കുട്ടികളിലെ വൃക്കരോഗ പ്രതിരോധത്തിനും ചികിത്സയ്ക്കുമായി 'പ്രതീക്ഷ' (PRATIKSHA - Pediatric Renal Assessment, Treatment and Intervention in Kerala State) എന്ന പേരിൽ പുതിയ സമഗ്ര പദ്ധതി ആവിഷ്‌കരിച്ചു ആരോഗ്യ വകുപ്പ്. കുട്ടികളിലെ വൃക്കരോഗങ്ങൾ നേരത്തെ തിരിച്ചറിയുകയും സമയബന്ധിതമായ ചികിത്സയും ഇടപെടലുകളും ഉറപ്പാക്കുകയും ചെയ്യുന്നതിലൂടെ ഗുരുതര വൃക്കരോഗത്തിന്റെ തീവ്രത കുറയ്ക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.
ഗർഭകാലം മുതൽ തന്നെ കുട്ടികളിലെ പ്രശ്‌നങ്ങൾ കണ്ടെത്തി ഇടപെടൽ നടത്തുന്നതാണ് പ്രതീക്ഷ പദ്ധതിയുടെ പ്രത്യേകത. ഒബ്‌സ്‌ടെട്രീഷ്യൻ, പീഡിയാട്രീഷ്യൻ, പീഡിയാട്രിക് നെഫ്രോളജിസ്റ്റ്, പീഡിയാട്രിക് സർജൻ എന്നിവരടങ്ങിയ വിദഗ്ധ സംഘത്തിന്റെ നേതൃത്വത്തിൽ ഗർഭകാലം, ജനനാനന്തര ഘട്ടം, ചികിത്സാനന്തര പരിചരണം എന്നിവ ഉൾപ്പെടുന്ന സമഗ്രമായ പരിചരണ സംവിധാനം പദ്ധതിയിലൂടെ ഉറപ്പാക്കുന്നു.
ഡിസ്ട്രിക്ട് എർലി ഇന്റർവെൻഷൻ സെന്ററുകൾ വഴി അപകട സാധ്യതയുള്ള കുഞ്ഞുങ്ങളെയും കുട്ടികളെയും രജിസ്റ്റർ ചെയ്ത് ആവശ്യമായ പരിശോധനകൾക്കും ചികിത്സയ്ക്കുമായി മെഡിക്കൽ കോളേജുകളിലേക്ക് റഫർ ചെയ്യുന്നതാണ് പ്രവർത്തനരീതി. തിരുവനന്തപുരം എസ്.എ.ടി, ആശുപത്രി സംസ്ഥാനതല പീഡിയാട്രിക് നെഫ്രോളജി ഹബ്ബായി പ്രവർത്തിക്കും.
ഗുരുതര വൃക്കരോഗം നേരത്തെ കണ്ടെത്തൽ, രോഗ വ്യാപനം മന്ദഗതിയിലാക്കാനുള്ള ചികിത്സകൾ, ദീർഘകാല ചികിത്സാ പിന്തുണ, കൂടാതെ ആവശ്യമുള്ളവർക്ക് സമഗ്രമായ റീനൽ റീപ്ലേസ്‌മെന്റ് പ്രോഗ്രാം എന്നിവ ശക്തിപ്പെടുത്തുന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഹൃദ്യം പോർട്ടൽ വഴി ഈ പദ്ധതി ബന്ധിപ്പിച്ച് കൂടുതൽ കാര്യക്ഷമമായ നിരീക്ഷണവും തുടർപരിചരണവും ഉറപ്പാക്കും.
കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തിൽ കേരളം കൈവരിച്ച നേട്ടങ്ങളെ കൂടുതൽ ശക്തിപ്പെടുത്തുന്ന ഒരു പ്രധാന ഇടപെടലായിരിക്കും 'പ്രതീക്ഷ' പദ്ധതി. ഗുരുതര വൃക്കരോഗങ്ങൾ നേരത്തെ കണ്ടെത്തി ചികിത്സ ഉറപ്പാക്കുന്നതിലൂടെ കുട്ടികൾക്ക് ആരോഗ്യകരമായ ഭാവി നൽകുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന പ്രതീക്ഷ.
കുട്ടികളിലെ രോഗം വൈകി തിരിച്ചറിയുന്നതും ഡയാലിസിസ്, വൃക്കമാറ്റിവയ്ക്കൽ പോലുള്ള ചികിത്സകളിലേക്ക് എത്തേണ്ടി വരുന്നതും പൊതുജനാരോഗ്യ വെല്ലുവിളിയായി മാറിയിരിക്കുകയാണ്. ഈ സാഹചര്യത്തിൽ കുട്ടികളുടെയും അവരുടെ കുടുംബങ്ങളുടെയും ആരോഗ്യപരവും സാമ്പത്തികവുമായ പിന്തുണയ്ക്കുന്നതിനാണ് പ്രതീക്ഷ പദ്ധതി നടപ്പാക്കുന്നത്.
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2026-03-13 14:56:01
ലേഖനം നമ്പർ: 1987