ഗർഭിണികൾക്കും പ്രസവിച്ച അമ്മമാർക്കും ആയുർവേദ രീതിയിലുള്ള ശാസ്ത്രീയ പരിചരണം ലഭ്യമാക്കുന്നതിനും വനിതകൾക്ക് തൊഴിലവസരം സൃഷ്ടിക്കുന്നതിനുമായി സഹകരണ വനിതാ ഫെഡും നാഷണൽ ആയുഷ് മിഷൻ കേരളവും സംയുക്തമായി സഖി (സൂതികമിത്രം) പദ്ധതി നടപ്പാക്കുന്നു. സഖിയുടെ ഭാഗമായി ഗർഭകാലവും പ്രസവാനന്തരകാലവും സംബന്ധിച്ച പരിചരണത്തിൽ സ്ത്രീകൾക്ക് പ്രായോഗികവും ശാസ്ത്രീയവുമായ പരിശീലനം നൽകുന്നതിനായി രൂപകൽപ്പന ചെയ്ത സർട്ടിഫിക്കറ്റ് കോഴ്സിന്റെ ആദ്യ ബാച്ച് പരിശീലനം വിജയകരമായി പൂർത്തിയാക്കി.
ആയുർവേദ ചികിത്സാ സമ്പ്രദായത്തിന്റെ അടിസ്ഥാനത്തിൽ ഗർഭകാലത്തും പ്രസവാനന്തര കാലത്തും അമ്മമാർ നേരിടുന്ന ബുദ്ധിമുട്ടുകൾ ശാസ്ത്രീയമായി കൈകാര്യം ചെയ്യുന്നതിനുള്ള അറിവും കഴിവും നൽകുക എന്നതാണ് കോഴ്സിന്റെ പ്രധാന ലക്ഷ്യം. പത്താം ക്ലാസ് പാസായ 20 മുതൽ 45 വയസ് വരെയുള്ളവർക്ക് ഈ കോഴ്സിന് അപേക്ഷിക്കാം. സർക്കാർ ധനസഹായത്തോടെ സൗജന്യമായാണ് പരിശീലനം നൽകുന്നത്. വനിതാ ഫെഡറേഷന്റെ അംഗ സംഘങ്ങളായ പ്രാഥമിക സംഘങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്നവർക്കാണ് പ്രവേശനം. കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവരെ ആവശ്യാനുസരണം ജോലിയിൽ നിയോഗിക്കും.
ഗർഭകാലത്ത് പാലിക്കേണ്ട ജീവിതശൈലി, ആരോഗ്യകരമായ ഭക്ഷണക്രമം, ലളിതമായ വ്യായാമങ്ങൾ എന്നിവയെക്കുറിച്ച് ബോധവത്കരണം നൽകുന്നതും പദ്ധതിയുടെ ഭാഗമാണ്. കൂടാതെ പ്രസവാനന്തരം അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യം സംരക്ഷിക്കാൻ ആവശ്യമായ ആരോഗ്യപരിപാലന മാർഗങ്ങൾ നടപ്പിലാക്കുന്നതിലും സഖിമാർ പങ്കാളികളാകും. സഖി പദ്ധതിയുടെ ഭാഗമായി പ്രവർത്തിക്കാൻ താത്പര്യമുള്ള വനിതകൾക്ക് സഹകരണ വനിതാ ഫെഡുമായി ബന്ധപ്പെടണം. ഫോൺ : 0471-2330825, 2331992
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2026-03-13 16:13:49
ലേഖനം നമ്പർ: 1989