ലഹരി ഉപയോഗം എന്ന വലിയ സാമൂഹിക വെല്ലുവിളിക്കെതിരെ ആഗോളതലത്തിൽ ജാഗ്രതയും പ്രതിരോധവും ഉറപ്പുവരുത്തി, ലഹരിമുക്ത ലോകം രൂപപ്പെടുത്തുന്ന ദൗത്യത്തോടെ ജൂൺ 26-ന്  അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനം (International Day Against Drug Abuse and Illicit Trafficking) ആചരിക്കുന്നു. 1987-ൽ ഐക്യരാഷ്ട്രസഭ ഔദ്യോഗികമായി അംഗീകരിച്ച ഈ ദിനം, ലഹരി ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം വളർത്തുന്നതിനും, ലഹരി വ്യാപാരത്തിനെതിരായ നിയമനടപടികൾ ശക്തമാക്കുന്നതിനും ഉപയോഗപ്പെടുത്തുന്നു. 'The evidence is clear: invest in prevention. Break the cycle . #StopOrganizedCrime' എന്നതാണ് ഈ വർഷത്തെ ലഹരിവിരുദ്ധ ദിനത്തിന്റെ പ്രമേയം.

പൊതുജനങ്ങളുടെ മാനസികവും സാമൂഹികവുമായ സമഗ്ര വികസനത്തെ പ്രതിസന്ധിയിലാക്കുന്ന ലഹരി ഉപയോഗത്തിനെതിരേ, ലഹരിമുക്ത കേരളം ലക്ഷ്യമാക്കി സംസ്ഥാന സർക്കാർ വ്യാപകവും ഏകീകൃതവുമായ കർമ്മപരിപാടികൾ രൂപീകരിച്ച് നടപ്പിലാക്കുന്നു. സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ലഹരിവിരുദ്ധ പോരാട്ടം  'നോ ടു ഡ്രഗ്‌സ്'  ക്യാമ്പയിൻ അഞ്ചാം ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. 2026 ജനുവരി 30 വരെ നീണ്ടു നിൽക്കുന്ന ക്യാമ്പയിനാണിത്. കേരളത്തിന്റെ ലോകശ്രദ്ധയാകർഷിച്ച സാമൂഹ്യ വികസനമാതൃക നിലനിർത്തുന്നതിന്, യുവതലമുറയെ   മാനസികമായും  ശാരീരികവുമായും പരിപോഷിപ്പിച്ച്  നവകേരളനിർമിതിയുടെ ചാലകശക്തികളായി മാറ്റുക എന്നത് കാലഘട്ടത്തിന്റെ അനിവാര്യതയായി മാറിയ പശ്ചാത്തലത്തിലാണ് ലഹരി ഉപയോഗം തടഞ്ഞ്, കേരളത്തിലെ കുട്ടികളുടെയും യുവാക്കളുടെയും മാനസികാരോഗ്യം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ വിവിധ കർമ്മ പരിപാടികൾക്ക് സർക്കാർ രൂപം നൽകിയത്.

അഞ്ചാം ഘട്ട ക്യാമ്പയിനിന്റെ ഭാഗമായി മയക്കുമരുന്നിനെതിരെ സംസ്ഥാനത്തുടനീളം 'ആർട്ട് ഡിക്ഷൻ ദി വേ ഓഫ് ഇൻസ്പിറേഷൻ' പ്രോഗ്രാം, എന്റെ കുടുംബം ലഹരിമുക്ത കുടുംബം, നേർവഴി പദ്ധതി, കോളേജ് പ്രൊട്ടക്ഷൻ ഗ്രൂപ്പ് (CPG ) കേരള പോലീസ് , ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് പുസ്തകങ്ങൾ തുടങ്ങിയ പരിപാടികൾ നടപ്പാക്കും. 

ആർട്ട് ഡിക്ഷൻ -ദി വേ ഓഫ് ഇൻസ്പിറേഷൻ

ഉന്നത വിദ്യാഭ്യാസവകുപ്പ്, എക്‌സൈസ് വകുപ്പ്, വിവിധ ഏജൻസികൾ, ചലച്ചിത്രപ്രവർത്തകർ, ഇൻഫ്ളുവൻസർമാർ എന്നിവർ പങ്കുചേരുന്നു. യുവജനങ്ങൾ മയക്കുമരുന്നിന്റെ വിപത്തുകൾ മനസിലാകുന്നതിനും മയക്കുമരുന്ന് വിരുദ്ധ ബോധവത്ക്കരണം ആശയമാക്കിയുള്ള പ്രചാരണങ്ങൾക്കായി മ്യൂസിക് ബാൻഡ്, ഫ്ലാഷ് മൊബ്, റീൽസ്, ഗ്രാഫിറ്റി വാൾ തുടങ്ങിയ മത്സരങ്ങൾ കോളജ് തലത്തിൽ സംഘടിപ്പിക്കും. 

മയക്കുമരുന്ന് വിമുക്ത കുടുംബം

തദ്ദേശ്വസ്വയംഭരണം, സാംസ്ക്കാരികം, കുടുംബശ്രീ, പോലീസ്, എക്സൈസ് എന്നീ വകുപ്പുകളുടെ മേൽനോട്ടത്തിൽ മയക്കുമരുന്ന് വിരുദ്ധ പ്രവർത്തനങ്ങൾ കാഴ്ചവെയ്ക്കുന്നതും. മൂന്നു മാസത്തിനുള്ളിൽ പരമാവധി കുടുംബങ്ങളെ മയക്കുമരുന്ന് വിമുക്തമാക്കുകയും ചെയ്യുന്ന റസിഡൻറ്‌സ് അസോസിയേഷനുകൾക്ക് താലൂക്ക് അടിസ്ഥാനത്തിൽ സമ്മാനം നൽകും. 

നേർവഴി പദ്ധതി

മയക്കുമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ കുറയ്ക്കുന്നതിന് സാമൂഹ്യനീതിവകുപ്പ് വിവിധ വകുപ്പുകളുടെ സഹകരണത്തോടെ നടപ്പാക്കുന്ന സാമൂഹ്യ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഓരോ ജില്ലയിലും മയക്കുമരുന്നിന് അടിമപ്പെട്ട 50 പേരെ പുനരധിവസിപ്പിക്കും. 

ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് തയ്യാറാക്കിയ പുസ്‌തകങ്ങൾ
 
കുട്ടികളുടെ വായനാശീലം പ്രോത്സാഹിപ്പിക്കുന്നതിനും മയക്കുമരുന്നിനെതിരെ ബോധവാന്മാരാക്കുന്നതിനുമായി നോവൽ, വൈജ്ഞാനികം, കഥ, നാടകം, ശാസ്ത്രം എന്നീ മേഖലകളിൽ ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് പുസ്‌തകങ്ങൾ തയ്യാറാക്കി. കൂടാതെ സ്‌കൂൾ കോളേജ് തലത്തിൽ എൻ.എസ്.എസ്സ്, എസ്.പി.സി, ലഹരിവിരുദ്ധ ക്ലബ്ബുകൾ എന്നിവരുടെ ആഭിമുഖ്യത്തിൽ ലഹരിവിരുദ്ധ റാലി സംഘടിപ്പിക്കും. തദ്ദേശ സ്വയംഭരണ വകുപ്പിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും ആഭിമുഖ്യത്തിൽ ഹൈസ്‌കൂൾ, ഹയർസെക്കണ്ടറി സ്‌കൂൾ തലങ്ങളിൽ സ്‌കൂൾ പാർലമെന്റ് സംഘടിപ്പിക്കും. 'ലഹരിമുക്ത സുരക്ഷിത വിദ്യാലയം കുട്ടികളുടെ അവകാശം' എന്ന പ്രമേയം അവതരിപ്പിക്കും. സംസ്ഥാനത്തെ എല്ലാ സർക്കാർ ഓഫീസുകളിലും പൊതുഇടങ്ങളിലും ലഹരി വിരുദ്ധ പ്രതിജ്ഞയെടുക്കും. 

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ, സംസ്ഥാനത്തുടനീളം സ്കൂൾ തലത്തിൽ ലഹരി വിരുദ്ധ ക്യാമ്പയിനുകൾ ശക്തമായി നടപ്പിലാക്കും. ലഹരി വസ്തുക്കളുടെ ഉപയോഗവും ആസക്തിയും തടയാൻ ലക്ഷ്യമിട്ടുള്ള പ്രവർത്തന പദ്ധതികൾ ഇതിന്റെ ഭാഗമാണ്. ലഹരി വിരുദ്ധ ബോധവത്കരണവും, ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്ന പിന്തുണാ സംവിധാനങ്ങളുമാണ് ക്യാമ്പയിനുകളുടെ മുഖ്യ ഘടകങ്ങൾ. വിദ്യാർത്ഥികൾ, അധ്യാപകർ, രക്ഷിതാക്കൾ എന്നിങ്ങനെ എല്ലാവരുടെയും പങ്കാളിത്തമുറപ്പാക്കിയാണ് പ്രവർത്തനങ്ങൾ. 

ജാഗ്രതാ പ്രവർത്തനങ്ങൾ സ്കൂൾ തലത്തിൽ കാര്യക്ഷമമായി നടപ്പിലാക്കുന്നതിനായി, പൊതു വിദ്യാഭ്യാസ വകുപ്പ് സ്‌പഷ്ടമായ മാർഗ്ഗരേഖകൾ വിദ്യാലയങ്ങൾക്ക് നൽകിയിട്ടുണ്ട്. ലഹരിയുടെ ദൂഷ്യഫലങ്ങളെക്കുറിച്ചുള്ള ബോധവത്കരണ പരിപാടികളിൽ രക്ഷിതാക്കളെയും ഉൾപ്പെടുത്തുന്ന രീതിയിൽ പരിശീലന മോഡ്യൂളുകൾ തയ്യാറാക്കിയിട്ടുണ്ട്. കുട്ടികളിൽ നിന്ന് ഇത്തരം സാമൂഹിക വിപത്തുകൾക്കുള്ള പ്രതിരോധശക്തി വളർത്തുന്നതിനായി പാഠ്യപദ്ധതികളിലും സാമൂഹിക വിഷയങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. കൗമാര വിദ്യാഭ്യാസത്തിൽ പ്രത്യേക ഊന്നൽ നൽകിക്കൊണ്ട് ആരോഗ്യപരമായ ജീവിതശൈലി വളർത്തുന്നതിനായി എസ്.സി.ഇ.ആർ.ടി. പ്രത്യേക പുസ്തകങ്ങൾ തയ്യാറാക്കി.കുട്ടികളിൽ ലഹരി ഉപയോഗം തിരിച്ചറിയാനും പ്രാഥമിക കൗൺസിലിംഗ് നൽകാനും അധ്യാപകരെ പ്രാപ്തരാക്കുന്ന പരിശീലന പരിപാടികൾ ആരംഭിച്ചുകഴിഞ്ഞു. ഇത്തരമൊരു വിദ്യാലയ ഇടപെടൽ, പ്രശ്നങ്ങൾ നേരത്തെ തിരിച്ചറിയാനും ആവശ്യമായ ഇടപെടലുകൾക്കും സഹായകരമാകും. 

ലഹരിക്കെതിരെ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുന്നതിനും, കുട്ടികളെ നിരീക്ഷിക്കുന്നതിനുമായി സ്‌കൂളിൽ എക്‌സൈസിന്റെ സഹായത്തോടെ ആന്റി നർകോട്ടിക് ക്ലബുകൾ, തെരഞ്ഞെടുക്കപ്പെട്ട സ്‌കൂളുകളിൽ ജാഗ്രത ബ്രിഗേഡ് എന്ന രീതിയിൽ മുപ്പത് മുതൽ അമ്പത് വരെ കുട്ടികളുടെ ഗ്രൂപ്പ് രൂപപ്പെടുത്തി പ്രവർത്തനങ്ങൾ, മയക്കുമരുന്ന് സംബന്ധമായ പ്രശ്‌നങ്ങളിൽ പിയർ ഗ്രൂപ്പ് സഹായത്തോടെ സമീപനം നടത്തുക, ട്രിഗർ ക്ലസ്റ്ററുകളും ക്യാമ്പസ് കമ്മ്യൂണിറ്റി വില്ലേജിലെ മയക്കുമരുന്ന് പ്രചാരണത്തെക്കുറിച്ചുള്ള കമ്മ്യൂണിറ്റി സംവാദങ്ങൾ  സംഘടിപ്പിക്കുന്ന വർജ്യം പാർലമെന്റ് തുടങ്ങിയ പരിപാടികൾ നടത്തും. 

ഹയർസെക്കൻഡറി തലത്തിൽ വിദ്യാർത്ഥികളുടെ സർഗ്ഗശേഷിയും വ്യക്തിത്വവികാസവും ലക്ഷ്യമിട്ട് 'ജീവിതോത്സവം 2025' എന്ന പേരിൽ 21 ദിവസത്തെ വിപുലമായ പരിപാടികൾ ആവിഷ്കരിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി പ്രവർത്തനാധിഷ്ഠിതവും പരിവർത്തനോന്മുഖവുമായ ചലഞ്ചുകളുടെ രൂപത്തിൽ വിവിധ പ്രവർത്തനങ്ങൾ 21 ദിനങ്ങളിലായി സംഘടിപ്പിക്കും. പരിപാടിയുടെ സമാപനവേളയിൽ  'ജീവിതോത്സവം2025' എന്ന പേരിൽ  സ്റ്റേറ്റ് ഇന്റഗ്രേഷൻ കാർണിവൽ സംഘടിപ്പിക്കും. സ്കൂളുകളിൽ ലഭ്യമായ പരാതികൾ ആഴ്ചയിലൊരിക്കൽ പ്രധാനാധ്യാപകന്റെ നേതൃത്വത്തിൽ പരിശോധിച്ച് നടപടി സ്വീകരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ലഹരി ഉപയോഗം ശ്രദ്ധയിൽപെടുന്ന സാഹചര്യങ്ങളിൽ റിപ്പോർട്ട് ചെയ്യുന്നതിനുള്ള കൃത്യമായ മാർഗ്ഗനിർദ്ദേശങ്ങളും അധ്യാപകർക്ക് നൽകപ്പെട്ടിട്ടുണ്ട്. കുട്ടികളുടെ ശരീരശേഷി വികസിപ്പിക്കാൻ 'സുംബ' പോലുള്ള വ്യായാമമുറകളും പരിചയപ്പെടുത്തും.

ലഹരിയ്‌ക്കെതിരെ ഉന്നതവിദ്യാഭ്യാസ വകുപ്പ് ബോധപൂർണ്ണിമ എന്ന പേരിൽ സംസ്ഥാനതല കർമ്മ പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്. ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള വിവിധ സർവ്വകലാശാലകളോട് അഫിലിയേറ്റ് ചെയ്ത കലാലയങ്ങളിലും കോളേജ് വിദ്യാഭ്യാസ ഡയറക്ടറേറ്റിനു കീഴിലുള്ള കലാലയങ്ങളിലും ബോധപൂർണ്ണിമ പ്രവർത്തനങ്ങൾ നടപ്പാക്കും. ഫ്ലാഷ് മോബുകൾ, ലഹരി വിരുദ്ധ സത്യവാങ്മൂലം, 'No To Drugs' സോഷ്യൽ മീഡിയ ക്യാമ്പയിനുകൾ, സാഹിത്യ-കലാ പരിപാടികൾ, ആസാദ് സേന (എൻ.എസ്.എസ്.), വിമുക്തി ക്ലബ്ബുകൾ,  ശ്രദ്ധ, നേർക്കൂട്ടം പരിപാടികൾ, ജാഗ്രതാ സമിതികൾ, സംവാദ പരിപാടികൾ, ഹോസ്റ്റലുകളിൽ ക്ലബ്ബുകൾ, രചനാ മത്സരങ്ങൾ, പരിശീലന പരിപാടികൾ തുടങ്ങിയ പ്രവർത്തനങ്ങൾ ബോധപൂർണ്ണിമ കർമ്മപദ്ധതിയുടെ  ഭാഗമായി നടത്തും.  

കൂടാതെ മദ്യവർജ്ജനത്തിന് ഊന്നൽ നൽകിയും മയക്കുമരുന്നുകളുടെ ഉപയോഗം പൂർണ്ണമായും ഇല്ലാതാക്കുവാനും ലക്ഷ്യമിട്ടാണ് എക്സൈസ് നടപ്പാക്കുന്ന വിമുക്തി പ്രവർത്തനങ്ങൾ, ഓപ്പറേഷൻ ഡി-ഹണ്ട് തുടങ്ങിയ ബോധവൽക്കരണ മിഷൻ പ്രവർത്തങ്ങളും കൂടുതൽ ശക്തിപ്പെടുത്തും. 

ബോധവത്കരണവും പ്രതിരോധവും സംവാദവും പങ്കാളിത്തവുമാണ് ഈ ക്യാമ്പയിനുകളുടെ അടിസ്ഥാനം. ആസാദ് സേന, ബോധപൂർണ്ണിമ, ജീവിതോത്സവം, ജാഗ്രതാ ബ്രിഗേഡുകൾ, വിമുക്തി ക്ലബ്ബുകൾ എന്നിവയിലൂടെ വിവിധ തലങ്ങളിൽ ശ്രദ്ധേയമായ മാറ്റങ്ങൾ ഉറപ്പാക്കാൻ സാധിക്കും. ലഹരിവിപത്ത് നേരിടാൻ നിയമപരമായും വിദ്യാഭ്യാസപരമായും സാമൂഹികപരമായും ഏകോപിതമായ സമീപനം സ്വീകരിക്കുന്ന സംസ്ഥാന സർക്കാർ, വിദ്യാർത്ഥികളിലും യുവജനങ്ങളിലും ആത്മബോധം വളർത്തിയും, സമൂഹത്തിന്റെ എല്ലാ മേഖലയിലും പങ്കാളിത്തം ഉറപ്പാക്കിയും, ലഹരിമുക്തകേരളം എന്ന ദൗത്യത്തിലേക്ക് ആത്മവിശ്വാസത്തോടെ മുന്നേറുകയാണ്.

ലഹരി ഉപയോഗങ്ങൾ റിപ്പോർട്ട് ചെയ്യാൻ 

9995966666 : യോദ്ധാവ് (വാട്സാപ്പ് )
14405 :വിമുക്തിയുടെ സൗജന്യ കൗൺസിലിംഗ് സെന്റർ
1090 : ജില്ല നാർക്കോട്ടിക് സെന്റർ
1098 : ചൈൽഡ് ലൈൻ
112: പൊലീസ് ഹെല്പ് ലൈൻ

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2025-06-26 14:32:50

ലേഖനം നമ്പർ: 1785

sitelisthead