സംസ്ഥാന ആരോഗ്യ രംഗത്തിന്റെ ഘടന, പ്രവർത്തനം, നേട്ടങ്ങൾ, സേവനങ്ങൾ എന്നിവയെക്കുറിച്ചുള്ള സമഗ്രവും ആധികാരികവുമായ വിവരങ്ങൾ പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിനായി ആരോഗ്യ വകുപ്പ് പുതിയ ഔദ്യോഗിക വെബ് പോർട്ടൽ ആരംഭിച്ചു. ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട നയങ്ങൾ, പദ്ധതികൾ, കണക്കുകൾ, സേവന വിവരങ്ങൾ എന്നിവ ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്‌ഫോം വഴി ലഭ്യമാക്കി വകുപ്പ് പ്രവർത്തനങ്ങൾ കൂടുതൽ സുതാര്യവും കാര്യക്ഷമവുമാക്കുകയാണ് ഈ പോർട്ടലിന്റെ ലക്ഷ്യം.
എല്ലാ വിവരങ്ങളും ഒരൊറ്റ ഡിജിറ്റൽ ചട്ടക്കൂടിന് കീഴിൽ കൊണ്ടുവരാനായി ‘അംബ്രല്ല പോർട്ടൽ’ മാതൃകയിൽ പൗരകേന്ദ്രിത പ്ലാറ്റ്‌ഫോമായാണ് കേരള ഹെൽത്ത് പോർട്ടൽ സജ്ജമാക്കിയിരിക്കുന്നത്. www.health.kerala.gov.in എന്നതാണ് പോർട്ടൽ വിലാസം. ആരോഗ്യ വകുപ്പിന് കീഴിലുള്ള 10 വകുപ്പുകൾ, 32 സ്ഥാപനങ്ങൾ എന്നിവയുടെ ആധികാരിക വിവരങ്ങളും, അറിയിപ്പുകളും, പ്രവർത്തനങ്ങളും പോർട്ടലിൽ ലഭിക്കും. കേരള സർക്കാർ സ്ഥാപനമായ സെന്റർ ഫോർ ഡെവലപ്‌മെന്റ് ഓഫ് ഇമേജിംഗ് ടെക്‌നോളജിയുടെ (സി-ഡിറ്റ്) സാങ്കേതിക സഹായത്തോടെയാണ് പോർട്ടൽ നിർമ്മിച്ചത്.
കേരളത്തിന്റെ ആരോഗ്യ രംഗത്തെ ജനസംഖ്യാ പരിവർത്തനം സംബന്ധിച്ച ഗ്രാഫുകൾ, ടേബിളുകൾ എന്നിവ ഉൾപ്പെടുത്തിയ ഡയനാമിക് ഡാഷ്ബോർഡ്, പ്രധാന സേവനങ്ങൾ, സ്ട്രാറ്റജിക് കമ്മ്യൂണിക്കേഷൻ, നോളജ് ഹബ്, സൊല്യൂഷൻ എക്സ്ചേഞ്ച് പ്ലാറ്റ്ഫോം എന്നിങ്ങനെ എല്ലാ വിവരങ്ങളും ഉൾകൊള്ളുന്നതാണ് ഈ പോർട്ടൽ. കൂടാതെ ആരോഗ്യ മേഖല സംബന്ധിച്ച് ജനങ്ങൾക്കാവശ്യമുള്ള നിയമങ്ങൾ, മാർഗനിർദേശങ്ങൾ, ഉത്തരവുകൾ എന്നിവയും ലഭ്യമാക്കി വരുന്നു. ആരോഗ്യ സംബന്ധമായ വിവരങ്ങൾക്ക് പുറമെ പ്രധാനപ്പെട്ട ബോധവത്കരണ പോസ്റ്ററുകൾ, വീഡിയോകൾ എന്നിവയും ലഭ്യമാണ്.
ആരോഗ്യ രംഗവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ വകുപ്പുകളും സ്ഥാപനങ്ങളും വഴിയാണ് നടപ്പാക്കിയിരുന്നത്. വിവിധ പദ്ധതികൾ, സേവനങ്ങൾ, പരിപാടികൾ, നൂതന സംരംഭങ്ങൾ, നേട്ടങ്ങൾ എന്നിവ വിവിധ ഡിജിറ്റൽ, വെബ് പ്ലാറ്റ്‌ഫോമുകൾ വഴിയാണ് പ്രചരിപ്പിച്ചിരുന്നത്. ഈ വിവരങ്ങൾ ഒരു ഏകീകൃതവും പൗര കേന്ദ്രീകൃതവുമായ ഡിജിറ്റൽ സംവിധാനത്തിലൂടെ പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നതിനാണ് പോർട്ടൽ ആവിഷ്കരിച്ചത്.
വിവരങ്ങൾ സുതാര്യമായി ജനങ്ങളിലേക്ക് എത്തിക്കുക, സർക്കാർ സംരംഭങ്ങൾക്ക് കൂടുതൽ ദൃശ്യപരത നൽകുക, വകുപ്പുകൾ തമ്മിലുള്ള ആശയവിനിമയം മെച്ചപ്പെടുത്തുക, ആരോഗ്യ മേഖലയിലെ ഉത്തരവാദിത്തവും കാര്യക്ഷമതയും ശക്തിപ്പെടുത്തുക എന്നിവയും പോർട്ടൽ ഉറപ്പാക്കും.
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2026-01-17 16:08:58
ലേഖനം നമ്പർ: 1940