നവകേരള നിർമ്മിതി ക്ഷേമ വികസന പ്രവർത്തനങ്ങളിലൂടെ പട്ടികജാതി-പട്ടിക വർഗ സമുദായങ്ങളെ കൈ പിടിച്ചുയർത്തിയതിന്റെ ഫലമായി സംസ്ഥാനത്തെ ആയിരം പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക സമുദായ വിദ്യാർത്ഥികൾക്ക് വിദേശ പഠനത്തിന് അവസരം. പട്ടികജാതി-പട്ടികവർഗ്ഗ വികസന വകുപ്പ്  നടപ്പാക്കുന്ന ഉന്നതി വിദേശ പഠന സ്‌കോളർഷിപ്പ് പദ്ധതിക്ക് കീഴിലാണ് ഈ അവസരം ഒരുങ്ങുന്നത്.  

സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്ന പട്ടികജാതി, പട്ടികവർഗ, പിന്നാക്ക വിഭാഗങ്ങളിലെ മിടുക്കരായ വിദ്യാർഥികൾക്ക് വിദേശ സർവകലാശാലകളിൽ ഉന്നത വിദ്യാഭ്യാസം നേടാൻ അവസരം നൽകുന്ന  പദ്ധതിയാണ് ഉന്നതി വിദേശ പഠന സ്‌കോളർഷിപ്പ്. സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേനയാണ് ഈ പദ്ധതി നടപ്പാക്കുന്നത്.
 
സമഗ്രമായി നടപ്പാക്കി വരുന്ന ഉന്നതി പദ്ധതിക്ക് കീഴിൽ ഇതുവരെ സ്‌കോളർഷിപ്പ് ലഭിച്ച വിദ്യാർത്ഥികളുടെ എണ്ണം 1,104 ആണ്. ബിരുദാനന്തര ബിരുദ പഠനത്തിന് ഒരു വിദ്യാർത്ഥിക്ക് പരമാവധി 25 ലക്ഷം രൂപ വരെ സ്‌കോളർഷിപ്പായി ലഭിക്കും. ഒരു വർഷം പട്ടികജാതി, പട്ടികവർഗ്ഗ, പിന്നാക്ക വിഭാഗങ്ങളിലെ 310 വിദ്യാർത്ഥികൾക്ക് വിദേശ പഠനത്തിന് ഇതിലൂടെ അവസരം നൽകുന്നു. 50 പട്ടികവർഗ്ഗ വിഭാഗ വിദ്യാർത്ഥികൾക്ക് വരുമാന പരിധി നോക്കാതെ ഓരോ വർഷവും 25 ലക്ഷം രൂപയുടെ സ്‌കോളർഷിപ്പ് ലഭ്യമാക്കും. ടൈംസ് ഹയർ എഡ്യൂക്കേഷൻ റാങ്കിങ് പ്രകാരമുള്ള ലോകത്തെ മികച്ച 500 സർവകലാശാലകളിൽ പ്രവേശനം നേടുന്നവർക്കാണ് ഉന്നതി സ്‌കോളർഷിപ്പ് ലഭിക്കുന്നത്. പെൺകുട്ടികൾ, ശാരീരിക വൈകല്യമുള്ളവർ, ഏക രക്ഷിതാവുള്ള കുട്ടികൾ എന്നിവർക്ക് മുൻഗണന നൽകും. 

പട്ടികജാതി, പട്ടികവർഗ്ഗ, പിന്നാക്ക വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് ആഗോള നിലവാരത്തിലുള്ള വിദ്യാഭ്യാസവും സാമൂഹിക പുരോഗതിയും ലഭ്യമാക്കുന്ന ദേശീയതലത്തിൽ മാതൃകയാകുന്ന പദ്ധതിയാണ് ഉന്നതി സ്‌കോളർഷിപ്പ്. യുവജനങ്ങളുടെ സ്വപ്നങ്ങൾക്കും ഭാവി സാധ്യതകൾക്കും ശക്തമായ അടിസ്ഥാനമൊരുക്കുന്ന ഈ പദ്ധതി, നവകേരള നിർമ്മിതിയുടെ ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കുന്നതിൽ മുഖ്യ പങ്ക് വഹിക്കും.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2025-09-17 16:47:22

ലേഖനം നമ്പർ: 1854

sitelisthead