സംസ്ഥാനത്ത് ലഹരി വസ്തുക്കളുടെ വ്യാപനം ചെറുക്കുന്നതിനായി വിപുലമായ പരിശോധനകളും റെയ്ഡുകളും ഉൾപ്പെടുത്തി ‘ഓപ്പറേഷൻ തൂഫാൻ- ദ നാർക്കോ ഹണ്ട്’ പ്രത്യേക പദ്ധതിയുമായി കേരള പോലീസ്. മയക്കുമരുന്ന് ശൃംഖലകളെ കണ്ടെത്തി നിയമനടപടി ശക്തമാക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.
ജൂൺ ഒന്നിന് ഓപ്പറേഷൻ തൂഫാൻ ആരംഭിക്കും. പദ്ധതിയുടെ ഭാഗമായി ലഹരിയുമായി ബന്ധപ്പെട്ട് ഏത് തരത്തിലുള്ള വിവരങ്ങളും പൊതുജനങ്ങൾക്ക് പോലീസിൽ അറിയിക്കാം. ലഹരി ഉപയോഗിക്കുന്നവരെ കണ്ടെത്തുന്നതിനൊപ്പം ഉറവിടം കണ്ടെത്താനുള്ള പ്രവർത്തനങ്ങൾക്കും ഓപ്പറേഷൻ തൂഫാൻ മുൻഗണന നൽകും. വിദ്യാർഥികൾക്കിടയിലുള്ള ലഹരി ഉപയോഗം തടയുക എന്നതും ഇതിലെ പ്രധാന ലക്ഷ്യമാണ്. സ്‌കൂൾ അധികൃതരുമായും എക്‌സൈസുമായും ചേർന്ന് പോലീസ് പ്രവർത്തനങ്ങൾ തയ്യാറാക്കി നടപ്പാക്കും.
പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ വിവിധ ജില്ലകളിൽ പ്രത്യേക പരിശോധന സംഘങ്ങളെ നിയോഗിക്കുമെന്നും സംശയാസ്പദ കേന്ദ്രങ്ങളിൽ നിരീക്ഷണം ശക്തമാക്കുമെന്നും പോലീസ് അറിയിച്ചു. ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷനുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവ കേന്ദ്രീകരിച്ചും പരിശോധനകൾ വ്യാപിപ്പിക്കും. ലഹരി വ്യാപനവുമായി ബന്ധപ്പെട്ട വിവരങ്ങൾ രഹസ്യമായി കൈമാറുന്നതിനുള്ള സംവിധാനങ്ങളും പൊതുജനങ്ങൾക്ക് ലഭ്യമാക്കും.
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2026-05-26 16:27:06
ലേഖനം നമ്പർ: 2019