രാജ്യത്ത് ആദ്യമായി കുടിവെള്ള വിതരണത്തിനായി പരിസ്ഥിതി സൗഹൃദ ബയോ-ഡീഗ്രേഡബിൾ ബോട്ടിൽ അവതരിപ്പിച്ച് കേരളം. ജലവിഭവ വകുപ്പിന് കീഴിലുള്ള കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള കുപ്പിവെള്ള നിർമ്മാണ യൂണിറ്റായ ഹില്ലി അക്വയാണ് ഈ നവീന സംവിധാനം നടപ്പാക്കിയത്. പരിസ്ഥിതി സൗഹൃദ ഉൽപ്പന്നങ്ങൾ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം ഉപഭോക്താക്കൾക്ക് ഗുണമേന്മയുള്ള കുടിവെള്ളം ലഭ്യമാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
ചോളം, കരിമ്പ് തുടങ്ങിയവയിൽ നിന്നുള്ള അന്നജ അടിസ്ഥാനത്തിലുള്ള വസ്തുക്കളാണ് ബോട്ടിലിന്റെയും അടപ്പിന്റെയുമുൾപ്പെടെയുള്ള നിർമ്മാണത്തിന് ഉപയോഗിച്ചിരിക്കുന്നത്. ബയോ ബോട്ടിലുകൾ ചോളം, കരിമ്പ് മുതലായ പുനരുപയോഗിക്കാവുന്ന വിഭവങ്ങളിൽ നിന്നുള്ള അന്നജത്തിൽ നിന്ന് നിർമ്മിക്കുന്ന പോളി ലാക്ടിക് ആസിഡ് പ്രീഫോമുകളാണ്. സുതാര്യവും ഭാരം കുറഞ്ഞതുമായ ഇവ പരമ്പരാഗത പ്ലാസ്റ്റിക് കുപ്പികളോട് സാമ്യമുള്ളതാണ്. വ്യാവസായിക സൗകര്യങ്ങളിൽ കൃത്യമായ താപനിലയും ഈർപ്പവും ലഭ്യമായാൽ ഇവ കമ്പോസ്റ്റിംഗ് പ്രക്രിയയ്ക്ക് വിധേയമാകുന്നു. കൂടാതെ ക്യാപ്പ്, ലേബൽ, പാക്കേജിങ് മെറ്റീരിയൽസ് എന്നിവയും ബയോ-ഡീഗ്രേഡബിൾ വസ്തുക്കളായിരിക്കും.
കൊച്ചി ആസ്ഥാനമായുള്ള M/s എയ്റ്റ് സ്പെഷ്യലിസ്റ്റ് സർവീസസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്റ്റാർട്ടപ്പ് കമ്പനിയാണ് ബയോ-ഡീഗ്രേഡബിൾ കുപ്പിയ്ക്കായുള്ള അസംസ്കൃത വസ്തുക്കൾ വിതരണം ചെയ്യുന്നത്. ഹരിത ചട്ടം പ്രഖ്യാപിച്ച പ്രദേശങ്ങളായ ശബരിമല, മലയാറ്റൂർ തുടങ്ങിയ തീർത്ഥാടന കേന്ദ്രങ്ങൾക്കും സംസ്ഥാന വിനോദസഞ്ചാര മേഖലയ്ക്കും ഈ ഉൽപ്പന്നം ഏറെ ഗുണകരമായിരിക്കും. ജനസാന്ദ്രത കൂടിയ കോർപ്പറേഷൻ/മുനിസിപ്പാലിറ്റി മേഖലയിലും ടി-ഉൽപ്പന്നത്തിന്റെ വിതരണം പാരിസ്ഥിതിക സന്തുലിതാവസ്ഥയ്ക്ക് കൂടുതൽ സഹായകരമായിരിക്കും.
ആദ്യഘട്ടത്തിൽ 300 ml ബയോ-ഡീഗ്രേഡബിൾ കുപ്പിവെള്ളം പരീക്ഷണാടിസ്ഥാനത്തിൽ വിപണിയിൽ എത്തിക്കും. വിപണിയിലെ സ്വീകരണം വിലയിരുത്തി മറ്റു അളവുകളിലും ബയോ-ഡീഗ്രേഡബിൾ കുപ്പിവെള്ളം ഹില്ലി അക്വാ വിപണിയിലെത്തിക്കും. ദക്ഷിണേന്ത്യയിൽ ആദ്യമായി കുപ്പിവെള്ളം കയറ്റി അയക്കുന്ന സംസ്ഥനമാണ് കേരളം. യുഎഇ, ഒമാൻ, സൗദി അറേബ്യ എന്നിവടങ്ങിളിലേക്ക് പരിസ്ഥിതി സൗഹൃദ ബയോ-ഡീഗ്രേഡബിൾ ബോട്ടിലുകൾ കയറ്റുമതി ചെയ്യുന്നതിലൂടെ വ്യവസായ വളർച്ചയ്ക്ക് കൂടുതൽ പിന്തുണ ലഭിക്കും.
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2026-02-26 14:57:50
ലേഖനം നമ്പർ: 1972