വിദ്യാർത്ഥികളെ കാർഷിക മേഖലയുമായും പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളുമായും കൂടുതൽ അടുപ്പിക്കുന്നതിനായി സംസ്ഥാന സർക്കാർ 'കതിര്‍' (കേരള അഗ്രികൾച്ചർ ടെക്‌നോളജി ഹെറിറ്റേജ് ആൻഡ് ഇന്നൊവേഷൻ ഫോർ റൂറൽ അണ്ടർസ്റ്റാൻഡിംഗ്) പദ്ധതി നടപ്പാക്കുന്നു. കാർഷിക സാങ്കേതികവിദ്യ, പാരമ്പര്യ അറിവുകൾ, നവീന ആശയങ്ങൾ എന്നിവ സംയോജിപ്പിച്ച് വിദ്യാർത്ഥികളെ സാമൂഹിക പ്രതിബദ്ധതയുള്ള മികച്ച പൗരന്മാരാക്കി വളർത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം. കൃഷി വകുപ്പും പൊതുവിദ്യാഭ്യാസ വകുപ്പും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്.

കാലാവസ്ഥാ വ്യതിയാന വെല്ലുവിളികളെ നേരിടുന്നതിനുള്ള കാർഷിക ഹരിത പ്രതിരോധത്തിന്റെ ഭാഗമായാണ് 'കതിര്‍' പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കാർഷിക ക്ലബ്ബുകൾ രൂപീകരിക്കും. ഓരോ ക്ലബ്ബിനും നേതൃത്വം നൽകുന്നതിനായി നോഡൽ അധ്യാപകരെ നിയോഗിക്കുകയും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ സ്‌കൂൾതല സമിതികൾ രൂപീകരിക്കുകയും ചെയ്യും.

വിദ്യാർത്ഥികളിൽ കൃഷിയോടുള്ള താൽപര്യം വളർത്തുക, പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുക, പ്രകൃതിയുമായി കൂടുതൽ അടുപ്പിക്കുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ. "പ്രകൃതിയാൽ പ്രചോദിതം; കാലാവസ്ഥയ്ക്കും നമ്മുടെ ഭാവിക്കും" എന്ന ലോക പരിസ്ഥിതി ദിന സന്ദേശം മുൻനിർത്തിയാണ് പദ്ധതി നടപ്പാക്കുന്നത്.

ഭക്ഷ്യസുരക്ഷയും കാർഷിക സ്വയംപര്യാപ്തതയും ഉറപ്പാക്കുന്നതിനുള്ള ജനകീയ ഇടപെടലായി പദ്ധതി മാറും. കുട്ടികളിലെ മാനസിക പിരിമുറുക്കം കുറയ്ക്കുന്നതിനായി 'ഹോർട്ടികൾച്ചറൽ തെറാപ്പി' പോലുള്ള ആധുനിക രീതികളും ഉൾപ്പെടുത്തും. കൂടാതെ, വിദ്യാർത്ഥികൾ ഉൽപ്പാദിപ്പിക്കുന്ന കാർഷിക ഉൽപ്പന്നങ്ങൾ വിപണനം ചെയ്യുന്നതിനായി വാട്സ്ആപ്പ് അധിഷ്ഠിത മിനി മാർക്കറ്റിംഗ് പ്ലാറ്റ്‌ഫോമുകളും ഒരുക്കും.

ആദ്യഘട്ടത്തിൽ സംസ്ഥാനത്തെ 2,500 സ്‌കൂളുകളിൽ കാർഷിക ക്ലബ്ബുകൾ രൂപീകരിക്കും. എൽ.പി മുതൽ ഹയർ സെക്കൻഡറി വരെ ഓരോ സ്‌കൂളിലും 20 മുതൽ 25 വരെ വിദ്യാർത്ഥികളെ ഉൾപ്പെടുത്തിയാണ് ക്ലബ്ബുകൾ പ്രവർത്തിക്കുക. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും പി.ടി.എ അംഗങ്ങളുടെയും സഹകരണത്തോടെ രൂപീകരിക്കുന്ന വിപുലമായ മോണിറ്ററിംഗ് കമ്മിറ്റികൾ പദ്ധതിയുടെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കും.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2026-06-04 16:46:55

ലേഖനം നമ്പർ: 2026

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo