സംസ്ഥാനത്തെ യുവതീയുവാക്കളിൽ നൈപുണ്യ പരിശീലനത്തിൽ പങ്കെടുക്കുന്നവർക്കും മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്കും പ്രതിമാസം 1,000 രൂപ സാമ്പത്തിക സഹായം നൽകുന്ന മുഖ്യമന്ത്രിയുടെ കണക്ട് ടു വർക്ക് പദ്ധതി ആരംഭിച്ചു. യുവജനങ്ങളെ തൊഴിൽസജ്ജരാക്കുകയും ഉൽപ്പാദന മേഖലയുമായി ബന്ധിപ്പിച്ച് വിജ്ഞാന സമ്പദ്‌വ്യവസ്ഥയിലേക്ക് കേരളത്തെ നയിക്കുകയും ചെയ്യുന്നതാണ് പദ്ധതിയുടെ മുഖ്യ ലക്ഷ്യം.
പഠനം പൂർത്തിയാക്കിയ ശേഷം നൈപുണ്യ പരിശീലനത്തിലോ മത്സരപരീക്ഷാ തയ്യാറെടുപ്പിലോ ഏർപ്പെട്ടിരിക്കുന്ന യുവജനങ്ങൾക്ക് സാമ്പത്തിക സഹായം നൽകി അവരുടെ ആത്മവിശ്വാസം ഉറപ്പാക്കുന്ന തരത്തിലാണ് പദ്ധതി ആവിഷ്ക്കരിച്ചിരിക്കുന്നത്.
കേരളത്തിൽ സ്ഥിരതാമസക്കാരായ യുവതീ യുവാക്കളിൽ പ്ലസ്ടു/ വി.എച്ച്.എസ്.ഇ./ ഐ.ടി.ഐ/ ഡിപ്ലോമ/ ഡിഗ്രി വിജയത്തിനു ശേഷം കേന്ദ്ര, സംസ്ഥാന സർക്കാരുകളോ, പൊതുമേഖല സ്ഥാപനങ്ങളോ, സർവകലാശാലകളോ, അംഗീകൃത സ്വകാര്യ സ്ഥാപനങ്ങളോ നടത്തുന്ന നൈപുണ്യ പരിശീലനത്തിൽ പങ്കെടുക്കുന്നവർക്കും, UPSC, PSC, SSB, RRB തുടങ്ങിയ കേന്ദ്ര സംസ്ഥാന റിക്രൂട്ട്മെന്റ് ഏജൻസികൾ നടത്തുന്ന മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്കും മുഖ്യമന്ത്രിയുടെ കണക്ട് ടു വർക്ക് പദ്ധതിയിലേക്ക് അപേക്ഷിക്കാം.
അപേക്ഷകർ 18 വയസ് പൂർത്തിയായവരും 30 കവിയാത്തവരും ആയിരിക്കണം. യോഗ്യരായ അപേക്ഷകർക്ക് പ്രതിമാസം 1,000 രൂപ ഒരു വർഷത്തേക്ക് ഈ പദ്ധതി പ്രകാരം സാമ്പത്തിക സഹായം ലഭിക്കും. അപേക്ഷകരുടെ വാർഷിക കുടുംബ വരുമാനം 5 ലക്ഷം രൂപ ആയിരിക്കണം. www.eemployment.kerala.gov.in പോർട്ടൽ മുഖേന അപേക്ഷ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾ അടുത്തുള്ള എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ ലഭ്യമാണ്.
നാഷണൽ എംപ്ലോയ്മെന്റ് സർവീസ് വകുപ്പ് മുഖേന നടപ്പിലാക്കുന്ന പദ്ധതിയിൽ ആദ്യഘട്ടത്തിൽ തന്നെ 30,000-ത്തിലധികം അപേക്ഷകൾ ലഭിച്ചു. ഇതിൽ നിന്ന് സൂക്ഷ്മ പരിശോധന പൂർത്തിയാക്കി അർഹരായ 10,000 പേരുടെ ആദ്യഘട്ട പട്ടിക തയ്യാറാക്കി. ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് തുക നേരിട്ടെത്തും.
തൊഴിൽമേളകളിലൂടെ തൊഴിൽ നൽകൽ, നൈപുണ്യ പരിശീലനത്തിലൂടെ യുവജനങ്ങളെ തൊഴിൽ സജ്ജരാക്കൽ, ഹൈപ്പർ ലോക്കൽ തൊഴിലുകൾ കണ്ടെത്തി വനിതകൾക്ക് ജോലി നൽകൽ, സുതാര്യമായ വഴികളിലൂടെ വിദേശ ജോലികളുമായി യുവജനങ്ങളെ ബന്ധിപ്പിക്കൽ എന്നിങ്ങനെ നാല് ട്രാക്കുകളിലായാണ് വിജ്ഞാന കേരളത്തിന്റെ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. പഠനം കഴിഞ്ഞ് തൊഴിൽ അന്വേഷിക്കുക എന്ന പഴയ രീതിയിൽ നിന്നും മാറി, പഠനത്തോടൊപ്പം തൊഴിലും നൈപുണ്യ വികസനവും എന്ന പുതിയ കാഴ്ചപ്പാടിലേക്ക് യുവജനങ്ങൾ എത്തിച്ചേർന്നിരിക്കുന്നു. ഈ മാറ്റത്തിന് പരിപൂർണ പിന്തുണ നൽകുന്ന പദ്ധതിയാണ് കണക്ട് ടു വർക്ക്.
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2026-01-22 15:37:34
ലേഖനം നമ്പർ: 1945