തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിന്റെ (ആർസിസി) 242 കോടി രൂപ ചെലവിൽ നിർമ്മിച്ച ബഹുനില മന്ദിരം പ്രവർത്തനസജ്ജമായി. 3,30,117 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ നിർമ്മിച്ച ഈ ബഹുനില മന്ദിരം കൂടുതൽ കാര്യക്ഷമമായ സേവനം ഉറപ്പാക്കുന്നതിനും വിവിധ ചികിത്സാ സേവനങ്ങൾക്കായുള്ള രോഗികളുടെ കാത്തിരിപ്പ് കുറയ്ക്കുന്നതിനുമായാണ് ഒരുക്കിയിരിക്കുന്നത്. കാൻസർ രോഗചികിത്സയ്ക്കായി അത്യാധുനിക സൗകര്യങ്ങൾ ഇവിടെ സജ്ജമാണ്.
റേഡിയോതെറാപ്പി, ന്യൂക്ലിയർ മെഡിസിൻ, ബോൺമാരോ ട്രാൻസ്പ്ലാന്റ് യൂണിറ്റ്, ഓപ്പറേഷൻ തീയേറ്ററുകൾ, ലുകീമിയ വാർഡ്, ഇൻ്റെൻസീവ് കെയർ യൂണിറ്റുകൾ, ബ്ലഡ് ബാങ്ക്, മൈക്രോബയോളജി ലാബ്, വാർഡുകൾ തുടങ്ങിയ വിഭാഗങ്ങൾ എന്നിവയാണ് പ്രവർത്തനം ആരംഭിക്കാനൊരുങ്ങുന്നത്. നിലവിലുള്ള കിടക്കകൾക്കു പുറമേ 200 അധിക കിടക്കകളും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്.
താഴത്തെ രണ്ട് നിലകളിൽ വാഹന പാർക്കിംഗ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. സൗരോർജം പരമാവധി ഉപയോഗപ്പെടുത്തുകയും ഹരിത പ്രോട്ടോക്കോൾ പാലിക്കുകയും ചെയ്താണ് നിർമ്മാണ പ്രവർത്തനം നടത്തിയിരിക്കുന്നത്. മലിനീകരണ നിയന്ത്രണ സംവിധാനങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.
പൂർണമായും സംസ്ഥാന സർക്കാർ ചിലവിൽ നിർമിച്ച ഈ മന്ദിരം, സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലുമുള്ള കാൻസർ രോഗികൾക്ക് ലോകോത്തര നിലവാരത്തിലുള്ള ചികിത്സയും അനുബന്ധ സേവനങ്ങളും ലഭ്യമാക്കും. കാൻസർ ചികിത്സാ സൗകര്യങ്ങളുടെ വികസനത്തിൽ ഇത് ഒരു സുപ്രധാന മുന്നേറ്റമായി മാറും.
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2026-02-23 16:07:36
ലേഖനം നമ്പർ: 1970