സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഴവർഗ പോഷകത്തോട്ടങ്ങൾ സ്ഥാപിക്കുന്നതിനായി ഹോർട്ടിക്കൾച്ചർ മിഷൻ ക്യാമ്പയിൻ സംഘടിപ്പിക്കുന്നു. 14 ജില്ലകളിലായി 4500 പഴവർഗ പോഷകത്തോട്ട യൂണിറ്റുകൾ സ്ഥാപിക്കും. ഓരോ ജില്ലയിലും ശരാശരി 300 പോഷകത്തോട്ട യൂണിറ്റുകൾ ആരംഭിക്കും. ഹയർ സെക്കൻഡറി വിഭാഗങ്ങളിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് മുൻഗണന നൽകുന്നത്. 

കേരളത്തിലെ ഹോർട്ടിക്കൾച്ചർ (ഉദ്യാനകൃഷി) മേഖലയുടെ സമഗ്ര വികസനത്തിന്റെ ഭാഗമായി കുട്ടികളിൽ പച്ചക്കറികൾ, പഴവർഗ്ഗങ്ങൾ, സുഗന്ധവ്യഞ്ജനങ്ങൾ, പൂക്കൾ, കൂൺ എന്നിവയുടെ ഉത്പാദനം, നടീൽ വസ്തുക്കളുടെ വിതരണം, വിളവെടുപ്പിന് ശേഷമുള്ള പരിപാലനം, വിപണനം എന്നിവ പ്രോത്സാഹിപ്പിക്കുകയാണ് പദ്ധതി ലക്ഷ്യം.

സംസ്ഥാന കൃഷിവകുപ്പിന്റെ "പോഷക സമൃദ്ധി മിഷന്റെ' ഭാഗമായി ഹോർട്ടിക്കൾച്ചർ മിഷൻ നടപ്പാക്കുന്ന "രാഷ്ട്രീയ കൃഷിവികാസ് യോജന പഴവർഗ പോഷകത്തോട്ട പദ്ധതി' യിൽ ഉൾപ്പെടുത്തിയാണ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്. ഗ്രീൻ കേഡറ്റ് കോർപ്‌സ് തുടങ്ങിയ വിദ്യാർത്ഥി കൂട്ടായ്മകളുടെ നേതൃത്വത്തിലും സമ്പൂർണ വിദ്യാർഥി പങ്കാളിത്തത്തിലുമായിരിക്കും പദ്ധതി നടപ്പാക്കുക.

കുറഞ്ഞത് 10 സെന്റ് കൃഷിഭൂമിയെങ്കിലും ലഭ്യമായ സ്ഥാപനങ്ങളെയാണ് തെരഞ്ഞെടുക്കുക. ഒരു സ്ഥാപനത്തിന്‌ പരമാവധി അഞ്ച് യൂണിറ്റുകൾ വരെ (50 സെന്റ്) അനുവദിക്കും. മാവ്, പ്ലാവ്, പപ്പായ, പേര, നെല്ലി, സപ്പോട്ട, റംബൂട്ടാൻ, പാഷൻ ഫ്രൂട്ട്, നാരകം, വെസ്റ്റ് ഇന്ത്യൻ ചെറി തുടങ്ങി ഓരോ പ്രദേശത്തിനും അനുയോജ്യമായ പഴവർഗ ഇനങ്ങൾ പോഷകത്തോട്ടങ്ങളിൽ ഉൾപ്പെടുത്തും. പഴവർഗ തൈകൾ സൗജന്യമായി വിതരണം ചെയ്യും.

ഹോർട്ടിക്കൾച്ചർ മിഷന്റെയും കൃഷിവകുപ്പിന്റെയും അനുയോജ്യമായ മറ്റു പദ്ധതികളെക്കൂടി സംയോജിപ്പിച്ചാണ് ക്യാമ്പയിൻ നടപ്പാക്കുക. ഫെബ്രുവരി ആദ്യം ക്യാമ്പയിൻ ആരംഭിക്കും. ജില്ലകളിലെ ഹോർട്ടിക്കൾച്ചർ മിഷനിലും കൃഷിഭവനുകളിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. വിദ്യാർത്ഥികളിൽ കൃഷിയോടുള്ള താൽപര്യം വർധിപ്പിക്കാനും, വിദ്യാഭ്യാസ സ്ഥാപനങ്ങളെ കേന്ദ്രമാക്കി സുസ്ഥിരവും ആരോഗ്യപരവുമായ ഭക്ഷ്യ ഉത്പാദന സംസ്കാരം വളർത്തിക്കൊണ്ട്  ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനും ഈ ക്യാമ്പയിൻ സഹായകരമാകും.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2026-01-30 16:19:09

ലേഖനം നമ്പർ: 1955

sitelisthead