സംസ്ഥാനത്തെ ആദ്യത്തെ ട്രൈബൽ ഹബ്ബ് (ട്രൈബൽ മൾട്ടി പർപ്പസ് സെന്റർ) മലപ്പുറത്ത് സജ്ജമായി. ദുർഘട മേഖലയിലുള്ള ആദിവാസി നഗറുകളിൽ സമഗ്ര ആരോഗ്യ പരിരക്ഷ ഉറപ്പുവരുത്തുന്നതിനായി ആരോഗ്യ വകുപ്പിന് കീഴിൽ അനുവദിച്ച കേരളത്തിലെ ആദ്യത്തെ ട്രൈബൽ മൾട്ടിപർപ്പസ് സെന്ററാണ് മലപ്പുറം ജില്ലയിലെ ചാലിയാർ പഞ്ചായത്തിലെ വാളാംതോട് ട്രൈബൽ ഹബ്ബ്.
വിവിധ സർക്കാർ വകുപ്പുകളുടെ സേവനങ്ങളും അടിസ്ഥാന സൗകര്യങ്ങളും എത്തിപ്പെടാൻ പ്രയാസമുള്ള ഉൾനാടൻ ഗോത്രവർഗ മേഖലകളിൽ എല്ലാ സേവനങ്ങളും ഒരൊറ്റ മേൽക്കൂരയ്ക്ക് കീഴിൽ ലഭ്യമാക്കുക എന്നതാണ് ഈ സെന്ററിന്റെ ലക്ഷ്യം. നിലവിൽ ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ മുഖേന ലഭിച്ചുവരുന്ന സേവനങ്ങൾക്ക് പുറമേ മറ്റ് സേവനങ്ങളും ഹബ്ബിലൂടെ നൽകുന്നു. ആരോഗ്യവകുപ്പ്, ഐ.സി.ഡി.എസ്, ഐ.ടി.ഡി.പി, തദ്ദേശ സ്വയംഭരണ വകുപ്പ് തുടങ്ങിയ വകുപ്പുകളുടെ ഏകോപനത്തോടെയാണ് സെന്ററിന്റെ പ്രവർത്തനം. ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സിന്റെ സേവനവും ഉറപ്പുവരുത്തും. കൂടാതെ വാളാംതോട് മേഖലയിലെ ആദിവാസി നഗറുകളിലെ ഊരുമിത്രം ആശമാർ, അംഗൻവാടി പ്രവർത്തകർ തുടങ്ങിയവരും കേന്ദ്രവുമായി ചേർന്ന് പ്രവർത്തിക്കും.
ഗോത്രവർഗ ജനവിഭാഗങ്ങളെ സർക്കാർ മേഖലയിലുള്ള വിവിധ സ്വയംതൊഴിൽ പരിശീലന കേന്ദ്രങ്ങളിലേക്ക് എത്തിക്കുന്നതിനും അഭ്യസ്തവിദ്യരായ ഗോത്ര ജനതയ്ക്ക് അവരുടെ വിദ്യാഭ്യാസ യോഗ്യതയ്ക്ക് അനുസരിച്ച് സർക്കാർ, അർദ്ധ സർക്കാർ, സ്വകാര്യ മേഖലകളിൽ തൊഴിൽ കണ്ടെത്തുന്നതിനും സെന്റർ സഹായിക്കും. വിവിധ സാമൂഹിക-സാമ്പത്തിക പദ്ധതികളെക്കുറിച്ചുള്ള വിവരങ്ങൾ നൽകുന്ന ഏകജാലക സംവിധാനമായും സെന്റർ പ്രവർത്തിക്കും. ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ബോധവൽക്കരണ പരിപാടികൾ നടത്താനും ഹബ്ബിനെ ഉപയോഗപ്പെടുത്താനാകും.
ചാലിയാർ ഗ്രാമപഞ്ചായത്തിൽ മലപ്പുറം കോഴിക്കോട് ജില്ലകളുടെ അതിർത്തി പങ്കിടുന്ന മലയോര പ്രദേശമാണ് വാളാംതോട്. ദുർഘട മേഖലയിലുള്ള ആദിവാസി നഗറുകളായ വെണ്ടേക്കുംപൊയിൽ, അമ്പുമല, സുപ്രീംനഗർ, തോട്ടപ്പള്ളി, നായാടംപൊയിൽ, കണ്ടിലപ്പാറ എന്നീ ട്രൈബൽ നഗറുകളിലുള്ളവർക്ക് ചികിത്സാ സൗകര്യം ലഭിക്കും.
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2026-02-21 14:06:12
ലേഖനം നമ്പർ: 1967