അമിത രക്തസ്രാവത്തിന് കാരണമാകുന്ന ഹീമോഫീലിയ രോഗം ബാധിച്ച ഒരു സ്ത്രീക്ക് എമിസിസുമാബ് പ്രൊഫൈലാക്‌സിസ് ചികിത്സ വിജയകരമായി ലഭ്യമാക്കി ആരോഗ്യ മേഖലയിൽ ചരിത്രം സൃഷ്ടിച്ച് കേരളം. രാജ്യത്ത് ആദ്യമായാണ് ഒരു സ്ത്രീക്ക് ഈ നൂതന ചികിത്സ നൽകുന്നത്.
തൃശൂർ സ്വദേശിനിയായ 32 വയസ്സുകാരിക്കാണ് തൃശൂർ മെഡിക്കൽ കോളേജിലെ വിദഗ്ധ ഡോക്ടർമാരുടെ നേതൃത്വത്തിൽ സൗജന്യ ചികിത്സ നൽകിയത്. ആശാധാര പദ്ധതിയിലൂടെയാണ് സർക്കാർ ചികിത്സ ലഭ്യമാക്കിയത്. ഹീമോഫീലിയ പോലുള്ള ജനിതക രോഗങ്ങൾ സ്ത്രീകളിൽ കാണപ്പെടുന്നത് വളരെ അപൂർവമാണ്. സിവിയർ ഹീമോഫീലിയ രോഗികളിൽ മാത്രം കണ്ടു വരുന്ന ഗുരുതരമായ അവസ്ഥയായ ഫാക്ടർ VIII ലെവൽ ഒരു ശതമാനത്തിൽ താഴെയായിരുന്നു രോഗിയായ യുവതിക്ക് ഉണ്ടായിരുന്നത്. വിശദമായ പരിശോധനകൾക്കും കൗൺസിലിംഗിനും ശേഷം തൃശൂർ മെഡിക്കൽ കോളേജിലെ മെഡിക്കൽ സംഘത്തിന്റെ മേൽനോട്ടത്തിലാണ് ചികിത്സ ആരംഭിച്ചത്. ഈ ചികിത്സാരീതി വൈദ്യശാസ്ത്ര രംഗത്ത് ഒരു പുതിയ വഴിത്തിരിവാണ്.
സ്ത്രീകളിലെ രക്തസ്രാവം ചികിത്സിക്കുന്നതിനുള്ള മാർഗ്ഗരേഖ കേരളം 2025-ൽ തയ്യാറാക്കിയിരുന്നു. അഞ്ഞൂറിലധികം രോഗികൾക്ക് സംസ്ഥാനത്ത് എമിസിസുമാബ് ചികിത്സ സൗജന്യമായി നൽകുന്നുണ്ട്. രാജ്യത്ത് ആദ്യമായി 18 വയസ്സിന് താഴെയുള്ള എല്ലാ ഹീമോഫീലിയ രോഗികൾക്കും എമിസിസുമാബ് മരുന്ന് സൗജന്യമായി നൽകിയതും കേരളമാണ്. ഹീമോഫീലിയ രോഗികളിലെ അമിതമായ രക്തസ്രാവവും ആശുപത്രി സന്ദർശനങ്ങളും ചികിത്സാചെലവും ഗണ്യമായി കുറയ്ക്കുന്നതിനും, അവരുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനും ആരോഗ്യ വകുപ്പിന്റെ ഇത്തരം ഇടപെടലുകൾ ഏറെ സഹായകരമാണ്.
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2025-09-22 11:41:47
ലേഖനം നമ്പർ: 1859