വിനോദ സഞ്ചാരികൾ സന്ദർശിക്കാൻ ആഗ്രഹിക്കുന്ന ട്രെന്‍ഡിംഗ് ഡെസ്റ്റിനേഷൻ കേന്ദ്രങ്ങളുടെ പട്ടികയിൽ ഇടം നേടി കേരളത്തിന്റെ തലസ്ഥാനഗരം തിരുവനന്തപുരം. പ്രമുഖ ട്രാവല്‍ വെബ്സൈറ്റ് സ്കൈ സ്കാന്നറിന്‍റെ 2025 ലെ ട്രെന്‍ഡിംഗ് ഡെസ്റ്റിനേഷനുകളുടെ പട്ടികയില്‍ പത്താം സ്ഥാനത്താണ് തിരുവനന്തപുരം സ്ഥാനം പിടിച്ചിരിക്കുന്നത്.
അനുയോജ്യമായ വിനോദ കേന്ദ്രങ്ങൾ കണ്ടെത്തുന്നതിനായി സഞ്ചാരികൾ കഴിഞ്ഞ 12 മാസം നടത്തിയ തിരച്ചിലിലെ വര്‍ധനവും 2024 ജനുവരി ഒന്നു മുതല്‍ ജൂണ്‍ 30 വരെ നിശ്ചിത നഗരങ്ങളിലേക്കുള്ള വിമാന യാത്രയ്ക്കായുള്ള അന്വേഷണത്തിലെ വര്‍ധനവും അടിസ്ഥാനമാക്കിയാണ് സ്ഥലങ്ങളെ പട്ടികപ്പെടുത്തിയത്. ഇക്കാലയളവില്‍ 66 ശതമാനം വര്‍ധനവാണ് തിരുവനന്തപുരത്തിന് ഉണ്ടായത്. ഇറ്റലിയിലെ റെഗ്ഗിയോ കലാബ്രിയ ആണ് പട്ടികയില്‍ ഒന്നാമത്. എസ്റ്റോണിയയിലെ താര്‍തു രണ്ടാമതും. 2023 ല്‍ ഇതേ കാലയളവിലെ അന്വേഷണവുമായി താരതമ്യപ്പെടുത്തിയാണ് വര്‍ധനവ് രേഖപ്പെടുത്തിയത്.
സമ്പന്നമായ പ്രകൃതിഭംഗിയും ഹെൽത്ത്-വെൽനെസ് ടൂറിസത്തിലെ പ്രാധാന്യവുമാണ് ജനപ്രിയ ഡെസ്റ്റിനേഷന്‍ എന്ന നിലയിൽ തിരുവനന്തപുരത്തെ ട്രെന്‍ഡിംഗ് ലിസ്റ്റില്‍ നിലനിര്‍ത്തുന്നതെന്ന് സ്കൈസ്കാന്നര്‍ വ്യക്തമാക്കുന്നു. യാത്രികരുടെ മാറുന്ന അഭിരുചികള്‍ തിരിച്ചറിഞ്ഞുകൊണ്ട് കേരളം നടപ്പാക്കുന്ന നൂതന ടൂറിസം ഉത്പന്നങ്ങള്‍ക്കും പദ്ധതികള്‍ക്കുമുള്ള അംഗീകാരമാണ് ഈ നേട്ടം.
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2024-11-01 16:39:24
ലേഖനം നമ്പർ: 1558