുകളിലായി 7.31 ലക്ഷം ഹെക്ടർ സ്ഥലത്തിന്റെ സർവെ പൂർത്തിയായി കഴിഞ്ഞു. ഡിജിറ്റൽ റീ സർവെ പൂർത്തിയായ വില്ലേജുകളിൽ നവംബർ മാസം മുതൽ ഭൂസംബന്ധമായ വിവരങ്ങൾ അടങ്ങുന്ന ഒരു ഡിജിറ്റൽ റവന്യൂ കാർഡ് പുറത്തിറക്കും. അധികരിച്ച ഭൂമിയുടെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുന്നതിന് സഹായിക്കുന്ന സെറ്റിൽമെന്റ് ആക്ട് നടപ്പാക്കും.
സുതാര്യവും ജനകീയവുമായ ഭൂരേഖാ പരിപാലനം, സാമൂഹ്യനീതിയിൽ അധിഷ്ഠിതമായ ഭൂവിതരണം എന്നിവ ഉറപ്പാക്കുന്നതിനും, മൂന്നാം ഘട്ട ഭൂപരിഷ്കരണ മുന്നേറ്റത്തിലേക്ക് കേരളത്തെ നയിക്കുന്നതിനും ഈ കോൺക്ലേവ് പുതിയ ഊർജ്ജവും ദിശാബോധവും പകരും.
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2025-06-24 18:18:38
ലേഖനം നമ്പർ: 1784