പൊതുജനങ്ങൾക്ക് സമീപത്തുള്ള സർക്കാർ ആരോഗ്യ സ്ഥാപനങ്ങളും അവിടെയുള്ള സേവനങ്ങളും വേഗത്തിൽ കണ്ടെത്താൻ സഹായിക്കുന്നതിനായി സമഗ്ര ഡിജിറ്റൽ സംവിധാനം എംഇ ഹെൽത്ത് (MeHEALTH) ആപ്പ് സജ്ജമാക്കി ആരോഗ്യവകുപ്പ്. തൊട്ടടുത്തുള്ള ആശുപത്രികൾ, അവിടെ ലഭ്യമായ സ്പെഷ്യാലിറ്റി ഉൾപ്പടെയുള്ള സേവനങ്ങൾ, ലാബ് പരിശോധനകൾ, അവയുടെ നിരക്കുകൾ തുടങ്ങിയവ അറിയാനാകും. കൂടാതെ ആശുപത്രികളിലെ ബ്ലഡ് ബാങ്ക്, പേവാർഡ്, റേഡിയോളജി സേവനങ്ങൾ, ഫാർമസികൾ എന്നിവ സംബന്ധിച്ച വിവരങ്ങളും ലഭ്യമാകും.
ഇ ഹെൽത്ത് നടപ്പിലാക്കിയ ആശുപത്രികളിൽ മുൻകൂട്ടിയുള്ള അപ്പോയ്മെന്റ് എടുക്കാനും സാധിക്കും. ഇത് കൂടാതെ തൊട്ടടുത്തുള്ള ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ, സർക്കാർ ഹോമിയോപ്പതി ആശുപത്രികൾ, കാരുണ്യ ഫാർമസികൾ എന്നിവയുടെ വിവരങ്ങളും ലഭ്യമാണ്. എംഇ ഹെൽത്ത് ആപ്പിൽ നിയർ ബൈ സർവീസ് ഓപ്ഷൻ കൂടി സജ്ജമാക്കിയാണ് ഈ സേവനങ്ങൾ സാധ്യമാക്കിയത്.
ആദ്യമായി എംഇ ഹെൽത്ത് എന്ന മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്ത് ഫോൺ നമ്പരും ഒടിപിയും നൽകി ലോഗിൻ ചെയ്യുക. ആധാർ നൽകി യുണീക്ക് ഹെൽത്ത് ഐഡി സൃഷ്ടിച്ചാൽ ഈ ആപ്പിലൂടെ തന്നെ ഓൺലൈനായി ഒപി ടിക്കറ്റും ഡോക്ടറുടെ അപ്പോയ്‌മെന്റും എടുക്കാൻ സാധിക്കും. ആശുപത്രിയിലേക്കുള്ള ദൂരവും റൂട്ടും കൃത്യമായി ഈ ആപ്പ് കാണിച്ച് തരും. അതിലുള്ള ഗൂഗിൾ മാപ്പിലൂടെ കൃത്യമായി ചികിത്സാ കേന്ദ്രത്തിൽ എത്താനാകും.
തൊട്ടടുത്തുള്ള ആശുപത്രികളും സേവനങ്ങളും അറിയാൻ എംഇ ഹെൽത്തിന്റെ ഹോം പേജിലെ നിയർ ബൈ സർവീസ് എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യണം. അപ്പോൾ കാണുന്ന ഫൈന്റ് ഇൻസ്റ്റിറ്റ്യൂഷൻ ക്ലിക്ക് ചെയ്താൽ 10 കിലോമീറ്റർ വരെയുള്ള ആശുപത്രികളും അവയിലേക്കുള്ള ദൂരവും അറിയാനാകും. ഏത് ആശുപത്രികളിൽ കാർഡിയോളജി, സർജറി തുടങ്ങിയ സ്പെഷ്യാലിറ്റി ഡോക്ടർമാർ ഉണ്ടെന്നറിയാൻ ഫെന്റ് സ്പെഷ്യാലിറ്റിയിൽ ക്ലിക്ക് ചെയ്യണം. തൊട്ടടുത്തുള്ള ആംബുലൻസ്, ബ്ലഡ് ബാങ്ക്, ലബോറട്ടറി, പേ വാർഡ്, റേഡിയോളജി എന്നിവ സംബന്ധിച്ച വിവരങ്ങൾ അറിയാൻ ഫൈന്റ് സർവീസസ് ക്ലിക്ക് ചെയ്യണം. ഫൈന്റ് ജെഎകെ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്താൽ തൊട്ടടുത്തുള്ള ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ അറിയാനാകും. ഫൈന്റ് ഫാർമസിയിലൂടെ തൊട്ടടുത്തുള്ള ഫാർമസിയും ഫൈന്റ് ഹോമിയോപ്പതിയിലൂടെ ഹോമിയോപ്പതി ക്ലിനിക്കും അറിയാവുന്നതാണ്. ഇതോടൊപ്പം അപ്പോയ്മെന്റെടുക്കാനും സാധിക്കും.
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2026-03-06 15:50:15
ലേഖനം നമ്പർ: 1977