കേരളത്തിന്റെ വികസന ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ച്, ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്‌നർ കപ്പലായ എംഎസ്‌സി ഐറിന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് നങ്കൂരമിട്ടു. 24,346TEU കണ്ടെയ്‌നർ വാഹക ശേഷിയുള്ള ഈ കൂറ്റൻ ചരക്ക്‌ കപ്പലിന്റെ വരവ്, ആഗോള ചരക്കുനീക്ക ഭൂപടത്തിൽ വിഴിഞ്ഞം തുറമുഖത്തിന്റെ പ്രാധാന്യം അടിവരയിടുന്നു.

രാജ്യത്തെ ആദ്യത്തെ ട്രാൻസ്ഷിപ്‌മെന്റ് തുറമുഖമായി വിഴിഞ്ഞം കമ്മീഷൻ ചെയ്ത് ഒരു മാസം തികയുന്നതിന് മുൻപാണ് എംഎസ്‌സി ഐറിനയുടെ ഈ ചരിത്രപരമായ വരവ്. ദക്ഷിണേഷ്യയിൽ ആദ്യമായി ഇത്രയും വലിയ ചരക്ക് കപ്പൽ അടുക്കുന്നത് വിഴിഞ്ഞത്താണെന്നത് സംസ്ഥാനത്തിന്റെ വലിയ നേട്ടമാണ്. എംഎസ്സിയുടെ ജെയ്ഡ് സര്‍വീസില്‍ ഉള്‍പ്പെടുന്ന ഐറിനക്ക് 399.9 മീറ്റർ നീളവും 61.3 മീറ്റർ വീതിയുമുണ്ട്. ഇത് നാല് ഫുട്‌ബോൾ സ്റ്റേഡിയങ്ങളെക്കാൾ വലുതാണ്. ലൈബീരിയന്‍ ഫ്‌ലാഗുള്ള ഐറിന 2023 ല്‍ നിര്‍മിച്ച് നീറ്റിലിറക്കിയതാണ്. 22 നില കെട്ടിടത്തിന്റെ ഉയരമുള്ള നിര്‍മിതിയാണ്. 

എംഎസ്‌സി ഐറിനയുടെ ക്യാപ്‌റ്റൻ മലയാളി ആണെന്നതും ശ്രദ്ധേയമാണ്. സിംഗപ്പൂരിൽ നിന്ന് കഴിഞ്ഞ മാസം 29-ന് പുറപ്പെട്ട കപ്പൽ, കണ്ടെയ്‌നറുകൾ ഇറക്കിയ ശേഷം യൂറോപ്പിലേക്ക് തിരിക്കും. ലോകത്തെ ഏറ്റവും വലിയ കണ്ടെയ്‌നര്‍ കപ്പലുകളാണ് മെഡിറ്റേറിയന്‍ ഷിപ്പിങ്ങ് കമ്പനിയുടെ ഐറിന സീരീസിലുള്ളത്. ഇതില്‍ ഉള്‍പ്പെട്ട എംഎസ്‌സി തുര്‍ക്കി, മിഷേല്‍ എന്നിവയും നേരത്തെ വിഴിഞ്ഞം തുറമുഖത്തെത്തിയിരുന്നു. ആഗോള ഷിപ്പിംഗ് രംഗത്ത് വിഴിഞ്ഞം തുറമുഖത്തിന്റെ വളരുന്ന സ്വാധീനത്തെയും കേരളത്തിന്റെ സാമ്പത്തിക വികസനത്തിന് ഇത് നൽകുന്ന കുതിപ്പിനെയും അടയാളപ്പെടുത്തുന്നതാണ് ഇത്തരത്തിലുള്ള ഭീമൻ കപ്പലുകളുടെ സാന്നിധ്യം.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2025-06-10 19:13:09

ലേഖനം നമ്പർ: 1777

sitelisthead