കേരളത്തിലെ ജനങ്ങളുടെ ജീവിതശൈലിയിൽ ആരോഗ്യകരമായ മാറ്റം കൊണ്ടുവരുന്നതിനും വർധിച്ചുവരുന്ന ജീവിതശൈലീ രോഗങ്ങളെ പ്രതിരോധിക്കുന്നതിനുമായി ആരോഗ്യ വകുപ്പ് ആവിഷ്കരിച്ച 'ആരോഗ്യം ആനന്ദം - വൈബ് 4 വെൽനസ്' (Vibe 4 Wellness) ക്യാമ്പയിൻ 2026 ജനുവരി ഒന്നിന് ആരംഭിക്കുന്നു. ക്യാമ്പയിന്റെ മുന്നോടിയായി ഡിസംബർ 26-ന് കാസർകോട് നിന്നും ആരംഭിച്ച വിളംബര ജാഥ വിവിധ ജില്ലകളിലൂടെ പര്യടനം നടത്തി ജനുവരി ഒന്നിന് തിരുവനന്തപുരത്ത് സമാപിക്കും.

നാല് പ്രധാന ജീവിതശൈലീ ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ആരോഗ്യകരമായ ഭക്ഷണം, പ്രായാനുസൃത വ്യായാമം, കൃത്യമായ ഉറക്കം, കൃത്യമായ ആരോഗ്യ പരിപാലനം എന്നിവയാണ് വൈബ് 4 വെൽനസ് പദ്ധതിയുടെ നാല് പ്രധാന ഘടകങ്ങൾ. ആഹാരത്തിൽ ഉപ്പ്, പഞ്ചസാര, എണ്ണ എന്നിവയുടെ അളവ് കുറയ്ക്കുക, ദിവസേന കുറഞ്ഞത് 30 മിനിറ്റ് വ്യായാമം ചെയ്യുക, മതിയായ ഉറക്കം ഉറപ്പാക്കുക, പുകവലിയും മദ്യപാനവും ഒഴിവാക്കുക തുടങ്ങിയ ശീലങ്ങൾ ജനങ്ങൾക്കിടയിൽ പ്രോത്സാഹിപ്പിക്കുകയാണ് ക്യാമ്പയിന്റെ പ്രധാന ലക്ഷ്യം. ഉദ്ഘാടന ദിവസം സംസ്ഥാനത്തുടനീളം പത്ത് ലക്ഷത്തോളം പേർ പുതുതായി വ്യായാമ മുറകളിലേക്ക് പ്രവേശിക്കുമെന്നത് ഈ പദ്ധതിയുടെ വലിയൊരു സവിശേഷതയാണ്.

ആർദ്രം മിഷൻ രണ്ടിന്റെ ഭാഗമായി നടപ്പിലാക്കുന്ന ഈ ബൃഹത് പദ്ധതിയിൽ ആരോഗ്യ വകുപ്പിനൊപ്പം ആയുഷ്, വിദ്യാഭ്യാസം, കായികം, തദ്ദേശസ്വയംഭരണം, യുവജനക്ഷേമം, വനിത ശിശുവികസനം തുടങ്ങി വിവിധ വകുപ്പുകൾ സഹകരിക്കുന്നുണ്ട്. ആയുഷ് വകുപ്പിന്റെ നേതൃത്വത്തിലുള്ള 10,000 യോഗ ക്ലബ്ബുകളും ജനകീയ ആരോഗ്യ കേന്ദ്രങ്ങളിലെ ക്ലബ്ബുകളും ഇതിന്റെ ഭാഗമായി പ്രവർത്തിക്കും. സ്കൂൾ-കോളേജ് വിദ്യാർത്ഥികൾ മുതൽ മുതിർന്നവർ വരെയും, ഹോട്ടലുകൾ മുതൽ ഫിറ്റ്നസ് ക്ലബ്ബുകൾ വരെയുമുള്ള മേഖലകളെ പദ്ധതിയുടെ ഭാഗമാക്കാൻ പ്രത്യേക ബോധവൽക്കരണ പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ട്. സൈക്കിൾ റാലി, കൂട്ടയോട്ടം, സൂമ്പ ഡാൻസ്, യോഗ പരിശീലനം, ഭക്ഷ്യ മേളകൾ തുടങ്ങിയ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ എല്ലാ ജില്ലകളിലും സംഘടിപ്പിക്കും.

ആർദ്രം മിഷൻ രണ്ടിന്റെ ഭാഗമായി 10 പ്രധാന പദ്ധതികളാണ് ആരോഗ്യ വകുപ്പ് നടപ്പിലാക്കി വരുന്നത്. അതിൽ പ്രധാനമാണ് ജീവിതശൈലീ രോഗ പ്രതിരോധം. ആർദ്രം ആരോഗ്യം ജനകീയ ക്യാമ്പയിന്റെ ഭാഗമായി രണ്ട് ഘട്ടങ്ങളിലായി സംസ്ഥാനത്ത് നടത്തിയ വാർഷികാരോഗ്യ പരിശോധനകളിൽ 30 വയസ് കഴിഞ്ഞവരിൽ വലിയൊരു ശതമാനം പേർക്ക് രക്താതിമർദ്ദവും പ്രമേഹവും കണ്ടെത്തിയ സാഹചര്യത്തിലാണ് ഇത്തരമൊരു ജീവിതശൈലി ആരോ​ഗ്യ ക്യാമ്പയിൻ നടപ്പിലാക്കുന്നത്. 

2025 ഫെബ്രുവരി 4ന് ആരംഭിച്ച് രണ്ട് ഘട്ടങ്ങളിലായി നടപ്പാക്കിയ 'ആരോഗ്യം ആനന്ദം- അകറ്റാം അർബുദം' എന്ന ബൃഹത് കാൻസർ പ്രതിരോധ ജനകീയ ക്യാമ്പയിനിലൂടെ 20 ലക്ഷത്തിലധികം പേരെ ഇതിനോടകം സ്‌ക്രീൻ ചെയ്തു കഴിഞ്ഞു. ക്യാമ്പയിന്റെ അടുത്തഘട്ടമായാണ് സുസ്ഥിതിക്ക് (വെൽനസ്സ്) പ്രാധാന്യം നൽകിക്കൊണ്ട് 'ആരോഗ്യം ആനന്ദം - വൈബ് 4 വെൽനസ്സ്' എന്ന പേരിൽ ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്. വ്യക്തിഗതമായ ആരോഗ്യ ശീലങ്ങൾ മെച്ചപ്പെടുത്തുന്നതിലൂടെ ആരോഗ്യപൂർണ്ണമായ ഒരു സമൂഹം സൃഷ്ടിക്കാൻ സാധിക്കുമെന്നതിനാൽ ഈ വലിയ ദൗത്യത്തിൽ മുഴുവൻ ജനങ്ങളെയും പങ്കാളികളാക്കാനുള്ള തയാറെടുപ്പിലാണ് ആരോ​ഗ്യവകുപ്പ്.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2026-01-01 13:16:31

ലേഖനം നമ്പർ: 1927

sitelisthead