കേരള ഷിപ്പിങ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷനും (കെഎസ്‌ഐഎൻസി) കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന നെഫർറ്റിറ്റി കപ്പൽ യാത്രകൾക്ക് വൻ ജനസ്വീകാര്യത. കഴിഞ്ഞ സീസണിൽ നെഫർറ്റിറ്റിയിലൂടെ ആകെ 1.7 കോടി രൂപയുടെ വരുമാനമാണ് കെഎസ്‌ഐഎൻസി നേടിയത്. സെപ്തംബർ (13), ഒക്ടോബർ (15), നവംബർ(21), ഡിസംബർ (32), ജനുവരി(25), ഫെബ്രുവരി (14), മാർച്ച് (19), ഏപ്രിൽ (28), മെയ് (16) മാസങ്ങളിലായി 183 ട്രിപ്പുകളാണ് സംസ്ഥാനത്തെ വിവിധ ഡിപ്പോകളിൽ നിന്ന് കെഎസ്ആർടിസി ഒരുക്കിയത്. കഴിഞ്ഞ സീസണിൽ വനിതാ ദിനത്തോട് അനുബന്ധിച്ച് സ്ത്രീകളെ മാത്രം ഉൾപ്പെടുത്തിക്കൊണ്ടുള്ള പാക്കേജിൽ 181 സ്ത്രീകൾ പങ്കെടുത്തിരുന്നു. ആറോളം ട്രിപ്പുകളിലൂടെ 400926 രൂപയുടെ വരുമാനം നേടി. 

കെഎസ്ആർടിസിയുമായുള്ള സഹകരണത്തിലൂടെ 2022ലാണ് കെഎസ്‌ഐഎൻസി ലക്ഷ്വറി ക്രൂയിസായ നെഫർറ്റിറ്റിയിലേക്കുള്ള വിനോദസഞ്ചാരം ആരംഭിച്ചത്. സംസ്ഥാനത്തെ കെഎസ്ആർടിസിയുടെ മുഴുവൻ ഡിപ്പോകളിൽ നിന്നും നെഫർറ്റിറ്റി യാത്രയ്ക്ക് സംവിധാനം ഒരുക്കിയിട്ടുണ്ട്. ഇതുവരെ അറുന്നൂറോളം ട്രിപ്പുകളിലായി 20,000ത്തോളം സഞ്ചാരികളാണ് നെഫർറ്റിറ്റി സന്ദർശിച്ച് കടൽക്കാഴ്ചകൾ ആസ്വദിച്ചത്.  ഇതിലൂടെ 5.2 കോടിയോളം രൂപയുടെ വരുമാനം നേടാനും സാധിച്ചു.

48.5 മീറ്റർ നീളവും 14.5 മീറ്റർ വീതിയും മൂന്നു നിലകളുമുള്ള കെഎസ്‌ഐഎൻസിയുടെ ആഢംബര കപ്പലാണ് നെഫർറ്റിറ്റി. സംഗീതം, നൃത്തം, കൂടാതെ സ്പെഷ്യൽ അൺലിമിറ്റഡ് ബുഫെ ഡിന്നർ (രണ്ട് നോൺവെജ്, രണ്ട് വെജ് ), മ്യൂസിക് വിത്ത് അപ്പർ ഡെക്ക് ഡിജെ, കുട്ടികളുടെ കളിസ്ഥലം, തിയേറ്റർ, വിഷ്വൽ എഫക്ട്സ്, ലൈവ് മ്യൂസിക് എന്നിവയെല്ലാം ഒരുക്കിയിട്ടുണ്ട്. 200 യാത്രക്കാരെ ഉൾക്കൊള്ളാനാകും. നാല് മണിക്കൂർ നേരം കപ്പലിൽ ചെലവഴിക്കാൻ യാത്രക്കാർക്ക് സൗകര്യമൊരുക്കിയിട്ടുണ്ട്.

ഗ്രൂപ്പ് പാക്കേജുകളല്ലാതെ വ്യക്തിഗത ടിക്കറ്റ് ബുക്കിങിനും കെഎസ്ആർടിസി അവസരമൊരുക്കുന്നുണ്ട്. ഇതുപ്രകാരം മറ്റു വാഹനങ്ങളിൽ കൊച്ചിയിലെത്തി കെഎസ്‌ഐഎൻസിയുടെ നിരക്കിൽ യാത്ര ചെയ്യാം. നെഫർറ്റിറ്റി കൂടാതെ കെഎസ്ഐഎൻസിയുടെ മറ്റ് കപ്പലുകളായ സാഗരറാണി-1, സാഗരറാണി-2,  മിഷേല, ക്ലിയോപാട്ര, സൂര്യാംശു എന്നിവയിലേക്കും കെഎസ്ആർടിസി ബഡ്ജറ്റ് ടൂറിസം സെല്ലിലൂടെ ബുക്ക് ചെയ്യാനുള്ള സൗകര്യവും ലഭ്യമാക്കിയിട്ടുണ്ട്. വിവരങ്ങൾക്കും ബുക്കിങിനും: കോർഡിനേറ്റർ (നെഫർറ്റിറ്റി പാക്കേജസ്), കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ : 9188938525

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2025-09-20 15:12:13

ലേഖനം നമ്പർ: 1858

sitelisthead