കരിയറിൽ വ്യക്തമായ ദിശാബോധത്തോടെ മുന്നേറാൻ കോളേജ് വിദ്യാർഥിനികളെ പ്രാപ്തരാക്കുന്നതിനായി വിമൻ പവർ-ലൈഫ് മാസ്റ്റർ പ്ലാൻ പദ്ധതിയുമായി കുടുംബശ്രീ. ഓരോ വിദ്യാർഥിനിക്കും സ്വന്തം കഴിവുകളും താൽപര്യങ്ങളും തിരിച്ചറിയുന്നതിനും അനുയോജ്യമായ ലൈഫ് മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നതിനാവശ്യമായ പിന്തുണ നൽകുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിലൂടെ വിദ്യാർഥിനികൾക്ക് സ്വന്തം കരിയറിൽ വളർച്ചയും സാമ്പത്തിക സ്വയംപര്യാപ്തതയും കൈവരിക്കാനുള്ള അവസരം ലഭ്യമാകും.
കേരളത്തിലെ കോളേജ്-സർവകലാശാലകളിൽ പഠിക്കുന്ന പെൺകുട്ടികളാണ് പദ്ധതിയുടെ ഗുണഭോക്താക്കൾ. പെൺകുട്ടികൾക്ക് അനുയോജ്യമായ തൊഴിൽ മേഖലകൾ കണ്ടെത്തി വരുമാനം നേടാൻ സഹായിക്കുന്നതിനൊപ്പം ലിംഗസമത്വം ഉറപ്പു വരുത്തുന്ന തൊഴിൽ പരിസ്ഥിതി രൂപപ്പെടുത്തുന്നതിനും പദ്ധതി ലക്ഷ്യമിടുന്നു. ആദ്യഘട്ടത്തിൽ കേരളത്തിലെ പതിനാല് കോളേജുകളിലാണ് പദ്ധതി നടപ്പാക്കുക. ഓരോ വിദ്യാർഥിനിയുടെയും പഠന-പാഠ്യേതര രംഗത്തെ മികവുകൾ, നേരിടുന്ന വെല്ലുവിളികൾ എന്നിവ സംബന്ധിച്ച് കാമ്പസ് തലത്തിൽ വിവരശേഖരണവും വിശകലനവും നടത്തും. അതത് കോളേജ് അധ്യാപകരുടെ നേതൃത്വത്തിലായിരിക്കും വിവരശേഖരണം നടത്തുക.
വിദ്യാർഥിനികൾക്കായി കരിയർ കൗൺസലിങ്ങ്, മെന്ററിങ് എന്നിവ ഉൾപ്പെടെയുള്ള പരിശീലന പരിപാടികളും സംഘടിപ്പിക്കും. ഇതിന്റെ കൂടി അടിസ്ഥാനത്തിലാകും ഓരോ വിദ്യാർത്ഥിനിക്കും ആവശ്യമായ വ്യക്തിഗത ലൈഫ് മാസ്റ്റർ പ്ലാൻ തയ്യാറാക്കുക. കൂടാതെ കുടുംബശ്രീയുടേയും മറ്റു കേന്ദ്ര-സംസ്ഥാന സർക്കാർ പദ്ധതികളുടേയും പ്രവർത്തനങ്ങളുമായും ഇവരെ ബന്ധിപ്പിക്കും. നേതൃത്വ വികസന പരിശീലനം, ശിൽപശാലകൾ, വിവിധ ക്യാമ്പയിനുകൾ എന്നിവയും സംഘടിപ്പിക്കും. നൈപുണ്യ വികസനം നേടുന്നതിനും ഭാവി പദ്ധതികൾ തയ്യാറാക്കുന്നതിനുമുളള പിന്തുണയാണ് കുടുംബശ്രീ പദ്ധതി വഴി ലഭ്യമാക്കുക.
ഗവൺമെന്റ് സംസ്കൃത കോളേജ് (തിരുവനന്തപുരം), ബേബി മെമ്മോറിയൽ കോളേജ് (ചവറ കൊല്ലം), എം.എം.എൻ.എസ്.എസ് കോളേജ് (കോന്നി പത്തനംതിട്ട), എസ്.ഡി കോളേജ് (ആലപ്പുഴ), ഗവൺമെന്റ് കോളേജ് (നാട്ടകം കോട്ടയം), കുട്ടിക്കാനം മരിയൻ കോളേജ് (ഇടുക്കി), മഹാരാജാസ് കോളേജ് (എറണാകുളം), സെന്റ് തോമസ് കോളേജ്, സോഷ്യൽ വർക്ക് വിഭാഗം (തൃശൂർ ), നേതാജി മെമ്മോറിയൽ ആർട്ട്സ് ആൻഡ് സയൻസ് കോളേജ് ( നെൻമാറ, പാലക്കാട്), മലയാളം സർവകലാശാല, (തിരൂർ, മലപ്പുറം), ഡോൺ ബോസ്കോ കോളേജ് (ബത്തേരി, വയനാട്), ഡോൺ ബോസ്കോ കോളേജ് (അങ്ങാടിക്കടവ്, കണ്ണൂർ), ഗവൺമെന്റ് കോളേജ് (കാസർകോട്) എന്നീ സ്ഥാപനങ്ങളിലാണ് ആദ്യഘട്ടത്തിൽ പൈലറ്റ് അടിസ്ഥാനത്തിൽ പദ്ധതി നടപ്പാക്കുക. വിവിധ സർക്കാർ വകുപ്പുകൾ, ഉന്നത വിദ്യാഭ്യാസ-ഗവേഷണ-തൊഴിൽ, കൗൺസിലിങ്ങ് സ്ഥാപനങ്ങൾ എന്നിവയുടെ സഹകരണവും പദ്ധതിയിൽ ലഭ്യമാകും.
വിദ്യാർഥിനികൾക്ക് വ്യക്തമായ കരിയർ ദിശാബോധവും ആത്മവിശ്വാസവും നൽകിക്കൊണ്ട് സാമൂഹികവും സാമ്പത്തികവുമായ വളർച്ച കൈവരിക്കാൻ ലക്ഷ്യമിടുന്ന പദ്ധതിയാണ് കുടുംബശ്രീയുടെ വിമൻ പവർ–ലൈഫ് മാസ്റ്റർ പ്ലാൻ. വിദ്യാഭ്യാസരംഗത്തും തൊഴിൽരംഗത്തും സ്ത്രീകളുടെ പങ്കാളിത്തം വർധിപ്പിച്ച് ലിംഗസമത്വം ഉറപ്പാക്കുന്നതിൽ ഈ പദ്ധതി നിർണായക പങ്ക് വഹിക്കും.
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2025-10-17 17:06:40
ലേഖനം നമ്പർ: 1892