സംസ്ഥാനത്തെ പോളിടെക്നിക് കോളേജുകളെ കേന്ദ്രീകരിച്ച് വിദ്യാർഥികളിലും സമൂഹത്തിലും ലഹരിവിരുദ്ധ അവബോധം ശക്തിപ്പെടുത്തുന്നതിനുള്ള സമഗ്ര പ്രവർത്തന പദ്ധതി സ്റ്റാൻഡ് വിത്ത് തൂഫാൻ ആരംഭിച്ചു. നാഷണൽ സർവീസ് സ്കീം ടെക്നിക്കൽ സെല്ലിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തെ പോളിടെക്നിക് കോളേജുകളിൽ പദ്ധതി നടപ്പാക്കും.
വിദ്യാർഥി സമൂഹത്തെ ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ സജീവ പങ്കാളികളാക്കി മാറ്റുന്നതിനും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് സമൂഹത്തിലേക്ക് ബോധവത്കരണ പ്രവർത്തനങ്ങളുടെ വ്യാപ്തി വർധിപ്പിക്കുന്നതിനുമാണ് ‘സ്റ്റാൻഡ് വിത്ത് തൂഫാൻ’ പദ്ധതിയിലൂടെ ഇടപെടൽ നടത്തുന്നത്. വിദ്യാർഥി പങ്കാളിത്തവും സ്ഥാപനതല ഏകോപനവും സമൂഹ സഹകരണവും ഉറപ്പാക്കി ലഹരിവിരുദ്ധ പ്രവർത്തനങ്ങളെ കൂടുതൽ ശക്തവും തുടർച്ചയായതുമായ സാമൂഹിക ഇടപെടലുകളാക്കി മാറ്റുകയാണ് പദ്ധതിയുടെ ലക്ഷ്യം.
പോളിടെക്നിക് കോളേജുകൾക്കും അവയുടെ ഒന്നര കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശങ്ങൾക്കും പ്രത്യേക പ്രാധാന്യം നൽകിയാണ് പദ്ധതിയുടെ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തിരിക്കുന്നത്. കോളേജുകൾക്ക് സമീപമുള്ള ഗ്രാമപ്രദേശങ്ങളിൽ ലഹരിവിരുദ്ധ ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കുന്നതിനൊപ്പം, സമീപത്തെ പ്രൈമറി സ്കൂളുകളിലും വിദ്യാർഥികൾ, രക്ഷിതാക്കൾ, അധ്യാപകർ എന്നിവരെ ഉൾപ്പെടുത്തി വിവിധ ബോധവത്കരണ ഇടപെടലുകൾ നടത്തും. ലഹരിയുടെ ദൂഷ്യഫലങ്ങൾ, പ്രതിരോധ മാർഗങ്ങൾ, സാമൂഹിക ഇടപെടലുകളുടെ പ്രാധാന്യം എന്നിവ സംബന്ധിച്ച അവബോധം ശക്തിപ്പെടുത്തുന്ന തരത്തിലാണ് പരിപാടികൾ.
ലഹരിക്കെതിരായ പ്രവർത്തനങ്ങളിൽ വിദ്യാർഥികളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുന്നതിനായി സംസ്ഥാനത്തെ പോളിടെക്നിക് കോളേജുകളിലെ എൻഎസ്എസ് യൂണിറ്റുകളിൽ തൂഫാൻ സെല്ലുകൾ രൂപീകരിച്ചിട്ടുണ്ട്. വിദ്യാർഥികൾക്കിടയിലെ ലഹരിവിരുദ്ധ ബോധവത്കരണം, സമൂഹകേന്ദ്രീകൃത ഇടപെടലുകൾ, സന്നദ്ധ പ്രവർത്തനങ്ങൾ, പ്രചാരണ പരിപാടികൾ എന്നിവ ഏകോപിപ്പിക്കുന്നതിൽ തൂഫാൻ സെല്ലുകൾ പ്രധാന പങ്ക് വഹിക്കും.
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2026-09-24 07:17:48
ലേഖനം നമ്പർ: 2096