വിദ്യാഭ്യാസത്തോടൊപ്പം വിദ്യാർഥികളിൽ തൊഴിൽ നൈപുണ്യവും സംരംഭകത്വ ശേഷിയും വളർത്തി, ഭാവിയിൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാൻ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ ‘സ്‌കിൽ ബിസ് – വൺ സ്‌കൂൾ, വൺ പ്രൊഡക്ട്’ പദ്ധതിയുമായി പൊതുവിദ്യാഭ്യാസ വകുപ്പ്. പഠനമുറിയിലെ അറിവിനെ പ്രായോഗിക അനുഭവങ്ങളുമായി കൂട്ടിയിണക്കി വിദ്യാർഥികളുടെ കഴിവുകൾ ഉൽപ്പന്നങ്ങളായും സേവനങ്ങളായും വികസിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
വി.എച്ച്.എസ്.ഇ (വൊക്കേഷണൽ ഹയർ സെക്കൻഡറി ) വിഭാഗത്തിന്റെ നേതൃത്വത്തിൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളുകളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുന്നതിനായിയാണ് ‘സ്‌കിൽ ബിസ് – വൺ സ്‌കൂൾ, വൺ പ്രൊഡക്ട്’ എന്ന പദ്ധതി നടപ്പാക്കുന്നത്. ഗാന്ധിയൻ വിദ്യാഭ്യാസ ആശയത്തെ അടിസ്ഥാനമാക്കി ഓരോ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളും സമൂഹത്തിന് പ്രയോജനകരമായ ഒരു ഉൽപ്പന്നമോ സേവനമോ ലഭ്യമാക്കുന്ന തരത്തിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.
വിദ്യാർഥികളുടെ തൊഴിൽ നൈപുണ്യവും സംരംഭകത്വ ശേഷിയും വികസിപ്പിക്കുന്നതിനൊപ്പം സ്‌കൂളും സമൂഹവും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്താനും പദ്ധതി സഹായിക്കും. പഠനത്തോടൊപ്പം വരുമാനസാധ്യതകൾ കണ്ടെത്തുന്നതിനും ഉൽപ്പന്ന വികസനം, ബ്രാൻഡിംഗ്, ആശയവിനിമയം, വിപണനം തുടങ്ങിയ മേഖലകളിൽ പ്രായോഗിക പരിചയം നേടുന്നതിനും വിദ്യാർഥികൾക്ക് അവസരം ലഭിക്കും. ഇതിലൂടെ അവരുടെ സർഗാത്മകതയും തൊഴിൽ നൈപുണ്യവും പ്രയോജനപ്പെടുത്തി തൊഴിൽ അന്വേഷകരിൽ നിന്ന് തൊഴിൽ സൃഷ്ടാക്കളിലേക്കുള്ള മാറ്റത്തിന് പിന്തുണ നൽകാനും സാധിക്കും.
വിദ്യാർഥികളുടെ കഴിവുകളും സ്‌കൂളുകളുടെ വിഭവങ്ങളും പ്രയോജനപ്പെടുത്തി സമൂഹത്തിന് പ്രയോജനകരമായ ഉൽപ്പന്നങ്ങളും സേവനങ്ങളും ഒരുക്കുന്നതിലൂടെ പഠനവും തൊഴിൽ നൈപുണ്യവും സംരംഭകത്വവും ഒരുമിച്ചുകൊണ്ടുപോകുന്ന മാതൃക സൃഷ്ടിക്കാൻ ‘സ്‌കിൽ ബിസ്’ പദ്ധതി വഴിയൊരുക്കും. കൂടാതെ വിദ്യാർഥികൾക്ക് ഭാവിയിലെ തൊഴിൽ സാധ്യതകൾ തിരിച്ചറിയാനും സ്വന്തം കഴിവുകൾ ഫലപ്രദമായി പ്രയോജനപ്പെടുത്താനും ഈ പദ്ധതി അവസരമൊരുക്കും
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2026-09-16 09:53:14
ലേഖനം നമ്പർ: 2088