വിദ്യാർഥികളുടെ ശാരീരികക്ഷമത, ജലസുരക്ഷാ അവബോധം, ജീവൻരക്ഷാ നൈപുണ്യം എന്നിവ വികസിപ്പിക്കുന്നതിനായി പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പാക്കുന്ന 'അക്വാഫിറ്റ്' നീന്തൽ പരിശീലന പദ്ധതി ആരംഭിച്ചു. നൂറുദിന കർമപദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന അക്വാഫിറ്റ് പദ്ധതിയുടെ ആദ്യഘട്ടത്തിൽ ഓരോ ജില്ലയിൽ നിന്നും 1,000 വിദ്യാർഥികൾക്ക് നീന്തൽ പരിശീലനം നൽകും. 14000 വിദ്യാർഥികൾക്ക് പരിശീലനം നൽകാനായി വിദ്യാർഥികളുടെ സ്കൂളിൽ നിന്ന് അഞ്ച് കിലോമീറ്റർ പരിധിക്കുള്ളിലെ അനുയോജ്യമായ നീന്തൽക്കുളങ്ങളാണ് തിരഞ്ഞെടുക്കുക. ഇതിനായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും ബന്ധപ്പെട്ട വകുപ്പുകളുടെയും സഹകരണം ഉറപ്പാക്കും.
കേരളം നദികളും പുഴകളും ജലാശയങ്ങളും ഏറെയുള്ള സംസ്ഥാനമായതിനാൽ നീന്തൽ അറിയുക എന്നത് കായികപരമായ കഴിവ് മാത്രമല്ല, ജീവൻരക്ഷാ നൈപുണ്യം കൂടിയാണ്. കുട്ടികളിൽ ജലസുരക്ഷയെക്കുറിച്ചുള്ള അവബോധം വർധിപ്പിക്കാനും മുങ്ങിമരണങ്ങൾ കുറയ്ക്കാനും കഴിവുള്ള നീന്തൽ താരങ്ങളെ കണ്ടെത്തി വളർത്താനും ഈ പദ്ധതി ലക്ഷ്യമിടുന്നു. കൂടാതെ നീന്തൽ മികച്ച ശാരീരിക വ്യായാമമായതിനാൽ ജീവിതശൈലി രോഗങ്ങൾ തടയാനും ശരീരാരോഗ്യം മെച്ചപ്പെടുത്താനും ഇത് സഹായിക്കും. പരിശീലനം പൂർത്തിയാക്കുന്ന വിദ്യാർഥികൾ മറ്റുള്ളവരെയും നീന്തൽ പരിശീലിപ്പിക്കുന്നതിലൂടെ ജലസുരക്ഷാ സന്ദേശം സമൂഹത്തിലാകെ എത്തിക്കാനും കഴിയുന്നു. ഇതിലൂടെ അക്വാഫിറ്റ് പദ്ധതി കുട്ടികളുടെ ശാരീരിക-മാനസിക വളർച്ചയ്ക്ക് സഹായിക്കുന്ന ഒരു മികച്ച പദ്ധതിയായി മാറും.
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2026-08-06 11:06:24
ലേഖനം നമ്പർ: 2061