കേരളത്തിന്റെ ജലഗതാഗത മേഖലയിൽ വിപ്ലവം സൃഷ്ടിച്ച് കൊച്ചി വാട്ടർ മെട്രോയുടെ പ്രവർത്തനം. ഇന്ത്യയിലെ ആദ്യ വാട്ടർ മെട്രോ, പ്രവർത്തനം ആരംഭിച്ച് 29 മാസങ്ങൾക്കുള്ളിൽ 50 ലക്ഷം യാത്രക്കാരെ സ്വന്തമാക്കി ചരിത്രം കുറിച്ചു. ലൈറ്റ് ട്രാൻസ്‌പോർട്ട് പദ്ധതിയായ വാട്ടർമെട്രോ വളരെ കുറഞ്ഞ സമയത്തിനുള്ളിൽ നേടിയ വലിയ ജനപിന്തുണ, നഗര വികസനത്തെയും വിനോദസഞ്ചാര മേഖലയെയും പുതുയുഗത്തിലേക്ക് എത്തിച്ചിരിക്കുകയാണ്. ഇതിലൂടെ വാട്ടർമെട്രോ, സംസ്ഥാനത്തിന്റെ പ്രധാന ജലഗതാഗത ശൃംഖലയായി മാറിക്കൊണ്ടിരിക്കുന്നു. ഉയർന്ന നിലവാരത്തിലുള്ള യാത്രാനുഭവം, കൃത്യമായ സർവീസ്, പരിസ്ഥിതി സൗഹൃദമായ ബോട്ടുകൾ എന്നിവയാണ് ഈ വിജയത്തിന് പിന്നിലെ പ്രധാന ഘടകങ്ങൾ.
2023 ഏപ്രിൽ 25-ന് പ്രവർത്തനം ആരംഭിച്ച കൊച്ചി വാട്ടർ മെട്രോ, വളരെ ചുരുങ്ങിയ കാലയളവിനുള്ളിൽ തന്നെ ദ്വീപ് നിവാസികളുടെയും വിനോദസഞ്ചാരികളുടെയും പ്രധാന യാത്രാമാർഗമായി മാറി. പ്രവർത്തനത്തിലെ വിജയം കണക്കിലെടുത്ത്, രാജ്യത്തെ 18 നഗരങ്ങളിൽ ഈ പദ്ധതി നടപ്പാക്കാൻ കേന്ദ്ര സർക്കാർ പദ്ധതിയിടുന്നു. ഇതിനായുള്ള സാധ്യതാ പഠനം കെഎംആർഎൽ ഏറ്റെടുത്തിട്ടുണ്ട്. കൂടാതെ, കൊച്ചി വാട്ടർ മെട്രോയുടെ സേവനങ്ങൾക്ക് സഹകരിക്കാൻ ലോക ബാങ്ക് സന്നദ്ധത പ്രകടിപ്പിച്ചതും പദ്ധതിയുടെ ആഗോള പ്രാധാന്യത്തെ ഉയർത്തിക്കാട്ടുന്നു.
യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തിയാണ് ഓരോ യാത്രയും വാട്ടർ മെട്രോ നടത്തുന്നത്. ആവശ്യമായ ലൈഫ് ബോട്ടുകളും മറ്റു സുരക്ഷ സംവിധാനങ്ങളും ബോട്ടിൽ ഒരുക്കിയിട്ടുണ്ട്.ആഭ്യന്തര, വിദേശ ടൂറിസ്റ്റുകൾക്ക് കായൽ സൗന്ദര്യം സുഖകരമായി ആസ്വദിക്കാൻ കഴിയുന്നതോടൊപ്പം കൊച്ചിയിലെ വിവിധങ്ങളായ കാഴ്ചകൾ കാണാൻ പറ്റുന്ന തരത്തിലുമാണ് മെട്രോയുടെ യാത്ര സജ്ജീകരിച്ചിട്ടുള്ളത്.

വാട്ടർ മെട്രോ നിലവിൽ 20 ബോട്ടുകളിലായി 125 ട്രിപ്പുകളാണ് പ്രതിദിനം നടത്തുന്നത്. കൂടുതൽ ടെർമിനലുകളുടെ നിർമ്മാണം പുരോഗമിക്കുകയാണ്. മട്ടാഞ്ചേരി, വില്ലിംഗ്ടൺ ഐലൻഡ് ടെർമിനലുകൾ ഉടൻ പ്രവർത്തനസജ്ജമാകും. പൊതുഗതാഗതം ശക്തിപ്പെടുത്താനും യാത്രക്കാർക്ക് വേഗവും സൗകര്യപ്രദവുമായ യാത്രാനുഭവം ഒരുക്കാനും ചുരുങ്ങിയ കാലയളവിനുള്ളിൽ കൊച്ചി വാട്ടർമെട്രോയ്ക്ക് സാധിച്ചു. പ്രവർത്തന മികവിന് നിരവധി അവാർഡുകളും വാട്ടർ മെട്രോയ്ക്ക് ലഭിച്ചു. കൂടുതൽ ടെർമിനലുകളുടെ നിർമ്മാണം പൂർത്തിയാക്കി ആ റൂട്ടുകളിൽ കൂടി ബോട്ടുകൾ ഇറക്കി സർവീസ് വിപുലീകരിക്കാനാണ് കൊച്ചി വാട്ടർമെട്രോ തയാറെടുക്കുന്നത്.

കൊച്ചി വാട്ടർ മെട്രോ, കേരളത്തിന്റെ ജലഗതാഗത മേഖലയിൽ പുതിയ വഴിത്തിരിവായി മാറിയിരിക്കുകയാണ്. പരിസ്ഥിതി സൗഹൃദവും സുരക്ഷിതവും ആധുനികവുമായ ഗതാഗതസൗകര്യം നഗരത്തിന്റെ പുരോഗതിയ്ക്കും വിനോദസഞ്ചാര മേഖലയ്ക്കും പുതിയ പ്രതീക്ഷകൾ നൽകി. തുടർച്ചയായ വിപുലീകരണങ്ങളിലൂടെ വാട്ടർ മെട്രോ, കേരളത്തിന്റെ പ്രധാന പൊതുഗതാഗത ശൃംഖലകളിലൊന്നായി കൂടുതൽ ശക്തിപ്പെടും.
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2025-09-23 17:08:33
ലേഖനം നമ്പർ: 1865