മുഴുവൻ തൊഴിലന്വേഷകർക്കും യോജിച്ച തൊഴിൽ ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ ഗ്രാമസഭകളുടെ മാതൃകയിൽ നടപ്പിലാക്കുന്ന പദ്ധതിയാണ് തൊഴിൽ സഭ. ഗ്രാമസഭകളുടെ മാതൃകയിൽ അതത്‌ തദ്ദേശസ്ഥാപനത്തിലെ തൊഴിലന്വേഷകരുടെ സഭ രൂപീകരിച്ച്‌ വിവിധ വകുപ്പുകളിലെ അവസരം അതത്‌ പ്രദേശങ്ങളിലുള്ളവർക്ക്‌ ഉറപ്പാക്കാനാണ്‌ തൊഴിൽ സഭ രൂപീകരിക്കുന്നത്‌. 4 വർഷത്തിനകം അഭ്യസ്തവിദ്യരായ 20 ലക്ഷം പേർക്ക് തൊഴിൽ നൽകുകയാണ് ലക്‌ഷ്യം. പഞ്ചായത്ത്‌, നഗരസഭ, കോർപറേഷൻ തലങ്ങളിൽ തൊഴിലന്വേഷകരുടെ എണ്ണത്തിനനുസരിച്ച്‌ ഒരു സഭയിൽ പരമാവധി 250 അംഗങ്ങളെന്ന നിലയിൽ സഭ രൂപീകരിക്കും.

കെ ഡിസ്ക് കുടുംബശ്രീയുമായി ചേർന്ന് എൻ്റെ തൊഴിൽ എൻ്റെ അഭിമാനം പദ്ധതിയുടെ ഭാഗമായി നടത്തിയ സർവ്വേയിൽ 53 ലക്ഷം തൊഴിൽ അന്വേഷകർ ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ ലിസ്റ്റിൽ നിന്നും 22 – 40 വയസിനിടയിലുള്ള 29 ലക്ഷത്തോളം പേരെ കെ ഡിസ്ക് തയ്യാറാക്കിയിട്ടുള്ള ഡിജിറ്റൽ വർക്ക് ഫോഴ്സ് മാനേജ്മെൻ്റ് സിസ്റ്റത്തിലേക്ക് രജിസ്റ്റർ ചെയ്യും. ഇതിൽനിന്നും 20 ലക്ഷം പേരെ ആവശ്യമായ പരിശീലനം നൽകി തൊഴിലിലേക്ക് എത്തിക്കുകയാണ് ലക്‌ഷ്യം. സർവേയിൽ കണ്ടെത്തിയ 53 ലക്ഷം തൊഴിലന്വേഷകരെയും തൊഴിൽ സഭകളിൽ അംഗമാക്കും. 

തൊഴിൽ സഭകൾ രൂപീകരിക്കുന്നതിൻ്റെ ഭാഗമായി 19,555 കുടുംബശ്രീ ഓക്സിലറി ഗ്രൂപ്പുകളെ  ഷി സ്റ്റാർട്ട് ഗ്രൂപ്പുകളാക്കും. തൊഴിൽ സഭയോടൊപ്പം വ്യവസായ വകുപ്പിൻ്റെ നേതൃത്വത്തിൽ നടത്തിവരുന്ന ഒരു വർഷം ഒരു ലക്ഷം സംരംഭകർ പദ്ധതി കൂടി യോജിപ്പിച്ച് ഒരു പഞ്ചായത്തിൽ 20 വനിത സംരംഭങ്ങളെങ്കിലും ആരംഭിക്കാനും പദ്ധതി ലക്ഷ്യമിടുന്നു.

തൊഴിൽ സഭകളിൽ സ്‌ത്രീകൾക്ക്‌ തൊഴിൽ കണ്ടെത്താൻ പ്രത്യേക പരിഗണന നൽകും. വിവാഹത്തെ തുടർന്ന്‌ തൊഴിൽ പോയവർ, വിധവകൾ, പിരിഞ്ഞു താമസിക്കുന്നവർ തുടങ്ങിയവർക്ക്‌ പ്രഥമപരിഗണന നൽകും. ട്രാൻസ്‌ജെൻഡർ, അംഗപരിമിതർ, ആദിവാസികൾ തുടങ്ങിയവർക്ക്‌ തൊഴിൽ ഉറപ്പാക്കും
 

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2022-08-29 18:26:28

ലേഖനം നമ്പർ: 736

sitelisthead