സംസ്ഥാനത്തെ മാനസികാരോഗ്യ പരിചരണ സംവിധാനത്തെ കൂടുതൽ സൗഹൃദപരവും ആധുനികവുമാക്കുന്നതിന്റെ ഭാഗമായി മാനസികാരോഗ്യ കേന്ദ്രങ്ങളുടെ മുഖവും പേരും മാറുന്നു. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ നിലവിലുള്ള മാനസികാരോഗ്യ കേന്ദ്രങ്ങളെ ‘ഹാപ്പിനസ് ആൻഡ് വെൽനെസ് സെന്ററുകൾ’ എന്ന പേരിൽ കൂടുതൽ മെച്ചപ്പെട്ട പരിചരണകേന്ദ്രങ്ങളാക്കി വികസിപ്പിക്കും. ഹൈക്കോടതിയുടെ നിർദ്ദേശത്തെ തുടർന്നാണ് പേരുമാറ്റം. പേരിനനുസരിച്ച് മാനസികാരോഗ്യവും സൗഖ്യവും ഉറപ്പാക്കുന്ന അന്തരീക്ഷം സൃഷ്ടിക്കുന്നതിനൊപ്പം ഭൗതിക സൗകര്യങ്ങൾ നവീകരിക്കുകയും ആവശ്യമായ ജീവനക്കാരുടെ സേവനം ഉറപ്പാക്കുകയും ചെയ്യും.
മാനസിക പ്രശ്നങ്ങൾ ഉണ്ടായാൽ മാത്രം ചികിത്സ തേടുന്ന പരമ്പരാഗത സമീപനത്തിൽ നിന്ന്, മാനസികാരോഗ്യം സംരക്ഷിക്കുക, സന്തോഷകരമായ ജീവിതം പ്രോത്സാഹിപ്പിക്കുക എന്ന സമഗ്ര ആരോഗ്യ സമീപനത്തിലേക്ക് ജനങ്ങളെ മാറ്റുന്നതിന് സഹായകമാകുന്ന ആശയമാണ് ഹാപ്പിനസ് ആൻഡ് വെൽനെസ് സെന്ററുകൾ. നിലവിലുള്ള മാനസികാരോഗ്യ കേന്ദ്രങ്ങൾ പ്രധാനമായും രോഗനിർണയം, ചികിത്സ, മരുന്ന്, കൗൺസലിങ് തുടങ്ങിയ സേവനങ്ങളിൽ കേന്ദ്രീകരിക്കപ്പെടുന്നു. എന്നാൽ ഹാപ്പിനസ് ആൻഡ് വെൽനെസ് സെന്ററുകൾ മാനസിക രോഗചികിത്സയ്ക്ക് ഉപരിയായി മികച്ച മനസികാരോഗ്യം ആഗ്രഹിക്കുന്ന എല്ലാവർക്കും പ്രയോജനപ്പെടുന്ന തരത്തിൽ മാറ്റുകയാണ് ലക്ഷ്യം. “രോഗം വന്നാൽ ചികിത്സിക്കുക” എന്ന സമീപനത്തിൽ നിന്ന് “മാനസിക ആരോഗ്യത്തോടെ ജീവിക്കാൻ സഹായിക്കുക” എന്ന സമീപനത്തിലേക്കുള്ള മാറ്റമാണ് പദ്ധതിയുടെ അടിസ്ഥാനം.
മാനസികാരോഗ്യ കേന്ദ്രം എന്ന പേര് ഗുരുതരമായ മാനസിക രോഗങ്ങളുമായി മാത്രം ബന്ധപ്പെടുത്തി കാണുന്ന പ്രവണത പലപ്പോഴും ചികിത്സയും സഹായവും തേടുന്നതിൽ വിമുഖത സൃഷ്ടിക്കാറുണ്ട്. കൂടുതൽ സൗഹൃദപരവും സമഗ്രവുമായ ‘ഹാപ്പിനസ് ആൻഡ് വെൽനെസ് സെന്റർ’ എന്ന ആശയം ഇത്തരം വിമുഖത കുറച്ച് മാനസികാരോഗ്യ സേവനങ്ങൾ ഉറപ്പാക്കും. മാനസിക സമ്മർദ്ദം, ഉത്കണ്ഠ, ഉറക്കക്കുറവ്, ഏകാന്തത, തൊഴിൽസമ്മർദ്ദം, കുടുംബപ്രശ്നങ്ങൾ തുടങ്ങിയവ ഗുരുതരമായ മാനസികാരോഗ്യ പ്രശ്നങ്ങളിലേക്ക് കടക്കുന്നതിന് മുമ്പുതന്നെ തിരിച്ചറിഞ്ഞ് ആവശ്യമായ ഇടപെടലുകൾ ഉറപ്പാക്കേണ്ടതുണ്ട്. ഇതിന്റെ ഭാഗമായി കൗൺസലിങ്, മാനസികാരോഗ്യ ബോധവത്കരണം, സമ്മർദ്ദനിയന്ത്രണം, ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്ന ഇടപെടലുകൾ തുടങ്ങിയ സേവനങ്ങൾ ലഭ്യമാക്കുന്നതിലൂടെ പ്രതിരോധത്തിനും നേരത്തെയുള്ള ഇടപെടലിനും പ്രാധാന്യം നൽകുന്ന മാനസികാരോഗ്യ പരിചരണ സംവിധാനം ശക്തിപ്പെടുത്താനാകും.
യുവജനങ്ങളിൽ വർധിച്ചുവരുന്ന സമ്മർദ്ദം, ഏകാന്തത, ലഹരി ഉപയോഗത്തിലേക്കുള്ള സാധ്യത, പഠന-തൊഴിൽ സംബന്ധമായ ആശങ്കകൾ തുടങ്ങിയവ നേരത്തെ തിരിച്ചറിയുന്നതിന് ഹാപ്പിനസ് ആൻഡ് വെൽനെസ് സെന്ററുകൾക്ക് പ്രധാന പങ്ക് വഹിക്കാനാകും. അവർക്ക് എളുപ്പത്തിൽ സമീപിക്കാവുന്ന, വിധിയെഴുത്തില്ലാത്ത ഒരു സുരക്ഷിത ഇടമായി ഇവ മാറും. കൗൺസലിങ്ങിനും ചികിത്സയ്ക്കുമൊപ്പം യോഗ, ധ്യാനം, വ്യായാമം, കലാ-സാംസ്കാരിക പ്രവർത്തനങ്ങൾ, വായന, കൂട്ടായ്മകൾ, വിനോദ പ്രവർത്തനങ്ങൾ തുടങ്ങിയവയും ഉൾപ്പെടുത്തും. വ്യക്തിയുടെ ശാരീരിക, മാനസിക, സാമൂഹിക ക്ഷേമം ഒരുപോലെ പരിഗണിക്കുന്ന സമഗ്ര മാതൃകയായി കേന്ദ്രങ്ങളെ വികസിപ്പിക്കുകയാണ് ലക്ഷ്യം.
സമൂഹത്തിൽ മാനസികാരോഗ്യത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകളും ചികിത്സ തേടുന്നതിലെ മടിയും കുറച്ച്, മാനസികാരോഗ്യ സേവനങ്ങൾ എല്ലാവർക്കും എളുപ്പത്തിൽ ലഭ്യമാക്കുന്നതിനും ഈ സംരംഭം സഹായകമാകും. ഭൗതിക സൗകര്യങ്ങളുടെ നവീകരണം, ആവശ്യമായ ജീവനക്കാരുടെ സേവനം, ആധുനിക ചികിത്സാ സംവിധാനങ്ങൾ, കൗൺസലിങ്, ബോധവത്കരണം, വെൽനെസ് പ്രവർത്തനങ്ങൾ എന്നിവ ഏകോപിപ്പിക്കുന്നതിലൂടെ കേരളത്തിന്റെ മാനസികാരോഗ്യ പരിചരണ മേഖലയിൽ കൂടുതൽ സമഗ്രവും മാനുഷികവുമായ മാതൃക സൃഷ്ടിക്കാനാകും. രോഗചികിത്സയിൽ നിന്ന് മാനസികാരോഗ്യ സംരക്ഷണത്തിലേക്കും, ചികിത്സാകേന്ദ്രങ്ങളിൽ നിന്ന് ക്ഷേമകേന്ദ്രങ്ങളിലേക്കുമുള്ള മാറ്റമാണ് ഹാപ്പിനസ് ആൻഡ് വെൽനെസ് സെന്ററുകൾ വിഭാവനം ചെയ്യുന്നത്.
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2026-09-08 05:17:55
ലേഖനം നമ്പർ: 2075