സംസ്ഥാനത്ത് നടപ്പിലാക്കുന്ന നാലുവർഷ ബിരുദ പാഠ്യപദ്ധതിയുടെ ഭാഗമായി വിദ്യാർത്ഥികൾക്ക് കാലാനുസൃതവും നൂതനവുമായ പഠനാവസരങ്ങൾ ലഭ്യമാക്കുന്നതിനായി ഓൺലൈൻ കോഴ്‌സ് പ്ലാറ്റ്‌ഫോമായ ‘കെ-ലേൺ’ അവതരിപ്പിച്ചു ഉന്നത വിദ്യാഭ്യാസ വകുപ്പ് . ഈ സംവിധാനത്തിലൂടെ വിവിധ വിഷയങ്ങളിലുള്ള നിലവാരമേറിയ കോഴ്‌സുകൾ വിദ്യാർത്ഥികൾക്ക് ഡിജിറ്റൽ രീതിയിൽ ലഭ്യമാക്കുകയും പഠനത്തിന്റെ ഗുണമേന്മയും വ്യാപ്തിയും വർധിപ്പിക്കുകയും ചെയ്യുകയാണ് ലക്ഷ്യം.

കെ-ലേൺ പോർട്ടൽ വഴി അധ്യാപകരുടെ വൈദഗ്ധ്യം പ്രയോജനപ്പെടുത്തി സിഗ്നേച്ചർ കോഴ്‌സുകൾ നൽകും. ഇതിനാവശ്യമായ മാർഗനിർദേശങ്ങൾ ഇംപ്ലിമെന്റേഷൻ സെൽ തയ്യാറാക്കിയിട്ടുണ്ട്. രാജ്യത്ത് ഒരു സംസ്ഥാന സർക്കാർ ഇത്ര വിശാലമായി ഒരു പ്ലാറ്റ്‌ഫോം വഴി ഓൺലൈൻ കോഴ്സുകൾ നൽകുന്നത് ആദ്യമായാണ്. 

ഒരു വ്യക്തിഗത അധ്യാപകൻ തന്റെ മേഖലയെ അടിസ്ഥാനമാക്കി തയ്യാറാക്കുന്ന പഠന കോഴ്‌സ് കെ-ലേൺ പ്ലാറ്റ്‌ഫോം വഴി (ഓൺലൈൻ അല്ലെങ്കിൽ ഹൈബ്രിഡ് രീതിയിൽ) വിദ്യാർത്ഥികളിലേക്കെത്തും. കേരളത്തിലെ എല്ലാ നാലുവർഷ ബിരുദ വിദ്യാർത്ഥികൾക്ക് ഇഷ്ടമേഖലയിൽ സൗജന്യമായി ലഭ്യമാകുന്ന കോഴ്സാണിത്. അധ്യാപകർ തങ്ങളുടെ നിലവിലെ വർക്ക് ലോഡിന്റെ ഭാഗമായാണ് ഈ കോഴ്‌സ് നൽകുക.

എ.ബി.സി (അക്കാദമിക്  ബാങ്ക് ഓഫ് ക്രെഡിറ്റ്‌സ്) മുഖേന ക്രെഡിറ്റ് ട്രാൻസ്ഫർ നടത്താൻ സാധിക്കുന്നതുകൊണ്ട് എവിടെനിന്നു വേണമെങ്കിലും ഈ കോഴ്‌സ് ലഭ്യമാക്കാം. മൂന്നോ നാലോ വർഷങ്ങളിൽ ഇലക്ടീവ് കോഴ്‌സുകൾ തിരഞ്ഞെടുക്കേണ്ട ഘട്ടത്തിൽ, തങ്ങൾക്ക് താല്പര്യമുള്ള ഒരു കോഴ്‌സ് പഠിക്കുന്ന കോളേജിൽ ലഭ്യമല്ലെങ്കിൽ ഈ പ്ലാറ്റ്ഫോം വഴി പഠിക്കാൻ സാധിക്കും. വിദ്യാർത്ഥികൾക്ക് അധിക ഫീസ് കൊടുക്കാതെ നൂതനമായ കോഴ്സുകൾ പഠിക്കാൻ ഇതുവഴി അവസരമൊരുക്കും. നാലുവർഷ ബിരുദ പ്രോഗ്രാമിൽ നിർബന്ധമായും ചെയ്യേണ്ട രണ്ടു ഓൺലൈൻ കോഴ്‌സുകളും ഇതേ പ്ലാറ്റ്‌ഫോം വഴി വിദ്യാർത്ഥികൾക്ക് ചെയ്യാൻ കഴിയും.  അധ്യാപകർ തയ്യാറാക്കി സർവകലാശാലയിൽ സമർപ്പിക്കുന്ന കോഴ്സുകൾ സർവകലാശാല പഠന ബോർഡ് നടത്തുന്ന വിശദമായ പരിശോധനക്ക് ശേഷം കോഴ്‌സ് അംഗീകരിച്ച് കെ-ലേൺ പ്ലാറ്റ്‌ഫോമിന്റെ ഭാഗമാക്കും. 

കെ-ലേൺ പ്ലാറ്റ്‌ഫോം സംസ്ഥാനത്തെ നാലുവർഷ ബിരുദ പാഠ്യപദ്ധതിയിൽ ഡിജിറ്റൽ പഠനത്തിന് പുതിയ ദിശ നൽകുന്ന സംരംഭമാണ്. അധ്യാപകരുടെ വൈദഗ്ധ്യവും സാങ്കേതികവിദ്യയും ഏകോപിപ്പിച്ച് വിദ്യാർത്ഥികൾക്ക് ഗുണമേന്മയുള്ള, നൂതനമായ കോഴ്‌സുകൾ കൂടുതൽ എളുപ്പത്തിൽ ലഭ്യമാക്കുന്നതിനിലൂടെ ഉയർന്ന വിദ്യാഭ്യാസ രംഗത്ത് കേരളം മുന്നേറ്റം കുറിക്കും.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2026-03-12 16:55:32

ലേഖനം നമ്പർ: 1985

sitelisthead