കേരളത്തിലെ കശുമാവ് കൃഷി മേഖലയെ സമ്പൂർണമായി ഡിജിറ്റൽ ഗവർണൻസ് ചട്ടക്കൂടിലാക്കി വേഗതയുള്ളതും സുതാര്യവുമായ പ്രവർത്തനം ഉറപ്പാക്കുന്നതിനായി കേരള സ്റ്റേറ്റ് ഏജൻസി ഫോർ എക്സ്പാൻഷൻ ഓഫ് കാഷ്യു കൾട്ടിവേഷൻ രാജ്യത്തെ ആദ്യ ജി.ഐ.എസ് അധിഷ്ഠിത ഡിജിറ്റൽ ഗവർണൻസ് സംവിധാനം നടപ്പാക്കി.
കർഷക സൗഹൃദ സേവനദൗത്യം ശക്തിപ്പെടുത്തുന്നതിനും പൊതുമുതൽ വിനിയോഗത്തിലെ ഉത്തരവാദിത്തം ഉറപ്പാക്കുന്നതിനും കശുമാവ് കൃഷിയുടെ സുസ്ഥിര വികസനത്തിന് ദീർഘകാല ഡിജിറ്റൽ അടിസ്ഥാനസൗകര്യം സൃഷ്ടിക്കുന്നതിനുമുള്ള ഒരു നിർണായക ചുവടുവയ്പ്പാണിതെന്ന് മന്ത്രിപറഞ്ഞു. സംസ്ഥാന വ്യാപകമായി പ്രതിവർഷം ശരാശരി അഞ്ച് ലക്ഷത്തോളം അത്യുല്പാദനശേഷിയുള്ള കശുമാവ് ഗ്രാഫ്റ്റുകൾ കർഷകർക്ക് സൗജന്യമായി വിതരണം ചെയ്യുന്ന ബൃഹത്തായ ഭരണ-ലോജിസ്റ്റിക് സംവിധാനമാണ് കെ.എസ്.എ.സി.സി കൈകാര്യം ചെയ്യുന്നത്.
ഡിജിറ്റലൈസേഷനു മുൻപ് തത്സമയ ട്രാക്കിംഗ്, ജിയോ-ടാഗിംഗ് അടിസ്ഥാനത്തിലുള്ള പരിശോധന, ഏകീകൃത റിപ്പോർട്ടിംഗ്, ഡാറ്റാ അനലിറ്റിക്‌സ് എന്നിവയിൽ പരിമിതികൾ ഉണ്ടായിരുന്നതിന്റെ പശ്ചാത്തലത്തിലാണ് സുതാര്യതയും കാര്യക്ഷമതയും ട്രേസബിലിറ്റിയും ഉറപ്പാക്കുന്ന ഡിജിറ്റൽ ഗവർണൻസ് സംവിധാനം രൂപകൽപ്പന ചെയ്തിരിക്കുന്നത്. പുതിയ സംവിധാനത്തിലൂടെ കശുമാവ് തൈകൾക്കുള്ള അപേക്ഷ മുതൽ ഫീൽഡ്വെരിഫിക്കേഷൻ വരെ ഉള്ള മുഴുവൻ പ്രക്രീയയും 'എൻഡ്-ടു-എൻഡ്' രീതിയിൽഡിജിറ്റൈസ് ചെയ്തു. കർഷകർക്ക് ഓൺലൈനായി അപേക്ഷ സമർപ്പിക്കാനുംഅപേക്ഷയുടെ നിജസ്ഥിതി തൽസമയം നിരീക്ഷിക്കാനും കൃഷിയിടങ്ങൾ ജിയോ-ടാഗ്ചെയ്യാനുമാകും.
അപേക്ഷ സ്വീകരിക്കൽ, പരിശോധന, അനുമതി, സ്ഥല വിസ്തൃതിക്ക് ആനുപാതികമായുള്ള തൈ വിതരണം, ഫീൽഡ് പരിശോധന എന്നിവയുടെ ഓരോ ഘട്ടവും ഡിജിറ്റലായി രേഖപ്പെടുത്തപ്പെടുന്നതോടെ സേവനലഭ്യത വേഗത്തിലാകുകയും ഓഫീസ് സന്ദർശനങ്ങൾ ഗണ്യമായി കുറയുകയും ചെയ്യും. വിതരണ ശൃംഖലയിലെ സുതാര്യത ഉറപ്പാക്കുന്നതിനായി 'ലോഡ് മാനേജ്‌മെന്റ് സിസ്റ്റം' നടപ്പിലാക്കി.
നഴ്‌സറി തലത്തിൽ നിന്ന് ലോഡിംഗ്, ഗതാഗതം, അൺലോഡിംഗ്, സംഭരണം, അന്തിമ വിതരണം വരെ എല്ലാ ഘട്ടങ്ങളും ജിയോ-ടാഗ് ചെയ്ത് ഡാറ്റയിലൂടെ തത്സമയം നിരീക്ഷിക്കാനാകും. ഇതോടെ ഓരോ ഗ്രാഫ്റ്റിന്റെയും തൽസമയം നിജസ്ഥിതി വ്യക്തമായി രേഖപ്പെടുത്തപ്പെടുകയും സാമ്പത്തിക ചോർച്ച ഒഴിവാക്കുകയും ഉത്തരവാദിത്വം ഉറപ്പാക്കാനുമാകും.
ഈ ഡിജിറ്റൽ ഇക്കോസിസ്റ്റത്തിന്റെ പ്രധാന സവിശേഷതയാണ് ജി.ഐ.എസ് അധിഷ്ഠിത ഫാം മാപ്പിംഗ് സംവിധാനം. കേരളമൊട്ടാകെയുള്ള കശുമാവ് കൃഷിയിടങ്ങളെ സംബന്ധിക്കുന്ന വിവരങ്ങൾ ഡ്രിൽ-ഡൗൺ മാപ്പുകളിൽ ദൃശ്യമാകും. ഗ്രാഫ്റ്റ് നടീൽ മുതൽ വിളവെടുപ്പ് വരെയുള്ള ഘട്ടങ്ങൾ നിരീക്ഷിക്കാനും, കാലാവസ്ഥാ വ്യതിയാനം മൂലമുള്ള നാശനഷ്ടങ്ങൾ വിലയിരുത്താനും, ഉൽപ്പാദനക്ഷമത വർധിപ്പിക്കുന്നതിനുള്ള ഭാവി ഇടപെടലുകൾ ആസൂത്രണം ചെയ്യാനും ഈ ലൈവ് സ്‌പേഷ്യൽ പ്ലാറ്റ്‌ഫോം ഉപയോഗപ്രദമാണ്.
കർഷകർക്ക് ശാസ്ത്രീയ മാർഗ്ഗനിർദ്ദേശങ്ങൾ ലഭ്യമാക്കുന്നതിനായി www.ksacc.kerala.gov.in സമഗ്ര ഡിജിറ്റൽ വിജ്ഞാനകേന്ദ്രമായി വികസിപ്പിച്ചു. കാഷ്യു ക്രോപ് കലണ്ടർ, ക്രോപ് കാൽകുലേറ്റർ, ക്രോപ് ഡോക്ടർ ടൂൾ പരാതികളും സംശയങ്ങളും നേരിട്ട് ഭരണ സംവിധാനത്തിലേക്ക് എത്തിക്കുന്ന ഡിജിറ്റൽ പോർട്ടലും ഉൾപ്പെടുത്തിയിട്ടുണ്ട്. പൂർണ്ണമായും മലയാളത്തിൽ രൂപകൽപ്പന ചെയ്ത കർഷക സൗഹൃദ മൊബൈൽ ആപ്ലിക്കേഷൻ ഡിജിറ്റൽ പരിവർത്തനത്തിന്റെ മറ്റൊരു നൂതന ഘടകമാണ്.
കശുമാവ് ഗ്രാഫ്റ്റ് അപേക്ഷ, റിയൽ-ടൈം സ്റ്റാറ്റസ് ട്രാക്കിംഗ്, ഫാം ജിയോ-ടാഗിംഗ്, കൃഷി പുരോഗതി രേഖപ്പെടുത്തൽ, മാർഗ്ഗനിർദ്ദേശങ്ങൾ, സർക്കാർ അറിയിപ്പുകൾ എന്നിവ ഒറ്റ പ്ലാറ്റ്‌ഫോമിൽ ലഭ്യമാകുന്നു. ഉദ്യോഗസ്ഥർക്കായി വികസിപ്പിച്ച ആപ്പിലൂടെ ഫീൽഡ് സന്ദർശനങ്ങൾ ജിയോ-ടാഗ് ചെയ്ത ഫോട്ടോകൾ സഹിതം തത്സമയം രേഖപ്പെടുത്താൻ കഴിയും.
ജി.ഐ.എസ് അധിഷ്ഠിത സമ്പൂർണ ഡിജിറ്റൽ ഗവർണൻസ് സംവിധാനം കശുമാവ് മേഖലയിലെ സേവനദൗത്യത്തിൽ കൃത്യതയും സുതാര്യതയും ഉറപ്പാക്കുന്നതോടൊപ്പം കർഷകന്റെ സമയം സംരക്ഷിക്കുകയും കാലാവസ്ഥ വെല്ലുവിളികളെ നേരിടാൻ തെളിവ് അധിഷ്ഠിത ആസൂത്രണത്തിന് കരുത്ത് നൽകുകയും ചെയ്യുന്നു. ജിയോ-സ്‌പേഷ്യൽ ഡാറ്റയും തത്സമയ നിരീക്ഷണവും സംയോജിപ്പിച്ച ഈ മാതൃക കാർഷിക മേഖലയിലെ ഡിജിറ്റൽ ഭരണത്തിൽ കേരളത്തെ ഒരുപടി മുന്നിലെത്തിക്കുന്ന ഒരു നിർണ്ണായകമാറ്റത്തിന് വഴി തുറക്കുന്നു.
ഈ മൊബൈൽ ആപ്ലിക്കേഷൻ മാർച്ച് രണ്ടാം വാരത്തിൽ പൊതുജനങ്ങൾക്ക് ലഭ്യമാകും. മൊബൈൽ ആപ്പ് Google Play Store വഴി ഡൗൺലോഡ് ചെയ്യാനാകും. കൂടാതെ, മുഴുവൻ ഡിജിറ്റൽ സേവനങ്ങളും www.ksacc.kerala.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റ് മുഖേന കർഷകർക്ക് ലഭ്യമാകും.
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2026-02-24 14:17:42
ലേഖനം നമ്പർ: 1971