2024ലെ ദേശീയ പഞ്ചായത്ത് പുരസ്‌കാരത്തിൽ ഇരട്ട പുരസ്‌ക്കാര നേട്ടവുമായി തിളങ്ങി കേരളം. ദാരിദ്ര്യമുക്തവും മെച്ചപ്പെട്ട ഉപജീവനവും ഉറപ്പാക്കുന്ന പദ്ധതികൾ നടപ്പിലാക്കിയതിന് ദീൻ ദയാൽ ഉപാധ്യായ് പഞ്ചായത്ത് സതത് വികാസ് പുരസ്‌കാരം മലപ്പുറം ജില്ലയിലെ പെരുമ്പടപ്പ ഗ്രാമപഞ്ചായത്ത് സ്വന്തമാക്കി. ദേശീയ തലത്തിൽ രണ്ടാം സ്ഥാനമാണ് പെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത് നേടിയത്. പഞ്ചായത്ത് ക്ഷമത നിർമാൺ സർവോത്തം സംസ്ഥാന പുരസ്‌ക്കാരം കില നേടി. ഗ്രാമപഞ്ചായത്തുകളുടെ കാര്യക്ഷമത വർധിപ്പിക്കാനും നൈപുണ്യ വികസനത്തിനും മെച്ചപ്പെട്ട സേവനം ഉറപ്പുവരുത്താനും നടത്തിയ ഇടപെടലുകളാണ് കിലയെ ദേശീയ പുരസ്‌കാരത്തിന് അർഹമാക്കിയത്. പഞ്ചായത്തുകൾക്ക് പിന്തുണ നൽകുന്ന സ്ഥാപനങ്ങളിൽ ദേശീയ തലത്തിൽ ഒന്നാം സ്ഥാനത്തെത്താൻ കിലയ്ക്ക് കഴിഞ്ഞു. 

ദാരിദ്രമുക്തവും മെച്ചപ്പെട്ട ജീവിതോപാധികളുമുള്ള പഞ്ചായത്ത്, ആരോഗ്യകരമായ പഞ്ചായത്ത്, കുട്ടി സൗഹൃദ പഞ്ചായത്ത്, ജലസുരക്ഷിത പഞ്ചായത്ത്, വൃത്തിയും പച്ചപ്പും നിറഞ്ഞ പഞ്ചായത്ത്, സ്വയംപര്യാപ്തമായ അടിസ്ഥാന സൗകര്യങ്ങളുള്ള പഞ്ചായത്ത്, സാമൂഹികമായി നീതിയുക്തവും സുരക്ഷിതവുമായ പഞ്ചായത്ത്, മികച്ച ഭരണമുള്ള പഞ്ചായത്ത്, സ്ത്രീ സൗഹൃദ പഞ്ചായത്ത് എന്നിങ്ങനെ ഒമ്പത് വിഭാഗങ്ങളിലെ മികവാണ് അവാർഡിന് പരിഗണിക്കുന്നത്. അടിസ്ഥാനസൗകര്യ വികസനത്തിൽ മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്ന പഞ്ചായത്തുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി 2022 മുതലാണ് ദേശീയ പഞ്ചായത്ത് അവാർഡുകൾ സമ്മാനിക്കുന്നത്. 1.94 ലക്ഷം ഗ്രാമപഞ്ചായത്തുകളാണ് ഇത്തവണ പുരസ്‌കാരത്തിനായി മത്സരിച്ചത്.

 മികച്ച പ്രകടനം കാഴ്ച വെയ്ക്കുന്ന മികച്ച മൂന്ന് ഗ്രാമപഞ്ചായത്തുകൾക്ക് ദീൻ ദയാൽ ഉപാധ്യായ പഞ്ചായത്ത് സതത് വികാസ് പുരസ്‌കാരവും, എല്ലാ വിഭാഗങ്ങളിലും ഉയർന്ന സ്‌കോറുള്ള മികച്ച മൂന്ന് ഗ്രാമ-ബ്ലോക്ക്-ജില്ലാ പഞ്ചായത്തുകൾക്ക് നാനാജി ദേശ്മുഖ് സർവോത്തം പഞ്ചായത്ത് സതത് വികാസ് പുരസ്‌കാരവും, പുനരുപയോഗ ഊർജ്ജ സ്രോതസ്സുകളുടെ സ്വീകാര്യതയും ഉപയോഗവും സംബന്ധിച്ച പ്രകടനത്തിന് മൂന്ന് ഗ്രാമപഞ്ചായത്തുകൾക്ക് ഗ്രാമ ഊർജ്ജ സ്വരാജ് വിശേഷ പഞ്ചായത്ത് പുരസ്‌കാരവും, കാർബൺ ന്യൂട്രൽ വിശേഷ് പഞ്ചായത്ത് പുരസ്‌കാരവും, തദ്ദേശാടിസ്ഥാനത്തിൽ ഗ്രാമപഞ്ചായത്തുകളെ പ്രോത്സാഹിപ്പിക്കുന്ന സ്ഥാപനങ്ങൾക്ക് പഞ്ചായത്ത് ക്ഷമത നിർമാൺ സർവോത്തം സംസ്ഥാന പുരസ്‌കാരവും നൽകും. 

ഈ വർഷത്തെ പുരസ്‌കാരം നേടിയ 42 പഞ്ചായത്തുകളിൽ 42 ശതമാനവും സ്ത്രീകളുടെ നേതൃത്വത്തിലുള്ള പഞ്ചായത്തുകളാണെന്നത് ശ്രദ്ധേയമാണ്. തദ്ദേശാടിസ്ഥാനത്തിൽ പഞ്ചായത്തുകളെ പിന്തുണയ്ക്കുന്നതിനുള്ള ആദരവാണ് കിലയ്ക്കു ലഭിച്ച പുരസ്‌കാരം.വികേന്ദ്രീകൃതാസൂത്രണത്തിലൂടെ പ്രാദേശികമായ വികസനപ്രവർത്തനങ്ങൾ ലോകത്തിന് മാതൃകയായി നടപ്പിക്കാൻ നേതൃത്വം നൽകിയ സംവിധാനമാണ് കില. പുതിയ കാലത്തിന് അനുസരിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ മാറ്റാൻ കിലയിലൂടെയാണ് സർക്കാർ പരിശീലന പരിപാടികൾ സംഘടിപ്പിക്കുന്നത്. ദേശീയ തലത്തിലെ പുരസ്‌ക്കാര നേട്ടത്തിലൂടെ കേരളത്തിന്റെ തദ്ദേശ സ്വയംഭരണ വകുപ്പ് രാജ്യത്തിന് തന്നെ മാതൃക സൃഷിടിച്ചിരിക്കുകയാണ്.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2024-12-11 16:56:57

ലേഖനം നമ്പർ: 1595

sitelisthead