കേരളത്തിന്റെ ഇൻഫർമേഷൻ ടെക്‌നോളജി (ഐടി) - വിജ്ഞാനാധിഷ്ഠിത മേഖലകളിൽ വിപ്ലവകരമായ മാറ്റത്തിന് തുടക്കമിട്ടുകൊണ്ട് സംസ്ഥാന സർക്കാർ നടപ്പാക്കുന്ന 'കമ്മ്യൂൺ' വർക്ക് നിയർ ഹോം (WNH) പദ്ധതിയുടെ ആദ്യ കേന്ദ്രം കൊല്ലം ജില്ലയിലെ കൊട്ടാരക്കരയിൽ പ്രവർത്തനമാരംഭിച്ചു. ഐടി മേഖലയിലെ പ്രൊഫഷണലുകൾക്കും ഫ്രീലാൻസർമാർക്കും മെട്രോ നഗരങ്ങളിലെ തിരക്കുകളിൽ നിന്ന് മാറി വീടിനടുത്ത് ലോകോത്തര നിലവാരത്തിലുള്ള തൊഴിലിടങ്ങൾ ഒരുക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം.
എന്താണ് 'കമ്മ്യൂൺ' വർക്ക് നിയർ ഹോം?
ആഗോളതലത്തിൽ റിമോട്ട് വർക്കിംഗ്, ഹൈബ്രിഡ് തൊഴിൽ രീതികൾ എന്നിവയ്ക്ക് ലഭിക്കുന്ന സ്വീകാര്യത കണക്കിലെടുത്താണ് കേരളം 'വർക്ക് നിയർ ഹോം' എന്ന ആശയം നടപ്പാക്കുന്നത്. വൻകിട നഗരങ്ങളിലെ ഉയർന്ന ജീവിതച്ചെലവും യാത്രാക്ലേശവും ഒഴിവാക്കി, ഗ്രാമീണ സൗന്ദര്യവും നഗരതുല്യമായ സാങ്കേതിക സൗകര്യങ്ങളും ഒത്തുചേരുന്ന ഒരിടമാണ് ഓരോ കമ്മ്യൂൺ കേന്ദ്രങ്ങളും. കെ-ഡിസ്ക് (K-DISC) സ്പെഷ്യൽ പർപ്പസ് വെഹിക്കിൾ ആയി പ്രവർത്തിക്കുന്ന ഈ പദ്ധതിക്ക് കിഫ്ബി ആണ് പലിശരഹിത വായ്പയിലൂടെ മൂലധനം നൽകുന്നത്.
കൊട്ടാരക്കര ബി.എസ്.എൻ.എൽ മെയിൻ ബിൽഡിംഗിൽ 9,249.97 ചതുരശ്ര അടി വിസ്തീർണ്ണത്തിലാണ് ആദ്യ കേന്ദ്രം ഒരുക്കിയിരിക്കുന്നത്. ഏകദേശം 4.87 കോടി രൂപ ചെലവിൽ സജ്ജീകരിച്ച ഈ കേന്ദ്രത്തിൽ 141 പ്രൊഫഷണലുകൾക്ക് ഒരേസമയം ജോലി ചെയ്യാവുന്ന 'പ്ലഗ് ആൻഡ് പ്ലേ' (Plug-and-Play) വർക്ക് സ്റ്റേഷനുകൾ ഒരുക്കിയിട്ടുണ്ട്. അതിവേഗ ഇന്റർനെറ്റ്, എയർകണ്ടീഷൻ ചെയ്ത കാബിനുകൾ, മീറ്റിംഗ് റൂമുകൾ, കോൺഫറൻസ് ഹാൾ തുടങ്ങിയ അനുബന്ധ സൗകര്യങ്ങൾ, ആകർഷകമായ ഇന്റീരിയർ, ആധുനിക ഫർണിച്ചറുകൾ, കഫറ്റീരിയ എന്നീ സൗകര്യങ്ങൾ കമ്യൂണിലുണ്ട്.
റിമോട്ട് ജീവനക്കാർ, ഫ്രീലാൻസർമാർ, സ്റ്റാർട്ടപ്പുകൾ, പഠനത്തോടൊപ്പം ജോലി ചെയ്യുന്ന വിദ്യാർത്ഥികൾ. പ്രത്യേകിച്ചും കുടുംബ ഉത്തരവാദിത്തങ്ങൾ കാരണം ജോലി ഉപേക്ഷിക്കേണ്ടി വന്ന വനിതാ പ്രൊഫഷണലുകൾക്ക് ഇത് സുരക്ഷിതമായ ഒരു തൊഴിലിടം ഉറപ്പാക്കുന്നു.സംസ്ഥാനത്തുടനീളം 10 കേന്ദ്രങ്ങളാണ് ആദ്യഘട്ടത്തിൽ വിഭാവനം ചെയ്തിരിക്കുന്നത്. കൊട്ടാരക്കരയ്ക്ക് പുറമെ കളമശ്ശേരി, രാമനാട്ടുകര, തളിപ്പറമ്പ്, പെരിന്തൽമണ്ണ തുടങ്ങി ഒൻപത് കേന്ദ്രങ്ങൾ കൂടി ഉടൻ പ്രവർത്തനസജ്ജമാകും.
പദ്ധതി പൂർണ്ണതോതിൽ പ്രവർത്തനമാരംഭിക്കുന്നതോടെ 5 ലക്ഷം പേർക്ക് തൊഴിൽ സാഹചര്യവും 50,000 പുതിയ തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടും. ഐടി പ്രൊഫഷണലുകൾ സംസ്ഥാനത്തിന് പുറത്തേക്ക് പോകുന്നതിലൂടെ നഷ്ടമാകുന്ന 5,000 കോടി രൂപയോളം കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയിൽ തന്നെ നിലനിർത്താൻ സാധിക്കും. മികച്ച ജോലി തേടി മെട്രോ നഗരങ്ങളിലേക്കും വിദേശ രാജ്യങ്ങളിലേക്കും യുവപ്രതിഭകൾ കുടിയേറുന്നത് കുറച്ച്, അവർക്ക് സ്വന്തം നാട്ടിൽത്തന്നെ മികച്ച കരിയർ ഉറപ്പാക്കാം.
ദീർഘകാലാടിസ്ഥാനത്തിൽ കേരളത്തിലെ എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കും 'വർക്ക് നിയർ ഹോം' ശൃംഖല വ്യാപിപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. കേരളത്തെ ഒരു ആഗോള 'സ്‌കിൽ ഡെവലപ്‌മെന്റ് ഹബ്ബ്' ആയി ഉയർത്തുന്നതിനൊപ്പം, കമ്പനികൾക്ക് ഓഫീസ് പരിപാലനത്തിനുള്ള ഭീമമായ തുക ലാഭിക്കാനും ഈ പദ്ധതിയിലൂടെ സാധിക്കും. പദ്ധതിയെക്കുറിച്ചുള്ള വിവരങ്ങൾക്കും രജിസ്‌ട്രേഷനുമായി worknearhome.kerala.gov.in സന്ദർശിക്കുക.
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2026-01-21 16:55:14
ലേഖനം നമ്പർ: 1943