വയോജനങ്ങളുടെ സുരക്ഷ, പുനരധിവാസം, ശാക്തീകരണം എന്നിവ ലക്ഷ്യമിട്ട് സംസ്ഥാന സാമൂഹ്യനീതി വകുപ്പിന് കീഴിൽ 'സായംപ്രഭ സേന' എന്ന പേരിൽ റാപ്പിഡ് റെസ്‌പോൺസ് ടീം (RRT) സജ്ജമാക്കുന്നു. കേരളത്തിലെ 14 ജില്ലകളിലും പ്രവർത്തനം ആരംഭിക്കുന്ന ഈ പദ്ധതി, ഒറ്റപ്പെട്ടുപോകുന്ന വയോധികരുടെ സംരക്ഷണവും സമൂഹത്തിലേക്കുള്ള അവരുടെ പുനസംയോജനവും ഉറപ്പാക്കാൻ ലക്ഷ്യമിടുന്നു.

വയോജനങ്ങൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയുന്നതിനും അവർക്ക് സഹായം ലഭ്യമാക്കുന്നതിനുമായി മെയിന്റനൻസ് ട്രിബ്യൂണലുകൾ, പോലീസ്, ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റി എന്നിവയുമായി ചേർന്ന് അടിയന്തിര സാഹചര്യങ്ങളിൽ സഹായമെത്തിക്കും. ഉപേക്ഷിക്കപ്പെട്ടവരും പീഡനങ്ങൾ നേരിടുന്നവരുമായ മുതിർന്ന പൗരന്മാർക്ക് ആവശ്യമായ പുനരധിവാസ സൗകര്യങ്ങൾ ഒരുക്കും. വയോജനങ്ങളുടെ സുരക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിനൊപ്പം സർക്കാർ സേവനങ്ങൾ കൃത്യമായി അവരിലേക്ക് എത്തുന്നുണ്ടെന്നും ഉറപ്പുവരുത്തും. വയോജന സൗഹൃദ കേരളം എന്ന ലക്ഷ്യത്തിലേക്കുള്ള നിർണ്ണായക ചുവടുവെപ്പാണ് 'സായംപ്രഭ സേന'യിലൂടെ സർക്കാർ  നടപ്പിലാക്കുന്നത്.

സംസ്ഥാനത്തെ 15 ഡേ-കെയർ സെന്ററുകളെ 'മാതൃക സായംപ്രഭ ഹോമുകളായി' സർക്കാർ ഉയർത്തിയിട്ടുണ്ട്. പോഷകാഹാരം, വിനോദം, നൈപുണ്യ പരിശീലനം, സ്വയം തൊഴിൽ മാർഗനിർദ്ദേശങ്ങൾ, ആരോഗ്യപരിരക്ഷ എന്നിവ ഇവിടെ ലഭ്യമാകും. ഫിസിയോതെറാപ്പിസ്റ്റുകൾ, കെയർ ഗിവർമാർ തുടങ്ങിയവരുടെ സേവനവും ഈ കേന്ദ്രങ്ങളിൽ ഉറപ്പാക്കിയിട്ടുണ്ട്. 

വിദേശത്തേക്ക് യുവതലമുറ കുടിയേറുന്ന സാഹചര്യത്തിൽ, നാട്ടിൽ ഒറ്റപ്പെട്ടുപോകുന്ന വയോജനങ്ങൾക്ക് മാനസിക പിന്തുണ നൽകുന്ന സല്ലാപം പദ്ധതി, കിടപ്പിലായ വയോജനങ്ങളെ പരിചരിക്കുന്ന എൻജിഒകൾക്ക് സാമ്പത്തിക സഹായം നൽകുന്ന വയോസാന്ത്വനം പദ്ധതി, സർക്കാർ വൃദ്ധസദനങ്ങളിലെ അന്തേവാസികൾക്കായി കൂടുതൽ മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങൾ ഒരുക്കുന്ന സെക്കൻഡ് ഇന്നിംഗ്‌സ് ഹോം പദ്ധതി തുടങ്ങി വിവിധ വയോജനക്ഷേമ പദ്ധതികളാണ് വകുപ്പ് നടപ്പാക്കി വരുന്നത്. കൂടുതൽ വിവരങ്ങൾക്കും സേവനങ്ങൾക്കുമായി www.sjd.kerala.gov.in സന്ദർശിക്കുക.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2026-02-19 11:26:19

ലേഖനം നമ്പർ: 1965

sitelisthead