അട്ടപ്പാടിയിലെ തദ്ദേശീയ മേഖലകളില്‍ സുസ്ഥിര കാര്‍ഷിക ഉപജീവന മാര്‍ഗ്ഗങ്ങള്‍ സൃഷ്ടിക്കുന്നതിനും പോഷകാഹാര സുരക്ഷ ഉറപ്പാക്കുന്നതിനുമായി കുടുംബശ്രീയും ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സില്‍ - കേന്ദ്ര കിഴങ്ങുവിള ഗവേഷണ സ്ഥാപനവും സംയുക്തമായി നടപ്പാക്കുന്ന പുനര്‍ജീവന മധുരം പദ്ധതി ആരംഭിച്ചു.
ആഗോള വിപണി ലക്ഷ്യമിട്ടുള്ള കുടുംബശ്രീയുടെ ഔദ്യോഗിക പ്രീമിയം ബ്രാന്‍ഡായ കെ-ഇനത്തിന് കീഴിലാണ് ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ തയാറാക്കിയ മധുരക്കിഴങ്ങ് പൊടി, ഹെല്‍ത്ത് മിക്‌സ്, സൂപ്പ്, ഗമ്മീസ്, ചിപ്‌സ് എന്നീ മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ വിപണിയിലെത്തിക്കുന്നത്. ഇത്തരത്തില്‍ ശാസ്ത്രീയമായ മൂല്യവര്‍ദ്ധനവും കമ്മ്യൂണിറ്റി ബ്രാന്‍ഡിങ്ങും ഒന്നിച്ച് ചേരുന്ന പദ്ധതിയാണ് 'പുനര്‍ജീവന മധുരം'. അട്ടപ്പാടിയില്‍ 'പുനര്‍ജീവനം' നേടിയ വിജയത്തിന്റെ അടിസ്ഥാനത്തില്‍ ഇടുക്കി, കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകളിലേക്കും പദ്ധതി പ്രവര്‍ത്തനങ്ങള്‍ കുടുംബശ്രീ വ്യാപിപ്പിക്കും.
അട്ടപ്പാടിയില്‍ വിജയകരമായി നടപ്പിലാക്കിയ 'പുനര്‍ജീവന മധുരം' പദ്ധതി ഗ്രാമീണ കാര്‍ഷിക വികസനത്തിന്റെയും വനിതാ ശാക്തീകരണത്തിന്റെയും മികച്ച മാതൃകയാണ്. പ്രാദേശിക വിഭവങ്ങളെ ആധാരമാക്കി മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ സൃഷ്ടിച്ച് ആഗോള വിപണിയുമായി ബന്ധിപ്പിക്കുന്ന ഈ സംരംഭം, കര്‍ഷകര്‍ക്കും കുടുംബശ്രീ അംഗങ്ങള്‍ക്കും പുതിയ സാമ്പത്തിക സാധ്യതകള്‍ തുറന്നുകൊടുക്കുന്നു. അട്ടപ്പാടിയിലെ വിജയത്തെ തുടര്‍ന്ന് മറ്റ് ജില്ലകളിലേക്കും പദ്ധതി വ്യാപിപ്പിക്കുന്നതിലൂടെ കേരളത്തിന്റെ സുസ്ഥിര കാര്‍ഷിക വികസനത്തിന് ഇത് കൂടുതല്‍ കരുത്തേകും.
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2026-06-22 05:37:40
ലേഖനം നമ്പർ: 2036