കേരള സമുദ്ര സമ്പദ് വ്യവസ്ഥയ്ക്ക് ശക്തമായ ഉത്തേജനമേകി ബ്ലൂ ടൈഡ്‌സ് കേരള-യൂറോപ്യൻ യൂണിയൻ കോൺക്ലേവ് 2025 ന് സമാപനം. കോവളത്ത് നടന്ന ദ്വിദിന കോൺക്ലേവിൽ 7,288 കോടി രൂപയുടെ നിക്ഷേപ നിർദ്ദേശങ്ങൾ സമർപ്പിച്ചു.സംസ്ഥാനത്തെ 28 നിക്ഷേപകർ ഈ നിക്ഷേപ താൽപര്യ പ്രഖ്യാപനത്തിൽ ഒപ്പുവെച്ചു. യൂറോപ്യൻയൂണിയനിലെ 17 രാജ്യങ്ങളും രണ്ട് യൂറോപ്യൻ രാജ്യങ്ങളുടെ നയതന്ത്ര പ്രതിനിധികളും സംരംഭകരും നിക്ഷേപത്തിന് താൽപര്യമറിയിച്ചിട്ടുണ്ട് എന്നത് സമുദ്രങ്ങളുടെയും തീരത്തിൻറെയും സുസ്ഥിരവും സമഗ്രവുമായ വികസനം ലക്ഷ്യമിട്ട് സംഘടിപ്പിച്ച കോൺക്ലേവിന്റെ വിജയമാണ്.
ആരോഗ്യ സംരക്ഷണം, ഐടി ഉൾപ്പടെ യൂറോപ്യൻ യൂണിയനും കേരളവും തമ്മിൽ സഹകരണത്തിന് വലിയ സാധ്യതകളാണുള്ളത്. ഈ വർഷം ഫ്രാൻസിൽ നടന്ന ആഗോള ബ്ലൂ ഇക്കണോമി ഉച്ചകോടിയുടെ തുടർച്ചയായാണ് യൂറോപ്യൻ യൂണിയൻ പ്രതിനിധികൾ ഈ കോൺക്ലേവിനെ നോക്കികാണുന്നത്. സുസ്ഥിരത, നൂതന സാങ്കേതികവിദ്യ, കാലാവസ്ഥാ വ്യതിയാന പ്രതിരോധം മുതൽ ലോജിസ്റ്റിക്‌സിലെ ആഗോള സഹകരണം വരെയുള്ള നിരവധി വിഷയങ്ങൾ കോൺക്ലേവിലെ സെഷനുകളിൽ ചർച്ചചെയ്തു.
സമ്മേളനത്തിൽ നീല സമ്പദ് വ്യവസ്ഥയെക്കുറിച്ച് ഇന്ത്യയിലെയും യൂറോപ്പിലെയും വിദഗ്ധർ ചിന്തകൾ പങ്കുവെക്കുകയും സഹകരണം ഉറപ്പ് നൽകുകയും ചെയ്തു. മറൈൻ ലോജിസ്റ്റിക്‌സ്, അക്വാകൾച്ചർ, സമുദ്ര മത്സ്യബന്ധനം, തീരദേശ ടൂറിസം, പുനരുപയോഗ സമുദ്രോർജ്ജം ഹരിത സാങ്കേതികവിദ്യകൾ തുടങ്ങിയ മേഖലകളിലെ കേരള- യൂറോപ്യൻ യൂണിയൻ പങ്കാളിത്തവും നൈപുണ്യ വികസനം, അക്കാദമിക് സഹകരണം, തൊഴിൽസാധ്യത, നയ നവീകരണം, സംയുക്ത ഗവേഷണ-വികസനം, സ്റ്റാർട്ടപ്പ് നവീകരണം എന്നിവയിലെ സംയുക്ത സംരംഭങ്ങളും ചർച്ച ചെയ്തു.
സംസ്ഥാന ഫിഷറീസ് വകുപ്പ് കേന്ദ്ര സർക്കാരിൻറെയും യൂറോപ്യൻ യൂണിയൻറെയും സഹകരണത്തോടെ 'രണ്ട് തീരങ്ങൾ, ഒരേ കാഴ്ചപ്പാട്' എന്ന പ്രമേയത്തിലാണ് കോൺക്ലേവ് സംഘടിപ്പിച്ചത്. യൂറോപ്യൻ യൂണിയൻ അംബാസഡർക്കു പുറമേ 18 യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ള അംബാസഡർമാരും പ്രതിനിധികളുമാണ് സമ്മേളനത്തിൽ പങ്കെടുത്തത്.
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2025-09-22 14:52:19
ലേഖനം നമ്പർ: 1860