ദീൻ ദയാൽ അന്ത്യോദയ യോജന ദേശീയ നഗര ഉപജീവന ദൗത്യം(എൻ.യു.എൽ.എം.) മികച്ച രീതിയിൽ നടപ്പാക്കുന്ന സംസ്ഥാനങ്ങൾക്ക് നൽകുന്ന കേന്ദ്ര ഭവന നഗരകാര്യ മന്ത്രാലയത്തിന്റെ 2023–24ലെ സ്പാർക്ക് റാങ്കിംഗിൽ കേരളത്തിന് ഒന്നാം സ്ഥാനം. ഇതോടെ തുടർച്ചയായി ഏഴു തവണ സ്പാർക്ക് അവാർഡ് നേടുന്ന ഏക സംസ്ഥാനമായി കേരളം മാറി. നഗരങ്ങളിലെ പാവപ്പെട്ടവരുടെ ജീവിതം മെച്ചപ്പെടുത്തുകയും സാമൂഹികമായ ഉൾപ്പെടുത്തൽ സാധ്യമാക്കുകയും അതുവഴി അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരികയും ചെയ്തതിനാണ് അവാർഡ്. ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങള്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനം നേടി.
നഗരദരിദ്രരുടെ ഉന്നമനം ലക്ഷ്യമിട്ടുള്ള ദേശീയ നഗര ഉപജീവനമിഷൻ പദ്ധതി സംസ്ഥാനത്ത് നടപ്പിലാക്കുന്നത് കുടുംബശ്രീ മിഷനാണ്. പദ്ധതിയുടെ ലക്ഷ്യങ്ങളും പ്രവര്‍ത്തനങ്ങളും സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് നിഷ്‌ക്കര്‍ഷിച്ചിട്ടുള്ള പൊതു മാനദണ്ഡങ്ങള്‍ പ്രകാരമുള്ള പ്രവര്‍ത്തനങ്ങളും പുരോഗതിയുമാണ് പുരസ്‌ക്കാരത്തിനായി പരിഗണിച്ചത്. ഇത് കൂടാതെ കുടുംബശ്രീ അക്കൗണ്ടിങ് ആൻഡ് ഓഡിറ്റിങ് സർവീസ് സൊസൈറ്റി (കാസ്)ക്ക് മികച്ച വികസന പങ്കാളികൾക്കുള്ള വിഭാഗത്തിൽ രണ്ടാം സ്ഥാനവും ലഭിച്ചു. വിജയകരമായ പദ്ധതി നിർവഹണത്തിൽ അമൂല്യമായ പങ്കാളിത്തം വഹിച്ചതിനാണ് പുരസ്കാരം.നഗര ദരിദ്രരുടെ ഭൗതിക ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി തൊഴിൽ പരിശീലനങ്ങളും തൊഴിലും ലഭ്യമാക്കിയതിലൂടെ സാമ്പത്തികവും സാമൂഹ്യവുമായ പുരോഗതി കൈവരിക്കാൻ പദ്ധതി സഹായകമായതാണ് വിലയിരുത്തൽ. കൂടാതെ അഗതികൾക്കു വേണ്ടി ഷെൽട്ടർ ഹോമുകൾ, തെരുവ് കച്ചവടക്കാർക്ക് തിരിച്ചറിയൽ കാർഡ് നൽകുകയും വായ്പകൾ ലഭ്യമാക്കുകയും ചെയ്തിട്ടുണ്ട്.
നഗരസഭകളുടേയും കുടുംബശ്രീ സംവിധാനത്തിന്റേയും സഹകരണത്തോടെ 93 നഗരസഭകളിലും 2015 മുതൽ പദ്ധതി നടപ്പിലാക്കി വരുന്നുണ്ട്. പദ്ധതി നിർവ്വഹണത്തിന്റെ മികവ് പരിഗണിച്ച് കേന്ദ്ര ഭവന നഗരകാര്യ മന്ത്രാലയം ദേശീയ തലത്തിൽ എല്ലാ വർഷവും സംസ്ഥാനങ്ങൾക്ക് സ്പാർക്ക് റാങ്കിംഗ് അവാർഡുകൾ നൽകുന്നു. 2020-21 സാമ്പത്തികവർഷം ഒന്നാം സ്ഥാനവും 2021-22, 2022-23, 2018-19 വർഷങ്ങളിൽ രണ്ടാം സ്ഥാനവും 2019-20, 2017-18 വർഷങ്ങളിൽ മൂന്നാം സ്ഥാനവും കേരളം നേടിയിട്ടുണ്ട്. രാജ്യത്ത് 29 സംസ്ഥാനങ്ങളിലെയും എട്ട് കേന്ദ്രഭരണ പ്രദേശങ്ങളിലെയും നഗരമേഖലയിൽ എൻ.യു.എൽ.എം പദ്ധതി നടപ്പാക്കുന്നുണ്ട്.
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2024-07-20 15:14:18
ലേഖനം നമ്പർ: 1455