കേരളത്തിലെ നിലവിലുള്ള കായിക ആസ്തികളെ പുനരുജ്ജീവിപ്പിക്കാനും പ്രൊഫഷണലായി പരിപാലിക്കാനും ലക്ഷ്യമിട്ട് കായിക യുവജനകാര്യ വകുപ്പ് 'ഓപ്പറേഷൻ കളരി' (Operation KALARI - Kerala Alliance for Local Athletic Revamp and Infrastructure) പദ്ധതി ആവിഷ്കരിക്കുന്നു. സംസ്ഥാനത്തുടനീളമുള്ള സ്റ്റേഡിയങ്ങൾ, നീന്തൽക്കുളങ്ങൾ, സ്പോർട്സ് ഹോസ്റ്റലുകൾ, ജിംനേഷ്യങ്ങൾ തുടങ്ങിയ കായിക ആസ്തികളുടെ അടിസ്ഥാന സൗകര്യ വികസനം, അറ്റകുറ്റപ്പണി, നവീകരണം, ഉപകരണവൽക്കരണം, പരിപാലനം എന്നിങ്ങനെയുള്ള സമഗ്ര വികസനമാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഒരു പൊതു-സ്വകാര്യ പങ്കാളിത്ത മാതൃകയിലാണ് ഈ പദ്ധതി നടപ്പിലാക്കുക.
കായിക വകുപ്പ്,കേരള സംസ്ഥാന സ്പോർട്സ് കൺസിൽ, ജില്ലാ സ്പോർട്സ് കൗൺസിലുകൾ, തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ (LSG) എന്നിവയുടെ കീഴിലുള്ള വിവിധ കായിക ആസ്തികൾ സ്പോൺസർമാരുടെ സഹായത്തോടെ അറ്റകുറ്റപ്പണി നടത്തുക, നവീകരിക്കുക, ആവശ്യമായ കായിക ഉപകരണങ്ങൾ ലഭ്യമാക്കുക, അവ കൃത്യമായി പരിപാലിക്കുക എന്നിവയും പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങളിലുൾപ്പെടുന്നു. പൊതുഉടമസ്ഥത ഉറപ്പുവരുത്തുക, സ്പോൺസർമാരുടെ പിന്തുണ പ്രയോജനപ്പെടുത്തുക, പ്രൊഫഷണൽ രീതിയിലുള്ള പരിപാലനം ഉറപ്പാക്കുക, കായികതാരങ്ങൾക്ക് പരമപ്രധാനമായ മുൻഗണന നൽകുക എന്നിവയാണ് ഈ പദ്ധതിയുടെ അടിസ്ഥാന തത്വങ്ങൾ.
സ്പോൺസർമാർക്ക് വിവിധ രീതികളിൽ ഈ പദ്ധതിയുടെ ഭാഗമാകാം. അറ്റകുറ്റപ്പണി-നവീകരണ സ്പോൺസർഷിപ്പിലൂടെ സിവിൽ, ഇലക്ട്രിക്കൽ ജോലികൾ, ടർഫ് നവീകരണം, ഫ്ലഡ്‌ലൈറ്റുകൾ സ്ഥാപിക്കൽ, ശുചിമുറി നവീകരണം എന്നിവ ഏറ്റെടുക്കാം. ദത്തെടുത്ത് പരിപാലിക്കുന്ന മാതൃകയിലൂടെ മൂന്ന് മുതൽ അഞ്ച് വർഷം വരെ കായിക ആസ്തികളുടെ പൂർണ്ണമായ പരിപാലന ചുമതല ഏറ്റെടുക്കാം. ഉപകരണ സ്പോൺസർഷിപ്പിലൂടെ ആധുനിക ജിം ഉപകരണങ്ങൾ, ഡിജിറ്റൽ സ്കോർബോർഡുകൾ, കളിമാറ്റുകൾ തുടങ്ങിയവ ലഭ്യമാക്കാം.
കായികതാരങ്ങൾക്കായുള്ള ഭൗതിക സാഹചര്യങ്ങൾക്ക് സ്പോൺസർഷിപ്പ് ചെയ്യുന്നതിലൂടെ ഡോർമിറ്ററികൾ, ചേഞ്ചിങ്ങ് റൂമുകൾ, ഫിസിയോതെറാപ്പി സൗകര്യങ്ങൾ എന്നിവ മെച്ചപ്പെടുത്തി നൽകാം.
സ്പോൺസർഷിപ്പിന്റെ തുകയുടെയും സ്വഭാവത്തിന്റെയും അടിസ്ഥാനത്തിൽ Platinum Asset Partner, Gold Facility Partner, Silver Basic Amenities Partner, Community Sports Partner എന്നിങ്ങനെ സ്പോൺസർമാരെ തരംതിരിച്ച് അംഗീകാരങ്ങൾ നൽകും. കോർപ്പറേറ്റ് സ്ഥാപനങ്ങൾ (CSR ഫണ്ട്), വ്യക്തികൾ, പ്രവാസി മലയാളികൾ, സഹകരണ സ്ഥാപനങ്ങൾ എന്നിവർക്കെല്ലാം കായികഭാവി മികവുറ്റതാക്കുന്ന ഈ പദ്ധതിയിൽ പങ്കാളികളാകാം. എന്നാൽ ഈ പദ്ധതിയിൽ സ്പോൺസർമാർക്ക് പരസ്യാംഗീകാരം, ബ്രാൻഡിംഗ്, നിശ്ചിത ഘടകങ്ങളുടെ നാമകരണം തുടങ്ങിയ പരിമിതമായ ആനുകൂല്യങ്ങൾ മാത്രമേ ലഭിക്കൂ. കായിക ആസ്തികളുടെ വിൽപ്പനയോ, കൈമാറ്റമോ, പാട്ടത്തിന് നൽകലോ ഉണ്ടാകില്ല. ഭൂമിയുടെയും കെട്ടിടങ്ങളുടെയും പൂർണ്ണമായ ഉടമസ്ഥതയും ഭരണപരമായ നിയന്ത്രണവും സർക്കാരിലും കായിക കൗൺസിലിലും തന്നെ നിക്ഷിപ്തമായിരിക്കും.
വനിതാ കായികതാരങ്ങൾക്കും ഭിന്നശേഷിക്കാർക്കും അനുയോജ്യമായ സൗകര്യങ്ങൾ ഒരുക്കുന്നതിന് പദ്ധതി മുൻഗണന നൽകുന്നു. പദ്ധതിയുടെ ഏകോപനത്തിനായി കായിക വകുപ്പ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ സംസ്ഥാനതല സമിതി രൂപീകരിച്ചിട്ടുണ്ട്. സ്പോർട്സ് കേരള ഫൗണ്ടേഷൻ (SKF) ആണ് പദ്ധതിയുടെ ഔദ്യോഗിക പ്രൊജക്ട് മാനേജ്മെന്റ് ഏജൻസി.
ആദ്യ ഘട്ടത്തിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നായി തിരഞ്ഞെടുക്കപ്പെടുന്ന 25 മുതൽ 50 വരെ കായിക ആസ്തികളിൽ ഈ പദ്ധതി പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കും. ആറുമാസത്തിന് ശേഷം ഇതിന്റെ പുരോഗതി വിലയിരുത്തി ആവശ്യമായ മാറ്റങ്ങളോടെ പദ്ധതി സംസ്ഥാനവ്യാപകമാക്കും.
ഓപ്പറേഷൻ കളരി പൂർണ്ണമായും സുതാര്യമാക്കുന്നതിനായി ഡാഷ്ബോർഡ് സജ്ജമാക്കുന്നുണ്ട്. ഇതിലൂടെ സ്പോൺസർഷിപ്പിന് ലഭ്യമായ ആസ്തികളുടെ പട്ടിക, തെരഞ്ഞെടുത്ത സ്പോൺസർ, പ്രവൃത്തിയുടെ പുരോഗതി, നവീകരണത്തിന് മുൻപും ശേഷവുമുള്ള ഫോട്ടോകൾ എന്നിവ ജനങ്ങൾക്ക് ഇതിലൂടെ തത്സമയം കാണാൻ സാധിക്കും.
ഉപയോഗശൂന്യമായി കിടക്കുന്ന കായിക ആസ്തികൾ വേഗത്തിൽ ജനങ്ങൾക്ക് ലഭ്യമാക്കാൻ സഹായിക്കുന്ന ഓപ്പറേഷൻ കളരിയിലൂടെ കായികതാരങ്ങൾക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള പരിശീലന സൗകര്യങ്ങൾ ലഭിക്കുന്നതിനും വഴിയൊരുക്കും. ഒളിംപിക്സ് മെഡലുകൾ ലക്ഷ്യമിടുന്ന സംസ്ഥാനത്തിന്റെ കായികസ്വപ്നങ്ങൾക്ക് പുതിയ വാതിലുകൾ തുറക്കുകയാണ് കളരിയിലൂടെ.
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2026-07-24 11:05:52
ലേഖനം നമ്പർ: 2053