ഒക്ടോബർ 16 ലോക ഭക്ഷ്യദിനാഘോഷങ്ങളുടെ ഭാഗമായി, കേരളത്തിന്റെ പൊതുവിതരണ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ സൃഷ്ടിച്ച സപ്ലൈകോയുടെ ശ്രദ്ധേയമായ നേട്ടങ്ങളടങ്ങിയ പഠന റിപ്പോർട്ട് പുറത്തിറക്കി സർക്കാർ. ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ സപ്ലൈകോ നൽകുന്ന നിർണായക സംഭാവനകൾ വ്യക്തമാക്കുന്ന 'Supplyco & the UN SDGs: An Institutional Impact Assessment' (സപ്ലൈകോയും ഐക്യരാഷ്ട്രസഭയുടെ സുസ്ഥിരവികസന ലക്ഷ്യങ്ങളും) എന്ന പഠന റിപ്പോർട്ടാണ് പുറത്തിറക്കിയത്. റേഷൻ വിതരണ സംവിധാനത്തിനപ്പുറം, ഭക്ഷ്യസുരക്ഷ, വിലക്കയറ്റം തടയൽ, കാർഷിക മേഖലയ്ക്കും ചെറുകിട സംരംഭങ്ങൾക്കും പിന്തുണ നൽകൽ എന്നിവയിലൂടെയുളള സമഗ്രമായ വികസന മാതൃകയാണ് സപ്ലൈകോയിലൂടെ കേരളം നടപ്പിലാക്കുന്നത്. ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളുമായി (UN SDGs) സപ്ലൈകോ പ്രവർത്തനങ്ങളെ ബന്ധപ്പെടുത്തിക്കൊണ്ടുള്ള ആദ്യ ഔദ്യോഗിക പഠന റിപ്പോർട്ടാണിത്.   

കേരളത്തിലെ സാധാരണക്കാരായ ജനങ്ങളുടെ ജീവിതനിലവാരത്തിലും സാമ്പത്തിക സുരക്ഷിതത്വത്തിലും സപ്ലൈകോ വരുത്തുന്ന മാറ്റങ്ങൾ വ്യക്തമായ കണക്കുകളുടെ അടിസ്ഥാനത്തിലാണ് പഠനവിധേയമാക്കിയത്. തിരുവനന്തപുരം ജില്ലയിലെ 1,380 കുടുംബങ്ങൾ, പാലക്കാട് ജില്ലയിലെ 317 കർഷകർ, സപ്ലൈകോയുമായി ചേർന്ന് പ്രവർത്തിക്കുന്ന 29 വ്യാപാരികൾ എന്നിവരിൽ നിന്നാണ് പഠനത്തിനായുള്ള വിവരങ്ങൾ ശേഖരിച്ചത്. ഐക്യരാഷ്ട്രസഭയുടെ പ്രധാനപ്പെട്ട നാല് സുസ്ഥിര വികസന ലക്ഷ്യങ്ങളിലേക്കുള്ള സപ്ലൈകോയുടെ സംഭാവനകളാണ് റിപ്പോർട്ട് പ്രാഥമികമായി വിലയിരുത്തുന്നത്.

1. ദാരിദ്ര്യ നിർമ്മാർജ്ജനം  (SDG 1)

സപ്ലൈകോയുടെ സബ്‌സിഡി നിരക്കിലുള്ള അവശ്യസാധനങ്ങളുടെ വിതരണം പൊതുവിപണിയേക്കാൾ 20 മുതൽ 60 ശതമാനം വരെ വിലക്കുറവിലാണ് ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്നത്. ഇത് കുടുംബങ്ങളുടെ പ്രതിമാസ ചെലവ് ഗണ്യമായി കുറയ്ക്കുകയും പണപ്പെരുപ്പത്തിന്റെ ആഘാതത്തിൽ നിന്ന് സാധാരണക്കാരെ സംരക്ഷിക്കുകയും ചെയ്യുന്നു. 

2 ഭക്ഷ്യസുരക്ഷ (SDG 2)

തടസ്സമില്ലാത്ത ഭക്ഷ്യലഭ്യതയും പോഷകാഹാര സുരക്ഷയും ഉറപ്പാക്കാൻ സപ്ലൈകോ വഴി സാധിക്കുന്നു. അരി, ചെറുപയർ, വെളിച്ചെണ്ണ ഉൾപ്പെടെയുള്ള 13 ഇനങ്ങൾ അടങ്ങിയ സബ്‌സിഡി ബാസ്കറ്റ് വഴി പൗരന്മാരുടെ നിത്യേനയുള്ള പോഷകാഹാര ലഭ്യതയും കലോറി സുരക്ഷയും ഉറപ്പാക്കാൻ സപ്ലൈകോയ്ക്ക് സാധിക്കുന്നുണ്ട്.  

3. മാന്യമായ തൊഴിലും സാമ്പത്തിക വളർച്ചയും (SDG 8)

കാർഷിക മേഖലയിലും ചെറുകിട വ്യവസായങ്ങളിലും സപ്ലൈകോയുടെ ഇടപെടൽ നിർണ്ണായകമാണ്. പാലക്കാട് ജില്ലയിലെ നെൽക്കർഷകർ ഉൾപ്പെടെയുള്ളവർക്ക് കൃത്യസമയത്ത് താങ്ങുവില ഉറപ്പാക്കാനും, ഇടനിലക്കാരുടെ ചൂഷണം ഒഴിവാക്കാനും സപ്ലൈകോയുടെ നെല്ല് സംഭരണ സംവിധാനത്തിന് സാധിക്കുന്നു. പാഡി റെസിപ്റ്റ് ഷീറ്റ് വഴിയുള്ള പലിശരഹിത വായ്പാ സൗകര്യം കർഷകരുടെ സാമ്പത്തിക ഭാരം കുറയ്ക്കുന്നു. കൂടാതെ, ഒട്ടനവധി സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങൾക്ക് സ്ഥിരമായ വിപണിയും സുസ്ഥിരമായ തൊഴിൽ സാഹചര്യങ്ങളും ഒരുക്കുന്നതിൽ സപ്ലൈകോ മുഖ്യപങ്ക് വഹിക്കുന്നുണ്ട്.  

4. അസമത്വങ്ങൾ ലഘൂകരിക്കൽ (SDG 10)

വിപണി ഇടപെടലിലൂടെ സംസ്ഥാന വിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കുന്നതിൽ സപ്ലൈകോ ഒരു പ്രധാന വില സ്ഥിരതാനിയന്ത്രകനായി പ്രവർത്തിക്കുന്നു. പൊതുവിപണിയിൽ അവശ്യസാധനങ്ങളുടെ വില അനിയന്ത്രിതമായി ഉയരുമ്പോൾ സപ്ലൈകോ വിപണിയിൽ ഇടപെടുകയും, വിപണി നിരക്കിനേക്കാൾ 20-30% കുറഞ്ഞ നിരക്കിൽ സാധനങ്ങൾ ലഭ്യമാക്കി സാധാരണക്കാരെ സഹായിക്കുകയും ചെയ്യുന്നു. ഇത് സമൂഹത്തിലെ സാമ്പത്തിക അസമത്വങ്ങൾ കുറയ്ക്കുന്നതിനും എല്ലാവർക്കും തുല്യമായ ഭക്ഷ്യലഭ്യത ഉറപ്പാക്കുന്നതിനും സഹായിക്കുന്നു.   

അന്താരാഷ്ട്ര മാതൃകകളും സപ്ലൈകോയുടെ സവിശേഷതയും

ഭക്ഷ്യസുരക്ഷയും സാമൂഹികക്ഷേമവും ഉറപ്പാക്കാൻ വിവിധ രാജ്യങ്ങൾ വ്യത്യസ്ത മാതൃകകളാണ് പിന്തുടരുന്നത്. ബ്രസീൽ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിലെ പൊതുവിതരണ സംവിധാനങ്ങളും നോർഡിക് രാജ്യങ്ങളിലെ സഹകരണ പ്രസ്ഥാനങ്ങളും ഇതിന് ഉദാഹരണങ്ങളാണ്. എങ്കിലും, സപ്ലൈകോയുടെ പ്രവർത്തന മാതൃക ലോകത്ത് തന്നെ വേറിട്ടുനിൽക്കുന്നു. ക്ഷേമവിതരണം, വിപണി ഇടപെടൽ, നെല്ല് സംഭരണം, വിലസ്ഥിരീകരണം എന്നിവയെല്ലാം ഒരൊറ്റ പൊതുമേഖലാ സ്ഥാപനത്തിന്റെ കീഴിൽ ഏകോപിപ്പിച്ചു പ്രവർത്തിക്കുന്ന സപ്ലൈകോയുടെ ഘടന സവിശേഷമായ പ്രാധാന്യമർഹിക്കുന്നതാണെന്ന് പഠനം അടിവരയിടുന്നു. ജനങ്ങളുടെ ഭക്ഷ്യസുരക്ഷ, ഉപഭോക്തൃക്ഷേമം, കർഷകരുടെ ഉപജീവനം എന്നിവയെ ഒരേസമയം സംരക്ഷിക്കുന്നതിൽ കേരളത്തിന്റെ പൊതുമേഖലാ ഇടപെടലുകൾ ആഗോളതലത്തിൽ തന്നെ മികച്ച മാതൃകയാണ്.

കർഷകക്ഷേമവും നെല്ല് സംഭരണത്തിലെ വിപ്ലവകരമായ മാറ്റങ്ങളും

കർഷകരുടെ ഉപജീവനവും സാമ്പത്തിക സുരക്ഷിതത്വവും ഉറപ്പാക്കുന്നതിൽ സപ്ലൈകോ വലിയ പിന്തുണയാണ് നൽകുന്നത്. നെല്ല് സംഭരണവുമായി ബന്ധപ്പെട്ട സാമ്പത്തിക ബാധ്യതകൾ തീർക്കാൻ സർക്കാർ അടുത്തിടെ തുക അനുവദിച്ചിരുന്നു. കർഷകരെ സ്വകാര്യ മില്ലുടമകളുടെ ചൂഷണത്തിൽ നിന്ന് സംരക്ഷിക്കുന്നതിന് സപ്ലൈകോയുടെ കീഴിൽ ആധുനിക രീതിയിലുള്ള സ്വന്തം നെല്ല് സംസ്കരണ-സംഭരണ കേന്ദ്രങ്ങൾ ആരംഭിക്കുന്നത് സർക്കാർ സജീവമായി പരിഗണിച്ചുവരുന്നു. ശാസ്ത്രീയമായ സപ്ലൈ ചെയിൻ മാനേജ്‌മെന്റും ആധുനിക സംഭരണ സംവിധാനങ്ങളും നടപ്പിലാക്കിക്കൊണ്ട് സപ്ലൈകോയെ സാമ്പത്തികമായി സ്വയംപര്യാപ്തതയുള്ള സ്ഥാപനമാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

ഉപഭോക്തൃ സേവനങ്ങളിലെ നൂതന സേവനങ്ങൾ

ഉപഭോക്താക്കളുടെ ആവശ്യങ്ങൾക്കനുസരിച്ച് സേവനങ്ങൾ കൂടുതൽ സുതാര്യവും എളുപ്പവുമാക്കാൻ സപ്ലൈകോ ആധുനിക സംവിധാനങ്ങൾ അവതരിപ്പിക്കുന്നു. പ്രധാന റെയിൽവേ സ്റ്റേഷനുകൾ, ബസ് ടെർമിനലുകൾ എന്നിവ കേന്ദ്രീകരിച്ച് ആരംഭിച്ച ഗോ എക്‌സ്‌പ്രസ് മാർട്ടുകളുടെ (സപ്ലൈകോ ഗോ എക്‌സ്‌പ്രസ് മാർട്ടുകൾ) പ്രവർത്തന സമയം വർദ്ധിപ്പിക്കുന്നതിനുള്ള നടപടികൾ സിവിൽ സപ്ലൈസ് വകുപ്പ് സ്വീകരിച്ചുവരുന്നു. ഭാവിയിൽ ഈ മാർട്ടുകളുടെ സേവനങ്ങൾ 24 മണിക്കൂറും പൊതുജനങ്ങൾക്ക് ലഭ്യമാക്കാൻ ലക്ഷ്യമിടുന്നു.

സപ്ലൈകോയുടെ പ്രവർത്തനങ്ങൾ സർക്കാർ ക്ഷേമപദ്ധതി എന്നതിലുപരി, വിപണിയും സാമൂഹിക നീതിയും ഒരുപോലെ സംയോജിപ്പിച്ചുകൊണ്ടുള്ള മാതൃകാപരമായ ഭരണസംവിധാനമാണ്. ആധുനികവൽക്കരണത്തിലൂടെയും വിപണി ഇടപെടലുകളിലൂടെയും കേരളത്തിലെ പൊതുവിതരണ രംഗത്തെ കൂടുതൽ ശക്തിപ്പെടുത്താൻ സപ്ലൈകോയ്ക്ക് സാധിക്കുമെന്ന് ഈ പഠന റിപ്പോർട്ട് വ്യക്തമാക്കുന്നു. ദാരിദ്ര്യ ലഘൂകരണം, വിശപ്പില്ലായ്മ, മാന്യമായ തൊഴിൽ, അസമത്വ ലഘൂകരണം എന്നീ സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ സപ്ലൈകോ നൽകുന്ന സംഭാവനകൾ ലോകത്തിന് തന്നെ മാതൃകയാണ്.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2026-10-17 11:21:55

ലേഖനം നമ്പർ: 2121

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo
State Logo