കേരള സർക്കാരിന്റെ 100 ദിന കർമ്മപരിപാടിയുടെ ഭാഗമായി കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ (KSBCDC) 'സമഗ്ര 2026' സംഘടിപ്പിക്കുന്നു. സർക്കാർ വകുപ്പുകൾ, വികസന ഏജൻസികൾ, സാമൂഹിക സംഘടനകൾ, ധനകാര്യ സ്ഥാപനങ്ങൾ, പൊതുജനങ്ങൾ എന്നിവരെ ഒരേ വേദിയിൽ ഒരുമിപ്പിക്കുന്ന മെഗാ ഗുണഭോക്തൃ കേന്ദ്രീകൃത പരിപാടിയാണ് സമഗ്ര 2026 .

ഇൻക്ലൂസീവ് ഡവലപ്മെന്റ്, സംരംഭകത്വം, സാമ്പത്തിക ശാക്തീകരണം, സർക്കാർ ക്ഷേമപദ്ധതികളെക്കുറിച്ചുള്ള പൊതുജന അവബോധം എന്നിവ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. വിവിധ സർക്കാർ വകുപ്പുകളുടെ സേവനങ്ങൾ, ധനസഹായ പദ്ധതികൾ, തൊഴിൽ-സ്വയംതൊഴിൽ സാധ്യതകൾ, സംരംഭക വികസന പദ്ധതികൾ എന്നിവയെക്കുറിച്ചുള്ള സമഗ്രമായ വിവരങ്ങൾ പൊതുജനങ്ങൾക്ക് നേരിട്ട് ലഭ്യമാക്കുന്നതിനും അർഹരായ ഗുണഭോക്താക്കളെ പദ്ധതികളുമായി കൂടുതൽ ഫലപ്രദമായി ബന്ധിപ്പിക്കുന്നതിനുമാണ് പരിപാടി ലക്ഷ്യമിടുന്നത്. സർക്കാർ വകുപ്പുകളും വികസന ഏജൻസികളും ഗുണഭോക്താക്കളും തമ്മിലുള്ള ആശയവിനിമയവും ഏകോപനവും ശക്തിപ്പെടുത്തുന്നതിനും വിവിധ പദ്ധതികളുടെ പ്രയോജനം കൂടുതൽ ആളുകളിലേക്ക് എത്തിക്കുന്നതിനും സമഗ്ര 2026 അവസരമൊരുക്കും. 

പരിപാടിയുടെ ഭാഗമായി അർഹരായ ഗുണഭോക്താക്കൾക്ക് ടേം ലോൺ, മൈക്രോ ക്രെഡിറ്റ് ലോൺ പദ്ധതികളിലൂടെ ₹100 കോടി വിതരണം ചെയ്യും. വനിതാ സംരംഭകർക്കും പെൻഷൻകാർക്കും പുതിയ വായ്പാ പദ്ധതികൾ പ്രഖ്യാപിക്കുന്നതോടൊപ്പം, KSBCDCയുടെ വാർത്താപത്രികയായ 'ദിശ'യുടെ പ്രകാശനവും നടക്കും. കുടുംബശ്രീ, കേരള സ്റ്റാർട്ടപ്പ് മിഷൻ, നോർക്ക റൂട്ട്സ്, കാർഷിക വകുപ്പ്, മൃഗസംരക്ഷണ വകുപ്പ്, ഉന്നത വിദ്യാഭ്യാസ വകുപ്പ്, ഒഡെപെക് തുടങ്ങി വിവിധ സർക്കാർ വകുപ്പുകളുടെയും ഏജൻസികളുടെയും പ്രദർശന സ്റ്റാളുകളും ഒരുക്കിയിട്ടുണ്ട്. വിവിധ സർക്കാർ പദ്ധതികളും സേവനങ്ങളും പരിചയപ്പെടുത്തുന്ന ബോധവത്കരണ സെഷനുകളും വിജയകരമായ KSBCDC ഗുണഭോക്താക്കളുടെ അനുഭവങ്ങൾ പങ്കുവെക്കുന്ന വിജയകഥകളും പരിപാടിയുടെ പ്രധാന ആകർഷണങ്ങളാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ഏകദേശം 5,000 പേരുടെ പങ്കാളിത്തമാണ് സമഗ്ര പ്രതീക്ഷിക്കുന്നത്.

സമഗ്ര 2026 പ്രചാരണത്തിന്റെ ഭാഗമായി സാമൂഹിക പുരോഗതിയുടെയും യുവശാക്തീകരണത്തിന്റെയും സന്ദേശവുമായി വോക്കത്തോൺ സംഘടിപ്പിച്ചു. എറണാകുളത്ത് നടന്ന വോക്കത്തോൺ, 'തൂഫാൻ' മയക്കുമരുന്ന് വിരുദ്ധ ബോധവത്കരണ ക്യാമ്പയിനും സമഗ്ര 2026ന്റെ സന്ദേശവും പൊതുജനങ്ങളിലെത്തിക്കുന്നതുമാണ്.  സർക്കാർ ക്ഷേമപദ്ധതികളും സാമ്പത്തിക സഹായ പദ്ധതികളും സംരംഭകത്വ സാധ്യതകളും കൂടുതൽ ജനകീയമാക്കുന്നതിനുള്ള സുപ്രധാന വേദിയായി ഇത് മാറും. സാമ്പത്തിക ഉൾക്കൊള്ളൽ, സംരംഭകത്വ പ്രോത്സാഹനം, സാമൂഹിക ശാക്തീകരണം, ജീവിതനിലവാരം മെച്ചപ്പെടുത്തൽ എന്നിവയ്ക്ക് പ്രാധാന്യം നൽകുന്ന ഈ പരിപാടി, സംസ്ഥാനത്തിന്റെ വികസന ലക്ഷ്യങ്ങൾക്ക് കൂടുതൽ കരുത്തേകും.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2026-07-22 06:28:07

ലേഖനം നമ്പർ: 2048

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo