കേരളത്തിലെവിടെയും പൊതുജനങ്ങൾക്ക് വൃത്തിയുള്ളതും സുരക്ഷിതവുമായ ശുചിമുറികൾ വേഗത്തിൽ കണ്ടെത്തി ഉപയോഗിക്കുന്നതിനായി കേരള ലൂ (Kerala Loo) മൊബൈൽ ആപ്ലിക്കേഷൻ സംവിധാനം നടപ്പാക്കി ശുചിത്വ മിഷൻ.
തദ്ദേശസ്വയംഭരണ വകുപ്പിന്റെ 'മാലിന്യമുക്തം നവകേരളം' പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന പദ്ധതി ക്ലൂ എന്ന ചുരുക്കപേരിലാണ് ആവിഷ്‌കരിച്ചിരിക്കുന്നത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നിയന്ത്രണത്തിലുള്ള പൊതുശൗചാലയങ്ങൾക്ക് പുറമെ, കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷനുമായി സഹകരിച്ച് ഉയർന്ന നിലവാരമുള്ള സ്വകാര്യ ഹോട്ടലുകളുടെയും റസ്റ്റോറന്റുകളുടെയും ശൗചാലയങ്ങളും ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്. സംസ്ഥാനത്തുടനീളം ഏതൊൾക്കും തൊട്ടടുത്ത് ലഭ്യമാകുന്ന ശുചിമുറി കണ്ടെത്താൻ ക്ലൂ വഴി സാധിക്കും.
യാത്രക്കാർക്ക് അവരുടെ ലൊക്കേഷന് തൊട്ടടുത്തുള്ള ശുചിമുറികൾ ഗൂഗിൾ മാപ്പിന്റെ സഹായത്തോടെ എളുപ്പത്തിൽ കണ്ടെത്താൻ സാധിക്കുമെന്നതാണ് ആപ്പിന്റെ പ്രധാന സവിശേഷത. റിയൽ ടൈം അപ്‌ഡേറ്റുകൾ, മാപ്പിൽ ലഭ്യമാക്കുന്ന കൃത്യതയാർന്ന സ്ഥലവിവരങ്ങൾ, ശുചിമുറികൾ ലഭ്യമായ സ്ഥാപനങ്ങളുടെ പ്രവർത്തനസമയം എന്നിവ കൂടാതെ, ശുചിമുറിയുടെ റേറ്റിങ് ഉപയോക്താക്കൾക്ക് രേഖപ്പെടുത്താനുള്ള സംവിധാനവും ആപ്ലിക്കേഷനിൽ ഉൾപെടുത്തിയിട്ടുണ്ട്. പദ്ധതിയുടെ ഭാഗമാവുന്ന സ്വകാര്യസ്ഥാപനം നൽകുന്ന സേവനങ്ങൾ, റെസ്റ്റോറന്റുകളിലെ സിഗ്‌നേച്ചർ ഡിഷ്, മറ്റ് ഭക്ഷണവിഭവങ്ങൾ, സൗകര്യങ്ങൾ എന്നിവയും ആപ്പിൽ നൽകും. ഫ്രൂഗൽ സയന്റിഫിക് പ്രൈവറ്റ് ലിമിറ്റഡിന്റെ സാങ്കേതിക സഹകരണത്തോടെയാണ് ആപ്പ് തയ്യാറാക്കിയിരിക്കുന്നത്. ആപ്പ്: കേരള ലൂ
സംസ്ഥാനത്തെ പ്രധാന വിനോദസഞ്ചാര പാതകളെയും ദേശീയ പാതകളെയും കേന്ദ്രീകരിച്ചാണ് ആദ്യഘട്ടത്തിൽ ഈ പദ്ധതി നടപ്പിലാക്കുന്നത്. വരും മാസങ്ങളിൽ കൂടുതൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെയും സ്വകാര്യ പങ്കാളികളെയും ഉൾപ്പെടുത്തിക്കൊണ്ട് കേരളത്തിലുടനീളം ഈ സേവനം വ്യാപിപ്പിക്കും. സ്ത്രീകൾക്കും കുട്ടികൾക്കും ദീർഘദൂര യാത്രക്കാർക്കും ഒരുപോലെ ആശ്വാസമാകുന്ന ഈ ഡിജിറ്റൽ സംവിധാനം, കേരളത്തെ ഒരു മികച്ച ശുചിത്വ സൗഹൃദ വിനോദസഞ്ചാര കേന്ദ്രമായി ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെടാൻ വഴിയൊരുക്കും.
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2025-12-22 16:50:08
ലേഖനം നമ്പർ: 1922