img

ശ്രീ രാമചന്ദ്രൻ കടന്നപ്പള്ളി

നിയമസഭ മണ്ഡലം: കണ്ണൂർ 
വകുപ്പുകൾ: രജിസ്ട്രേഷൻ, മ്യൂസിയങ്ങൾ, പുരാവസ്തു, ആർക്കൈവ്സ്

കോൺഗ്രസ് (എസ്) സംസ്ഥാന പ്രസിഡണ്ടും, കണ്ണൂർ നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ശ്രി കടന്നപ്പള്ളി രാമചന്ദ്രൻ രണ്ടാം പിണറായി വിജയൻ മന്ത്രിസഭയിൽ രജിസ്ട്രേഷൻ, മ്യൂസിയങ്ങൾ, പുരാവസ്തു, ആർക്കൈവ്സ് എന്നീ വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയാണ്. 2009 മുതൽ 2011 വരെ വി.എസ് അച്യുതാനന്ദൻ മന്ത്രിസഭയിൽ ദേവസ്വം മന്ത്രിയായിരുന്നു അദ്ദേഹം.

പയ്യന്നൂർ കടന്നപ്പള്ളി ചെറുവാഞ്ചേരിയിൽ പരേതരായ പി വി കൃഷ്ണൻ ഗുരിക്കളുടെയും ടി കെ പാർവ്വതിയമ്മയുടെയും മകനായി 1944 ജൂലൈ 1-നാണ് രാമചന്ദ്രൻ ജനിച്ചത്. എടമന, മാതമംഗലം, മാടായി എന്നിവിടങ്ങളിലെ സ്കൂളുകളിൽ വിദ്യാഭ്യാസം നേടിയ ഇദ്ദേഹം അക്കാലഘട്ടത്തിൽത്തന്നെ കെ എസ് യു പ്രവർത്തകനായി പ്രവർത്തിച്ചു. 1960-ൽ കെ.എസ്.യുവിൻറെ കണ്ണൂർ താലൂക്ക് പ്രസിഡണ്ടായ രാമചന്ദ്രൻ 65-ൽ സംഘടനയുടെ സംസ്ഥാന ജനറൽ സെക്രട്ടറിയായും 69-ൽ സംസ്ഥാന പ്രസിഡണ്ടായും തിരഞ്ഞെടുക്കപ്പെട്ടു. വിദ്യാർഥി സംഘടനാ പ്രവർത്തനത്തിലൂടെയാണ്‌ കടന്നപ്പള്ളി രാമചന്ദ്രൻ പൊതുരംഗത്തെത്തിയത്‌. തിരുവനന്തപുരം ലോ അക്കാദമയിൽ നിയമപഠനം നടത്തവേയാണ്‌ പാർലമെന്റിലേക്ക്‌ മത്സരിച്ചത്‌. 1964-ൽ കെഎസ്‌യു സംസ്ഥാന ജനറൽ സെക്രട്ടറിയായി.

1971-ൽ കാസർകോട്‌ ലോക്സഭാ മണ്ഡലത്തിൽ നിന്നും ജയിച്ചുകൊണ്ടാണ് സജീവ രാഷ്ട്രീയത്തിലേക്കിറങ്ങുന്നത്. കോൺഗ്രസ്‌ പിളർന്നപ്പോൾ 1980-ൽ എൽഡിഎഫിലെത്തി. '81ൽ എ കെ ആന്റണിയും കൂട്ടരും ഇടത് മുന്നണി വിട്ട് കരുണാകരപക്ഷത്തേക്ക്‌ ചേക്കേറിയപ്പോൾ കടന്നപ്പള്ളി എൽഡിഎഫിൽ ഉറച്ചുനിന്നു. പിന്നീട്‌ പി സി ചാക്കോയും കെ പി ഉണ്ണികൃഷ്ണനുമെല്ലാം കോൺഗ്രസ്‌ ഐയിലേക്ക്‌ മടങ്ങിയപ്പോഴും കടന്നപ്പള്ളി ഇടതുപക്ഷത്തിനൊപ്പം തുടരുകയായിരുന്നു. '80ൽ ഇരിക്കൂറിൽനിന്ന്‌ നിയമസഭാംഗമായി. പേരാവൂരിൽനിന്ന്‌ രണ്ടുതവണ നിയമസഭയിലേക്കും 1996-ൽ കണ്ണൂർ മണ്ഡലത്തിൽനിന്ന്‌ ലോക്സഭയിലേക്കും മത്സരിച്ച്‌ പരാജയപ്പെട്ടു. 

2006-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ എടക്കാട്‌ മണ്ഡലത്തിൽ നിന്നും നിയമസഭയിലെത്തി. 2009 ആഗസ്ത്‌ 17-ന്‌ വി എസ്‌ മന്ത്രിസഭയുടെ പുനസംഘടനാവേളയിലാണ്‌,  കടന്നപ്പള്ളി, ദേവസ്വം, പ്രിന്റിങ്‌ ആന്റ്‌ സ്റ്റേഷനറി വകുപ്പുകളുടെ മന്ത്രിയായി ചുമതലയേറ്റത്‌. 

2016-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കണ്ണൂർ മണ്ഡലത്തിൽ നിന്നും കടന്നപ്പള്ളി വീണ്ടും നിയമസഭയിലെത്തി. തുടർന്ന് 2016 മേയ് 25-ന് അദ്ദേഹം തുറമുഖം, പുരാവസ്തു വകുപ്പുകളുടെ ചുമതലയുള്ള കാബിനറ്റ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

 

 

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 02-02-2024

ലേഖനം നമ്പർ: 1255

sitelisthead