കുട്ടികളിൽ പോഷകസുരക്ഷ ഉറപ്പാക്കുന്നതിനും വിദ്യാലയങ്ങളിൽ ഫലവൃക്ഷ സംസ്‌കാരം വളർത്തുന്നതിനുമായി 'കനിപ്പന്തൽ ഇനി വിദ്യാലയങ്ങളിലും' പദ്ധതിയുമായി കൃഷി വകുപ്പ്. സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ ഫലവൃക്ഷ പോഷകത്തോട്ടങ്ങൾ സ്ഥാപിച്ച് വിദ്യാർത്ഥികളിൽ പോഷകാഹാര ശീലങ്ങൾ വളർത്തുക, പരിസ്ഥിതി സംരക്ഷണബോധം ശക്തിപ്പെടുത്തുക, കൃഷിയോടുള്ള താൽപര്യം വർധിപ്പിക്കുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ.
സംസ്ഥാന ഹോർട്ടികൾച്ചർ മിഷൻ, രാഷ്ട്രീയ കൃഷി വികാസ് യോജന (RKVY-RAFTAAR) പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന പഴവർഗ്ഗ പോഷകത്തോട്ട പദ്ധതിയിലൂടെയാണ് 'കനിപ്പന്തൽ ഇനി വിദ്യാലയങ്ങളിലും' പദ്ധതി സംസ്ഥാനത്ത് നടപ്പാക്കുന്നത്. ആദ്യഘട്ടത്തിൽ സംസ്ഥാനത്തെ 2,921 തെരഞ്ഞെടുത്ത വിദ്യാലയങ്ങളിൽ പഴവർഗ്ഗ പോഷകത്തോട്ടങ്ങൾ സ്ഥാപിക്കും. ഓരോ ജില്ലയിലും ശരാശരി 300 യൂണിറ്റ് പഴവർഗ്ഗ പോഷകത്തോട്ടങ്ങൾ വീതം സ്ഥാപിക്കാൻ ലക്ഷ്യമിട്ടിട്ടുണ്ട്.
പോഷകത്തോട്ടം ഒരുക്കുന്നതിനാവശ്യമായ ഫലവൃക്ഷത്തെെകൾ കൃഷിവകുപ്പ് സൗജന്യമായി വിതരണം ചെയ്യും. മാവ്, പ്ലാവ്, പേര, നെല്ലി, സപ്പോട്ട, റമ്പൂട്ടാൻ, മാങ്കോസ്റ്റിൻ, പാഷൻ ഫ്രൂട്ട് തുടങ്ങിയ വിവിധ ഫലവൃക്ഷങ്ങളാണ് പദ്ധതിയുടെ ഭാഗമായി വിദ്യാലയങ്ങളിൽ നട്ടുപിടിപ്പിക്കുക. വിദ്യാലയങ്ങളിൽ ആരോഗ്യകരവും ഹരിതസമൃദ്ധവുമായ പഠനാന്തരീക്ഷം ഒരുക്കുന്നതിനൊപ്പം, കാർഷിക പ്രവർത്തനങ്ങളിലൂടെ വിദ്യാർത്ഥികളിൽ പ്രകൃതിയോടുള്ള ഉത്തരവാദിത്തബോധവും ആരോഗ്യകരമായ ഭക്ഷണശീലങ്ങളും വളർത്താനും പദ്ധതി സഹായകരമാകും.
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2026-07-17 05:49:49
ലേഖനം നമ്പർ: 2047