ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തിൽ അഡിഷണൽ സ്‌കിൽ അക്വിസിഷൻ പ്രോഗ്രാം കേരള (ASAP Kerala) നടപ്പാക്കുന്ന 'ലാബ് ഓൺ വീൽസ്' പദ്ധതിക്ക് തുടക്കമായി. കേരളത്തിലെ ആദ്യത്തെ മൊബൈൽ എക്‌സ്പീരിയൻഷ്യൽ ലേണിംഗ് ലബോറട്ടറി എന്ന നിലയിൽ ആരംഭിക്കുന്ന ഈ സംരംഭം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI), റോബോട്ടിക്‌സ്, കോഡിംഗ്, മൈക്രോകൺട്രോളറുകൾ, ഇലക്ട്രോണിക്സ്, ത്രിമാന (3D) ഡിസൈനിംഗ് തുടങ്ങിയ അത്യാധുനിക സാങ്കേതികവിദ്യകളിൽ വിദ്യാർഥികൾക്ക് പ്രായോഗിക പരിശീലനം നൽകും.
സംസ്ഥാനത്തെ നഗര, ഗ്രാമ, തീരദേശ, ആദിവാസി, മലനിര, മറ്റ് വിദൂര പ്രദേശങ്ങൾ എന്നിവിടങ്ങളിലെ സ്‌കൂളുകളിലും കോളേജുകളിലും നേരിട്ടെത്തിയാണ് ലാബ് ഓൺ വീൽസ് പരിശീലനം നൽകുക. എല്ലാ വിദ്യാർഥികൾക്കും സമാനമായ സാങ്കേതിക പഠനാവസരങ്ങൾ ഉറപ്പാക്കുക, വ്യവസായ മേഖലയുടെ ആവശ്യങ്ങൾക്കനുസരിച്ചുള്ള പ്രായോഗിക നൈപുണ്യങ്ങൾ വികസിപ്പിക്കുക, സാങ്കേതിക മേഖലകളിലെ തൊഴിൽസാധ്യതകളെക്കുറിച്ചുള്ള അവബോധം വർധിപ്പിക്കുക, സർക്കാർ-വിദ്യാഭ്യാസ സ്ഥാപനങ്ങൾ-വ്യവസായ മേഖല എന്നിവ തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ.
സംസ്ഥാന സർക്കാരും ASAP കേരളയും ഇൻഫോസിസും സംയുക്തമായി നടപ്പാക്കുന്ന ഈ സംരംഭം ആയിരക്കണക്കിന് വിദ്യാർഥികൾക്ക് നൂതന സാങ്കേതികവിദ്യകളിലേക്കുള്ള സമതുലിതമായ പ്രവേശനം ഉറപ്പാക്കും. ഡിജിറ്റൽ നൈപുണ്യം, നവീന ചിന്ത, സർഗാത്മകത, പ്രശ്‌നപരിഹാരശേഷി എന്നിവ വളർത്തിയെടുക്കുന്നതിനൊപ്പം, വിജ്ഞാനാധിഷ്ഠിതവും ആഗോളതലത്തിൽ മത്സരക്ഷമവുമായ തൊഴിൽമേഖല സൃഷ്ടിക്കാനുള്ള സംസ്ഥാനത്തിന്റെ പ്രവർത്തനങ്ങൾക്ക് കൂടുതൽ കരുത്തേകുന്ന സുപ്രധാന ഇടപെടലാണ് 'ലാബ് ഓൺ വീൽസ്' പദ്ധതി.
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2026-08-07 08:58:53
ലേഖനം നമ്പർ: 2062