കേരളത്തിലെ മനുഷ്യ-വന്യജീവി സംഘർഷങ്ങൾക്ക് ശാശ്വത പരിഹാരം കാണുന്നതിനും, ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കി വനസമ്പത്ത് സംരക്ഷിക്കുന്നതിനുമായി കർമപരിപാടി നടപ്പാക്കാനൊരുങ്ങി വനം-വന്യജീവി വകുപ്പ്. വനസംരക്ഷണത്തിന് ജനകീയ മുഖം നൽകുക എന്ന ലക്ഷ്യത്തോടെ 'വിഷൻ-2031' എന്നപേരിൽ നടപ്പാക്കുന്ന കർമപദ്ധതിയുടെ ഭാഗമായാണ് പ്രവർത്തനങ്ങൾ നടപ്പാക്കുന്നത്. വന്യജീവി ആക്രമണങ്ങളിൽ നിന്ന് ജനങ്ങൾക്ക് സുരക്ഷയൊരുക്കാൻ അടിയന്തര പ്രാധാന്യത്തോടെ വനം-വന്യജീവി വകുപ്പ് 100 ദിവസത്തെ പ്രത്യേക കർമപരിപാടി നടപ്പിലാക്കും.
മനുഷ്യ-വന്യജീവി സംഘർഷ ലഘൂകരണത്തിന് 100 ദിന കർമപദ്ധതി
വന്യജീവി ആക്രമണങ്ങളിൽ നിന്ന് ജനങ്ങൾക്ക് സുരക്ഷയൊരുക്കാൻ അടിയന്തിര പ്രാധാന്യത്തോടെയുള്ള പദ്ധതികളാണ് വനംവകുപ്പ് ആവിഷ്കരിച്ചിരിക്കുന്നത്. 100 ദിവസത്തെ പ്രത്യേക കർമപരിപാടി നടപ്പിലാക്കും.സംസ്ഥാനത്ത് നിലവിലുള്ള 2,000 കിലോമീറ്റർ സോളാർ ഫെൻസുകൾ പൂർണ സജ്ജമാക്കുന്നതിനൊപ്പം 100 കിലോമീറ്റർ പുതിയ വേലികൾ 100 ദിവസത്തിനകം സ്ഥാപിക്കും. അടുത്ത 5 വർഷത്തിനുള്ളിൽ 1,900 കിലോമീറ്റർ സോളാർ വേലികൾ കൂടി നിർമ്മിക്കും. ഇവയുടെ മേൽനോട്ടത്തിനായി കേന്ദ്രീകൃത നിരീക്ഷണ സംവിധാനവും ഓട്ടോമാറ്റിക് ഫാൾട്ട് ഡിറ്റക്ഷനും ഒരുക്കും.
ഫെൻസിങ് നിരീക്ഷണത്തിന് ഓൺലൈൻ പോർട്ടൽ
സംസ്ഥാനത്തെ സോളാർ ഫെൻസുകളുടെ തത്സമയ പ്രവർത്തന നില വിലയിരുത്താൻ വനം വകുപ്പ് പുതിയ ഓൺലൈൻ റിപ്പോർട്ടിങ് സംവിധാനവും മോണിറ്ററിങ് പോർട്ടലും വികസിപ്പിച്ചു. ഓരോ ഫോറസ്റ്റ് സ്റ്റേഷൻ, സെക്ഷൻ പരിധിയിലെയും നാശനഷ്ടങ്ങളും അറ്റകുറ്റപ്പണികളും ഇതിലൂടെ നിരീക്ഷിക്കാം. 48 മണിക്കൂറിലധികം പരിശോധന നടക്കാത്ത ഭാഗങ്ങൾ കണ്ടെത്താനും ഒരൊറ്റ ക്ലിക്കിൽ സംസ്ഥാനത്തെ മുഴുവൻ വേലികളുടെയും വിവരങ്ങൾ ഡാഷ്‌ബോർഡിൽ ലഭ്യമാക്കാനും ഈ സംവിധാനം സഹായിക്കും.വനാതിർത്തിയോട് ചേർന്ന റോഡുകളിൽ വന്യമൃഗങ്ങളുടെ സാന്നിധ്യം മുൻകൂട്ടി അറിയാൻ 100 കിലോമീറ്റർ ദൂരത്തിൽ റോഡിരുവശങ്ങളിലെയും അടിക്കാടുകൾ വെട്ടിത്തെളിക്കുന്ന 'വിസ്ത ക്ലിയറൻസ്' പദ്ധതി നടപ്പാക്കും.
കഴിഞ്ഞ 5 വർഷത്തിനിടെ പാമ്പുകടി മരണങ്ങൾ 40-ൽ താഴെയായി കുറയ്ക്കാൻ കഴിഞ്ഞിട്ടുണ്ട്. അടുത്ത 5 വർഷത്തിനുള്ളിൽ ഇത് പൂജ്യത്തിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ 'സർപ്പ' പദ്ധതിയുടെ രണ്ടാം ഘട്ടം ആരംഭിക്കും.നിലവിലുള്ള 28 ആർ.ആർ.ടികൾക്ക് പുറമെ 25 സാറ്റലൈറ്റ് ആർ.ആർ.ടികൾ കൂടി രൂപീകരിക്കും. തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ എന്നീ പ്രധാന നഗരങ്ങളിൽ 'മെട്രോ റെസ്‌ക്യൂ ടീമുകൾ' വരും. വന്യജീവി നിരീക്ഷണത്തിനായി എ.ഐ. അധിഷ്ഠിത തത്സമയ മുന്നറിയിപ്പ് സംവിധാനം, ഡ്രോൺ സ്‌ക്വാഡുകൾ, ക്യാമറ ട്രാപ്പുകൾ എന്നിവ ഉപയോഗിക്കും.
വനം, റവന്യൂ, ദുരന്തനിവാരണം, കൃഷി, മൃഗസംരക്ഷണം വകുപ്പുകളെ കോർത്തിണക്കി സമയബന്ധിത നഷ്ടപരിഹാരത്തിന് ഏകീകൃത ഓൺലൈൻ പോർട്ടൽ നിർമ്മിച്ച് നഷ്ടപരിഹാര വിതരണം വേഗത്തിലാക്കും. ഇതിനായി പ്രത്യേക ഡ്രൈവും നടത്തും.പഞ്ചായത്ത് അടിസ്ഥാനത്തിൽ കാട്ടുപന്നികളുടെ കണക്കെടുപ്പ് നടത്തി, ഇവയെ നിയന്ത്രിക്കാനുള്ള പ്രത്യേക കർമ്മപദ്ധതി ജൂൺ 15 മുതൽ ആരംഭിക്കും. ഷൂട്ടർമാരുടെ ഓണറേറിയവും ജഡം മറവുചെയ്യാനുള്ള ചെലവും വർദ്ധിപ്പിച്ചിട്ടുണ്ട്.
പ്രാദേശിക റെസ്‌പോൺസ് ടീമുകൾ, ജനജാഗ്രതാ സമിതികൾ, ഫോറസ്റ്റ് ലെയ്‌സൺ ഓഫീസർമാർ എന്നിവരുടെ പ്രവർത്തനം ശക്തമാക്കും. കർഷകർക്കും ജനങ്ങൾക്കുമായി പ്രത്യേക ഇൻഷുറൻസ് മാതൃക തയ്യാറാക്കാൻ വിദഗ്ധ സമിതിയെ നിയോഗിക്കും.വയനാട്, കോതമംഗലം, മൂന്നാർ മേഖലകളിലെ വന്യജീവി ശല്യം പരിഹരിക്കാൻ പ്രത്യേക പാക്കേജുകൾ നടപ്പിലാക്കും. കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തിൽ കാലോചിത ഭേദഗതികൾക്കായി കേന്ദ്രത്തിന് പ്രൊപ്പോസൽ സമർപ്പിക്കും.
അത്യാധുനിക സംവിധാനങ്ങളോടെ 24/7 ഫോറസ്റ്റ് കോൾ സെന്റർ
മനുഷ്യ-വന്യജീവി സംഘർഷമുണ്ടാകുന്ന സാഹചര്യങ്ങളിൽ പൊതുജനങ്ങൾക്ക് സഹായം തേടാൻ വനം വകുപ്പ് 1800-425-4733 എന്ന ടോൾ ഫ്രീ നമ്പറിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കോൾ സെന്റർ സംവിധാനം ഒരുക്കിയിട്ടുണ്ട് (ഭാവിയിൽ ഇത് 3 അല്ലെങ്കിൽ 4 അക്ക ഷോർട്ട് കോഡ് നമ്പറിലേക്ക് മാറ്റും).വനത്തിന് പുറത്ത് വന്യമൃഗങ്ങളെ കണ്ടാൽ റിപ്പോർട്ട് ചെയ്യാനും അവയെ മാറ്റാനുമുള്ള ഏകജാലക സംവിധാനമാണിത്. കോൾ സെന്ററിൽ ലഭിക്കുന്ന വിവരങ്ങൾ പ്രത്യേക പോർട്ടലിൽ രേഖപ്പെടുത്തുകയും, പരാതിക്കാരന് ട്രാക്കിംഗ് വിവരങ്ങൾ അടങ്ങിയ SMS ലഭിക്കുകയും ചെയ്യും.
അടിയന്തിര നടപടികൾക്കായി വിവരങ്ങൾ 'WildWatch' മൊബൈൽ ആപ്പ് വഴി ഡിവിഷൻ ഫോറസ്റ്റ് എമർജൻസി ഓപ്പറേഷൻ സെന്റർ (DFEOC), ആർ.ആർ.ടി, റേഞ്ച് ഓഫീസ് എന്നിവടങ്ങളിലേക്ക് ഉടനടി കൈമാറും. പരാതിക്കാരന് ഇതിന്റെ പുരോഗതി ട്രാക്ക് ചെയ്യാനും സാധിക്കും. ക്ലൗഡ് അധിഷ്ഠിതമായാണ് ഈ പരാതി പരിഹാര സംവിധാനം ഒരുക്കിയിരിക്കുന്നത്.
വനാതിർത്തിയിലെ മാലിന്യ നിക്ഷേപത്തിനെതിരെ കർശന നടപടി
വനാതിർത്തികളിലും വനത്തിനുള്ളിലും അനധികൃതമായി മാലിന്യവും പ്ലാസ്റ്റിക്കും നിക്ഷേപിക്കുന്നവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കും. വനത്തിനുള്ളിൽ മാലിന്യം തള്ളുന്നത് തടയാൻ പ്രത്യേക ക്യാമറകൾ സ്ഥാപിക്കും. വനമേഖലകളിൽ പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ കൈവശം വയ്ക്കുന്നതിന് കർശന നിരോധനമുണ്ടാകും.
വന്യമൃഗങ്ങൾക്ക് വനത്തിനുള്ളിൽ തന്നെ തീറ്റ ഉറപ്പാക്കാൻ പുൽമേടുകൾ വീണ്ടെടുക്കും. അധിനിവേശ സസ്യങ്ങൾ വെട്ടിമാറ്റും. നഗരങ്ങളിൽ പച്ചപ്പ് വർദ്ധിപ്പിക്കാൻ 'മിയാവാക്കി' മാതൃകയിൽ നഗരവനവത്കരണ പദ്ധതികൾ ആരംഭിക്കും.ജൈവവൈവിധ്യ സംരക്ഷണത്തിനായി പ്രാദേശിക അടിസ്ഥാനത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് ഫണ്ട് ലഭ്യമാക്കുന്നത് സർക്കാരിന്റെ സജീവ പരിഗണനയിലാണ്. പരിസ്ഥിതി ദിനത്തിൽ നട്ട തൈകളുടെ ഭാവി പരിപാലനം സോഷ്യൽ ഫോറസ്ട്രി വിഭാഗം കൃത്യമായി നിരീക്ഷിക്കും.
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2026-06-09 09:07:08
ലേഖനം നമ്പർ: 2027