സംസ്ഥാനത്തെ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് സാമ്പത്തിക സുരക്ഷയും അടിയന്തിര ധനസഹായവും ഉറപ്പാക്കുന്നതിനായി'രക്ഷാകവചം' അപകട ഇൻഷുറൻസ് പദ്ധതി നടപ്പാക്കി സർക്കാർ. ജോലിസ്ഥലത്തോ അല്ലാതെയോ ആകസ്‌മികമായി ജീവൻ നഷ്ടപ്പെടുന്ന തൊഴിലാളിയുടെ കുടുംബത്തിന് അഞ്ചു ലക്ഷം രൂപ അടിയന്തിര ധനസഹായം ലഭ്യമാക്കുന്ന പദ്ധതിയാണിത്‌. മറ്റ് ആനുകൂല്യങ്ങൾ ലഭിക്കുന്നതോടൊപ്പമാണ് രക്ഷാകവചം പദ്ധതി ആനുകൂല്യവും നൽകുന്നത്. ചിയാക് വിഭാവനം ചെയ്ത പദ്ധതി തൊഴിൽ വകുപ്പിന്റെ പൂർണ സഹകരണത്തോടെയാണ് നടപ്പാക്കുന്നത്. 

കേരളത്തിലെ ലക്ഷക്കണക്കിന് സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്ക് ഉറപ്പും സംരക്ഷണവും നൽകുന്നതാണ് രക്ഷാകവചം പദ്ധതി. വേതന സുരക്ഷാ പദ്ധതിയിൽ അംഗങ്ങളായ സ്വകാര്യ മേഖലയിലെ ഏകദേശം 25 ലക്ഷത്തോളം വരുന്ന തൊഴിലാളികൾക്ക് പദ്ധതി ആനുകൂല്യം ലഭിക്കും. മരണ സർട്ടിഫിക്കറ്റ്, എഫ്‌ഐആർ, അനന്തരാവകാശ സർട്ടിഫിക്കറ്റ് എന്നിവ സഹിതം ചിയാക്കിന്റെ ജില്ലാ ഓഫീസർക്ക് അപേക്ഷ നൽകണം. അർഹത ഉറപ്പുവരുത്തി എത്രയും വേഗം ധനസഹായം ഉറപ്പാക്കും. 
 
സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് മിനിമം വേതനം ലഭ്യമാകുന്നു എന്ന് ഉറപ്പുവരുത്തുന്നതിനു വേണ്ടിയാണ് സർക്കാർ വേതന സുരക്ഷാ പദ്ധതി സംസ്ഥാനത്ത് നടപ്പാക്കിയത്. ഇതിന്റെ ഭാഗമായി തൊഴിലുടമ തൊഴിലാളിക്ക് ബാങ്ക് വഴിയാണ് ശമ്പളം നൽകുന്നത്. പദ്ധതി പ്രകാരം, ഇതിനായുള്ള ഐ ടി പ്ലാറ്റ്‌ഫോമിൽ തൊഴിൽ സ്ഥാപനം വിവരങ്ങൾ രജിസ്റ്റർ ചെയ്യും. മിനിമം വേതനം തൊഴിലാളിക്ക് ലഭിക്കുന്നുണ്ടോ എന്ന് സംസ്ഥാന തൊഴിൽ വകുപ്പ് ഈ പ്ലാറ്റ്ഫോമിലൂടെ നിരീക്ഷിച്ച് ഉറപ്പാക്കുകയും ചെയ്യുന്നു. ഓരോ തൊഴിലാളിയുടേയും പദ്ധതി വിഹിതമായി ഒരു നിശ്ചിത തുക സ്വീകരിക്കും. ഈ തുക ക്രോഡീകരിച്ചാണ് അപകടമരണ ധനസഹായമായി നൽകുക.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2026-02-13 14:05:57

ലേഖനം നമ്പർ: 1961

sitelisthead