കേരളത്തിന്റെ വിനോദ സഞ്ചാരമേഖലയ്ക്ക് കൂടുതൽ പിന്തുണ നൽകുന്നതിനും ജല വിതരണത്തിന് പുറമെ വകുപ്പിന് അധിക വരുമാനം കണ്ടെത്തുന്നതിനും പൊതുജനങ്ങൾക്കായി ഗസ്റ്റ് ഹൗസുകൾ സജ്ജമാക്കി വാട്ടർ അതോറിറ്റി. സംസ്ഥാന വ്യാപകമായി നടപ്പിലാക്കുന്ന ഈ പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയിൽ ഇടുക്കി ജില്ലയിലെ ചെറുതോണിയിലും പൈനാവിലുമാണ് അത്യാധുനിക സൗകര്യങ്ങളോട് കൂടിയ ഗസ്റ്റ് ഹൗസുകൾ പൊതുജനങ്ങൾക്കായി ഒരുക്കിയിരിക്കുന്നത്. വാട്ടർ അതോറിറ്റിയുടെ ജലശുദ്ധീകരണ ശാലകൾക്കും ടാങ്കുകൾക്കും മുകളിലും താഴെയുമായിട്ടാണ് ഈ മുറികൾ നിർമ്മിച്ചിരിക്കുന്നത്.

ചെറുതോണി: 15 ലക്ഷം ലിറ്റർ ശേഷിയുള്ള വാട്ടർ ടാങ്കിന് മുകളിലായി 2 സ്യൂട്ട് റൂമുകളും 4 ഡീലക്സ് റൂമുകളും നിർമ്മിച്ചിട്ടുണ്ട്. കൂടാതെ 200 പേർക്ക് ഇരിക്കാവുന്ന 'പെരിയാർ' എന്ന് പേരിട്ടിരിക്കുന്ന കോൺഫറൻസ് ഹാളും ഇവിടെയുണ്ട്. ഇടുക്കി ഡാമിന്റെ മനോഹരമായ ദൃശ്യം ആസ്വദിക്കാം എന്നതാണ് ഇവിടുത്തെ പ്രധാന ആകർഷണം. പൈനാവ്: 2.5 ലക്ഷം ലിറ്റർ ശേഷിയുള്ള പ്ലാന്റിന് താഴെയായി 3 സ്യൂട്ട് റൂമുകളും 2 സാധാരണ റൂമുകളുമാണ് ‍ഒരുക്കിയിരിക്കുന്നത്. രണ്ടിടത്തും വിശാലമായ പാർക്കിംഗ് സൗകര്യവും ലഭ്യമാണ്.

പൊതുമരാമത്ത് വകുപ്പിന്റെ (PWD) റെസ്റ്റ് ഹൗസുകളുടെ മാതൃകയിൽ സാധാരണക്കാർക്ക് താങ്ങാനാവുന്ന നിരക്കിലാണ് വാട്ടർ അതോറിറ്റിയും ഈ സൗകര്യം ലഭ്യമാക്കുന്നത്. സ്യൂട്ട് റൂമുകൾ: ₹3,000/ദിവസം, സാധാരണ റൂമുകൾ: ₹1,000/ദിവസം, കോൺഫറൻസ് ഹാൾ: ₹10,000/ദിവസം എന്നിങ്ങനെയാണ് നിരക്കുകൾ. പൊതുജനങ്ങൾക്ക് മാർച്ച് 15 മുതൽ വാട്ടർ അതോറിറ്റിയുടെ വെബ്സൈറ്റ് വഴി  ഓൺലൈനായി മുറികൾ ബുക്ക് ചെയ്യാവുന്നതാണ്. സംസ്ഥാനത്തെ മറ്റ് പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും വാട്ടർ അതോറിറ്റിയുടെ ഗസ്റ്റ് ഹൗസുകൾ വ്യാപിപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2026-02-27 16:30:14

ലേഖനം നമ്പർ: 1973

sitelisthead