സൈബർ കുറ്റകൃത്യങ്ങൾ തടയുന്നത്തിനായി സംസ്ഥാന സർക്കാർ നടത്തിവരുന്ന ഇടപെടലുകൾക്ക് കേന്ദ്ര അംഗീകാരം. രാജ്യത്തെ സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിനായി വിവിധതരം സൈബർ കുറ്റകൃത്യങ്ങൾ ഏകോപിപ്പിച്ച് കൈകാര്യം ചെയ്യുന്നതിനായി ഇന്ത്യാ ഗവൺമെന്റിന്റെ ആഭ്യന്തര മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന സംവിധാനമായ സൈബർ ക്രൈം കോർഡിനേഷൻ സെന്ററിന്റെ (I4C) ആദ്യ സ്ഥാപക ദിനാഘോഷത്തോടനുബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ച പുരസ്‌കാരങ്ങളിലാണ് കേരളം നേട്ടം കൈവരിച്ചിരിക്കുന്നത്. 'സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ ഓൺലൈൻ കുറ്റകൃത്യങ്ങളിൽ സജീവമായ ഇടപെടൽ' എന്ന വിഭാഗത്തിലാണ് കേരളത്തെ പുരസ്‌കാരത്തിനായി തിരഞ്ഞെടുത്തത്. 

എല്ലാ മേഖലകളിലും സൈബർ സുരക്ഷ ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള വിവിധ ദൗത്യങ്ങൾ , പദ്ധതികൾ  എന്നിവയിലൂടെ  സൈബർ സുരക്ഷ ഉറപ്പാക്കുന്നതിൽ  കേരളം സജീവമാണ്. സ്ത്രീകളെയും കുട്ടികളെയും ലക്ഷ്യമിട്ടുള്ള സൈബർ കുറ്റകൃത്യങ്ങൾ പരിഹരിക്കുന്നതിനായി കേന്ദ്രസർക്കാരിന്റെ ഡിജിറ്റൽ ഇന്ത്യ സംരംഭത്തിന് കീഴിൽ ആരംഭിച്ച് കേരളത്തിൽ നടപ്പാക്കിയ   പദ്ധതിയാണ്   സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ സൈബർ കുറ്റകൃത്യങ്ങൾ തടയൽ (CCPWC). സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ  സൈബർ കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള ലോ എൻഫോഴ്സ്മെന്റ്  ശക്തിപ്പെടുത്തുക.ബാലപീഡനം, സൈബർ കുറ്റകൃത്യങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട കേസുകൾ കൈകാര്യം ചെയ്യുന്നതിന് സംസ്ഥാന തലത്തിൽ പ്രത്യേക സൈബർ ക്രൈം യൂണിറ്റുകൾ സ്ഥാപിക്കുക, സുരക്ഷിതമായ ഓൺലൈൻ സമ്പ്രദായങ്ങളെക്കുറിച്ച് സ്‌കൂളുകളിലും കമ്മ്യൂണിറ്റികളിലും ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുക തുടങ്ങിയ പ്രവർത്തങ്ങളിലൂടെ സൈബർ കുറ്റകൃത്യം തടയുന്നതിൽ  CCPWC സുപ്രധാന പങ്ക് വഹിക്കുന്നു. 

കുട്ടികളുടെ അശ്ലീല ചിത്രങ്ങളും കുട്ടികൾക്കെതിരായ മറ്റ് സൈബർ കുറ്റകൃത്യങ്ങളും നടത്തുന്ന വ്യക്തികളെ പിടികൂടുന്നതിനായി കേരള പോലീസ് ആരംഭിച്ച പദ്ധതിയാണ്  ഓപ്പറേഷൻ പി-ഹണ്ട്. സൈബർ ഫോറൻസിക്, ഇന്റലിജൻസ്  എന്നിവ ഉപയോഗിച്ച് ഓൺലൈൻ ചൂഷണത്തിൽ ഏർപ്പെട്ടിരിക്കുന്ന കുറ്റവാളികളെ തിരിച്ചറിയുന്നതിലും ട്രാക്കുചെയ്യുന്നതിലും പ്രോസിക്യൂട്ട് ചെയ്യുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ച്  ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരെ ഉന്മൂലനം ചെയ്യുന്നതിന് ഈ പദ്ധതിയിലൂടെ സാധിക്കുന്നു. കുട്ടികളെ ചൂഷണം ചെയ്യുന്നതുമായി ബന്ധപ്പെട്ട സൈബർ കുറ്റകൃത്യങ്ങളെ നേരിടുന്നതിൽ കേരള പോലീസിന്റെ നേതൃത്വത്തിലുള്ള ഓപ്പറേഷൻ പി-ഹണ്ട് ഗണ്യമായ പുരോഗതി കൈവരിച്ചിട്ടുണ്ട്. കേരള  പോലീസിന്റെ  ചൈൽഡ് പോണോഗ്രഫി സൈബർ ഡിവിഷൻ്റെ കൗണ്ടർ ചൈൽഡ് സെക്ഷ്വൽ എക്‌സ്‌പ്ലോയിറ്റേഷൻ സെൻറർ 2023-2024 വർഷത്തിൽ ചൈൽഡ് പോണോഗ്രാഫി പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട ആറ് 'P -ഹണ്ടുകൾ' നടത്തുകയും അതിൽ 2347 സെർച്ചുകൾ  നടത്തുകയും 881 ഡിവൈസുകൾ പിടിച്ചെടുത്ത് 395 കേസുകൾ രജിസ്റ്റർ ചെയ്യുകയും 37 പ്രതികളെ അറസ്റ്റുകയും ചെയ്തു. 

ഓൺലൈൻ  കുറ്റകൃത്യങ്ങൾ , പ്രത്യേകിച്ച് കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ ഉൾപ്പെടുന്ന കുറ്റകൃത്യങ്ങൾ തടയുന്നതിൽ പ്രധാന പങ്കുവഹിക്കുന്ന  ഓപ്പറേഷൻ പി-ഹണ്ട്, സൈബർ കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്നതിനും സൈബർ സുരക്ഷാ അവബോധം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ഇടപെടലുകൾ നടത്തുന്നതിനുമായി ആവിഷ്‌കരിച്ച കേരള പോലീസ് സൈബർഡോം, കേരള സർക്കാർ വിവിധ സംഘടനകളുമായി സഹകരിച്ച് പൊതുജനങ്ങളിൽ ഡിജിറ്റൽ സാക്ഷരതയും സൈബർ ശുചിത്വവും പ്രോത്സാഹിപ്പിക്കുന്നതിനായി ഗ്രാമപ്രദേശങ്ങളും സ്‌കൂളുകളും കേന്ദ്രീകരിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി നടപ്പിലാക്കിയ ഡിജിറ്റൽ സാക്ഷരത, സൈബർ ശുചിത്വ കാമ്പയിനുകൾ   എന്നിവയെല്ലാം  സൈബർസുരക്ഷക്കായി  സർക്കാർ തലത്തിൽ നടത്തിയ മികച്ച ഇടപെടലുകൾ ആണ്.

 

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2024-09-10 11:31:39

ലേഖനം നമ്പർ: 1516

sitelisthead