ഭിന്നശേഷിക്കാരായ വ്യക്തികളുടെ ഉന്നമനത്തിനും സമഗ്ര ശാക്തീകരണത്തിനുമായി കേരള സംസ്ഥാന ഭിന്നശേഷി ക്ഷേമ കോർപ്പറേഷൻ ‘സുശക്തി’ പദ്ധതി ആരംഭിച്ചു. ഭിന്നശേഷിക്കാരുടെയും അവരുടെ കുടുംബങ്ങളുടെയും സമഗ്ര പുനരധിവാസം ഉൾപ്പെടുത്തി രൂപകൽപ്പന ചെയ്തിരിക്കുന്ന ഈ പദ്ധതിയിലൂടെ ഭിന്നശേഷിക്കാർ നിർമിക്കുന്ന ഉൽപ്പന്നങ്ങളുടെ ഗുണമേന്മ ഉറപ്പാക്കുകയും വിപണി സാധ്യതകൾ കണ്ടെത്തി ബ്രാൻഡിംഗ് ഉൾപ്പെടെയുള്ള പിന്തുണ നൽകുകയും ചെയ്യും.
സ്വയം സഹായ സംഘങ്ങളിലൂടെ ഭിന്നശേഷിക്കാരുടെ സ്വയംപര്യാപ്തത ഉറപ്പാക്കുന്നതിനാണ് സുശക്തി മിഷൻ രൂപീകരിക്കുന്നത്. കുടുംബശ്രീ മാതൃകയിൽ സ്വയം സഹായ സംഘങ്ങൾ രൂപീകരിച്ച് ഭിന്നശേഷിക്കാരെയും അവരുടെ കുടുംബങ്ങളെയും സാമൂഹ്യകമായി ശക്തിപ്പെടുത്തുക എന്നതാണ് ലക്ഷ്യം. കൂടാതെ ശാരീരിക, മാനസിക, ഭൗതിക വെല്ലുവിളികൾ നേരിടുന്നവരെ സമൂഹത്തിന്റെ മുഖ്യധാരയിൽ ഉൾപ്പെടുത്തുകയും അവരെ സ്വയംപര്യാപ്തരാക്കുകയും ചെയ്യും.
ഭിന്നശേഷി വിഭാഗത്തിന്റെ ഉന്നമനത്തിനായി സാമൂഹികനീതി വകുപ്പിനു കീഴിലുള്ള വ്യത്യസ്ത ഏജൻസികൾ നടപ്പിലാക്കുന്ന പദ്ധതികൾ കൃത്യതയോടെ ഗുണഭോക്താക്കളിൽ എത്തിക്കുന്നതിനും ഈ മിഷന്റെ ഭാഗമായി സാധിക്കും. ഭിന്നശേഷി സ്വയം സഹായ സംഘങ്ങളും, വ്യക്തികളും നിർമ്മിക്കുന്ന ഉല്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തി ബ്രാൻഡ് ചെയ്ത് അവയുടെ വിപണന സാധ്യതകൾ മെച്ചപ്പെടുത്തുകയെന്നതും മിഷന്റെ ലക്ഷ്യമാണ്.
കേരള സംസ്ഥാന ഭിന്നശേഷി ക്ഷേമ കോർപ്പറേഷന്റെ കീഴിൽ കേരള സംഘങ്ങൾ രജിസ്‌ട്രേഷൻ ആക്ട് (2025) അനുസരിച്ചാണ് സുശക്തി രജിസ്റ്റർ ചെയ്ത് പ്രവർത്തിക്കുന്നത്. ശാരീരിക - മാനസിക - ഭൗതിക വെല്ലുവിളികൾ നേരിടുന്ന എല്ലാ വ്യക്തികളേയും, സുശക്തി സംഘത്തിന്റെ പ്രവർത്തനങ്ങളിൽ നേരിട്ട് പങ്കാളികളാവാൻ സാധിക്കത്തവരുടെ രക്ഷകർത്താക്കളേയും ഉൾപ്പെടുത്തിയാണ് സുശക്തി സ്വയം സഹായ സംഘങ്ങൾ രൂപീകരിക്കുക. സുശക്തി സംഘത്തിന്റെ പരിധിയിൽ സ്ഥിരതാമസക്കാരായ 40 ശതമാനമോ അതിലധികമോ ശാരീരിക - മാനസിക - ഭൗതിക വെല്ലുവിളി നേരിടുന്ന 10 മുതൽ 20 വരെ വ്യക്തികളുടെ കൂട്ടായ്മായായാണ് ഓരോ സുശക്തി യൂണിറ്റും.
അംഗങ്ങൾക്ക് വരുമാനദായകമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനുള്ള പ്രോത്സാഹനവും പിന്തുണയും ഈ സ്വയം സഹായ സംഘങ്ങളിലൂടെ നൽകും. കേന്ദ്ര - സംസ്ഥാന സർക്കാരുകൾ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ഇതര ഏജൻസികൾ എന്നിവയുടെ ദാരിദ്ര്യലഘൂകരണ പ്രവർത്തനങ്ങളും ക്ഷേമപദ്ധതികളും, തൊഴിൽ പുനരധിവാസ പദ്ധതികളും ഏറ്റെടുത്ത് സുശക്തി അംഗങ്ങൾക്ക് സ്ഥിരമായ ഉപജീവന സൗകര്യം ഉറപ്പാക്കും.
കേന്ദ്ര - സംസ്ഥാന സർക്കാരുകൾ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ഇതര ഏജൻസികളുടേയും സാമ്പത്തിക വികസനവും സാമൂഹികനീതിയും ലക്ഷ്യംവച്ചുള്ള വിവിധങ്ങളായ പ്രവർത്തനങ്ങളിൽ സുശക്തി പങ്കാളിത്തം വഹിക്കും. ഭിന്നശേഷിക്കാരുടെ ശാക്തീകരണം, ഭിന്നശേഷി സൗഹൃദ സാഹചര്യങ്ങളും അന്തരീക്ഷങ്ങളും ഉറപ്പാക്കൽ, പ്രാദേശിക സാമ്പത്തിക വികസനം, ദാരിദ്ര്യലഘൂകരണം, ആതുരസേവനം, സാമൂഹികനീതി, സദ്ഭരണം തുടങ്ങിയ മേഖലകളിലെ വികസനപദ്ധതികളുടെ ആസൂത്രണ നിർവഹണ പ്രവർത്തനങ്ങളിലും സുശക്തി അംഗങ്ങൾ പങ്കാളികളാവും.
സുശക്തി പദ്ധതി
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2026-03-13 11:21:27
ലേഖനം നമ്പർ: 1984