സർക്കാർ ഓഫീസുകൾ സന്ദർശിക്കാതെ, എല്ലാ സേവനങ്ങളും ഓൺലൈനായി, ഒരു ഏകീകൃത പ്ലാറ്റ്ഫോമിൽ പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നതിനായി ഇൻഫർമേഷൻ ടെക്നോളജി (ഐടി) വകുപ്പ്  'നമ്മുടെ കേരളം' ഏകീകൃത സർവ്വീസ് ഡെലിവറി പ്ലാറ്റ് ഫോം സജ്‌ജമാക്കി. പൗരൻമാർക്ക് ഉദ്യോഗസ്ഥരെ നേരിട്ടോ ഓൺലൈനായോ ബന്ധപ്പെട്ട് പരാതികൾ തീർപ്പാക്കുന്നതിനും, ഭരണ നിർവ്വഹണത്തിലും നയരൂപീകരണത്തിലും പൗരന്മാരുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുന്നതിനുമാണ് നമ്മുടെ കേരളം പ്ലാറ്റ് ഫോം ഒരുക്കിയിരിക്കുന്നത്. 

പൗരന്മാർക്ക് മൊബൈൽ ആപ്പ് അല്ലെങ്കിൽ വെബ് പോർട്ടൽ ഉപയോഗിച്ച് സേവനങ്ങൾക്ക് അപേക്ഷിക്കാനും ബില്ലുകൾ അടയ്ക്കാനും എപ്പോൾ വേണമെങ്കിലും എവിടെയും ഏത് രീതിയിലും ആനുകൂല്യങ്ങൾ നേടാനും കഴിയും. ഐ.ടി. വകുപ്പിന് വേണ്ടി കേരള സ്റ്റേറ്റ് ഐ.ടി. മിഷന്റെ നേതൃത്വത്തിൽ ഡിജിറ്റൽ യൂണിവേഴ്സിറ്റിയാണ് സി-ഡിറ്റുമായി ചേർന്ന് 'നമ്മുടെ കേരളം' ആപ്പ് നിർമ്മിക്കുന്നത്.

നമ്മുടെ കേരളം ആപ്ലിക്കേഷൻ “മൊബൈൽ-ഫസ്റ്റ്, മലയാളം-ഫസ്റ്റ്” സമീപനം പിന്തുടരുന്ന സംവിധാനമാണ്. എല്ലാ സർക്കാർ വകുപ്പുകളിലൂടെയും ലഭിക്കുന്ന സേവനങ്ങൾക്ക് ഏകീകൃതമായ ഒരു കേന്ദ്രീകൃത ഓൺലൈൻ അപേക്ഷാ സംവിധാനമാണ് ഇതിലൂടെ ഒരുക്കിയിരിക്കുന്നത്. പൗരന്മാർ പതിവായി ഉപയോഗിക്കുന്ന സേവനങ്ങൾക്ക് പ്രഥമ പരിഗണന നൽകുന്ന ആപ്പ്, വകുപ്പുകളുടെ നിലവിലുള്ള ഐ.ടി. സംവിധാനങ്ങളിൽ മാറ്റം വരുത്താതെ തന്നെ പ്രവർത്തിക്കും. അപേക്ഷകളുടെ തത്സമയ സ്റ്റാറ്റസ് ട്രാക്കിംഗ് സൗകര്യവും SMS, ഇ-മെയിൽ, വാട്സ് ആപ്പ് വഴിയുള്ള അറിയിപ്പുകളും ലഭ്യമാക്കുന്നു. ഭിന്നശേഷിയുള്ളവർക്ക് ബുദ്ധിമുട്ടില്ലാതെ പോർട്ടൽ ഉപയോഗിക്കാനുള്ള സൗകര്യങ്ങളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ആധാർ, ഡിജിലോക്കർ തുടങ്ങിയ സംവിധാനങ്ങളുമായി ബന്ധിപ്പിച്ചിരിക്കുന്നു. സർക്കാർ തലത്തിലുള്ള കാര്യക്ഷമമായ മേൽനോട്ടത്തിനായി ഡാഷ്‌ബോർഡുകളും നൽകുന്നു. 

നമ്മുടെ കേരളം സേവനങ്ങൾ

1. സർക്കാർ വകുപ്പുകൾ നൽകുന്ന സേവനങ്ങൾ

സർക്കാർ സേവനങ്ങൾക്കായി ജനങ്ങൾ സമർപ്പിക്കുന്ന അപേക്ഷകൾ ‘നമ്മുടെ കേരളം’ പോർട്ടൽ മുഖേന അതത് വകുപ്പുകളുടെ പോർട്ടലിൽ എത്തുകയും, തുടർ നടപടികൾ സ്വീകരിച്ച്, സേവനം അപേക്ഷകന് ‘നമ്മുടെ കേരളം’ പോർട്ടൽ വഴി ലഭ്യമാക്കുകയും ചെയ്യുന്നു. ഇതോടൊപ്പം അപേക്ഷയുടെ വിവരങ്ങൾ തത്സമയം അപേക്ഷകന് അറിയാൻ സാധിക്കുകയും ചെയ്യുന്നു. പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ റവന്യൂ വകുപ്പ് നൽകുന്ന പ്രധാനപ്പെട്ട സർട്ടിഫിക്കറ്റുകൾ, കെ-സ്മാർട്ട്‌ മുഖേന തദ്ദേശ സ്വയംഭരണ വകുപ്പ് നൽകുന്ന സേവനങ്ങൾ, കൃഷി വകുപ്പ്, സിവിൽ സപ്ലൈസ് വകുപ്പ്, ആരോഗ്യ വകുപ്പ്, രജിസ്ട്രേഷൻ വകുപ്പ്, സാമൂഹ്യ നീതി വകുപ്പ്, കേരളാ പോലീസ് എംപ്ലോയ്മെന്റ് എക്സ്ചെയ്ഞ്ച് എന്നിവരുടെ എല്ലാ പ്രധാന സേവനങ്ങളും ലഭ്യമാക്കും.      

2. മീറ്റ് ആൻ ഒഫീഷ്യൽ സംവിധാനം

സംസ്ഥാന-ജില്ലാ തലങ്ങളിലെ ഉദ്യോഗസ്ഥന്മാരെ നേരിൽ കാണുന്നതിനും അവരുമായി വീഡിയോ കോൾ മുഖേന സംവദിയ്ക്കുന്നതിനും  ജനങ്ങൾക്ക് സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇതിനായി ഓരോ ഉദ്യോഗസ്ഥനും സന്ദർശന സ്ലോട്ട് ലഭ്യമാക്കുകയും ജനങ്ങൾക്ക് സൗകര്യപ്രദമായ സമയം നേരത്തെ നിശ്ചയിച്ച് ഉദ്യോഗസ്ഥരെ നേരിൽ കാണുന്നതിനോ അവരുമായി വീഡിയോ കോൾ മുഖേന സംവദിയ്ക്കുന്നതിനോ കഴിയുന്നതാണ്.

3.ഭരണ നിർവ്വഹണത്തിൽ പൗരന്മാരുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനുള്ള സംവിധാനം

സർക്കാർ നടപ്പാക്കുന്ന വിവിധ പദ്ധതികൾ, ക്യാമ്പയിനുകൾ, പരിപാടികൾ എന്നിവയുമായി ബന്ധപ്പെട്ട ഉള്ളടക്കങ്ങൾ സൃഷ്ടിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും നമ്മുടെ കേരളം ആപ്പിൽ സംവിധാനം ഒരുക്കിയിട്ടുണ്ട്. കൂടാതെ ഭരണ നിർവ്വഹണത്തിലും നയരൂപീകരണത്തിലും ജനങ്ങൾക്ക് സജീവമായി ഇടപെടാനും അവരുടെ അഭിപ്രായങ്ങളും ആശയങ്ങളും പങ്കുവയ്ക്കാനും ഫോറം, നിർദ്ദേശങ്ങൾ, മത്സരങ്ങൾ തുടങ്ങിയവയിൽ പങ്കാളികളാകാനുമുള്ള അവസരം ലഭ്യമാക്കിയിട്ടുണ്ട്. ജനങ്ങളുടെ ബൗദ്ധികമായ സംഭാവനകൾക്ക് പുറമെ, അടിയന്തിര ഘട്ടങ്ങളിൽ സർക്കാർ പ്രവർത്തനങ്ങൾക്ക് പണമായോ വസ്തുക്കളായോ ഉള്ള സംഭാവനകൾ നൽകുന്നതിനും ഈ പ്ലാറ്റ്ഫോം അവസരമൊരുക്കുന്നു. ജനപങ്കാളിത്തം ഉറപ്പാക്കിയുള്ള ഭരണത്തിന്റെ യഥാർത്ഥ മാതൃക സൃഷ്ടിക്കുന്നതിനും സർക്കാരും ജനങ്ങളും തമ്മിലുള്ള അകലം കുറയ്ക്കുന്നതിനും ഇത് ഉപകരിക്കും. ജനാധിപത്യ മൂല്യങ്ങളെ ശക്തിപ്പെടുത്തൽ, സുതാര്യത വർധിപ്പിക്കൽ, പൗരബോധം ഉയർത്തൽ, സാമൂഹിക ഉത്തരവാദിത്ത ബോധം വളർത്തൽ എന്നിവയിലൂടെ സമ്പൂർണ്ണ ജനകീയ പങ്കാളിത്തം ഉറപ്പാക്കുന്ന ഈ മാതൃക കേരളത്തിന്റെ ഭരണരീതിയിൽ വിപ്ലവകരമായ മാറ്റം സൃഷ്ടിക്കുകയും സമൂഹത്തിലെ ഓരോ വ്യക്തിക്കും വികസനപ്രക്രിയയിൽ പങ്കാളികളാകാനുള്ള അവസരം നൽകുകയും ചെയ്യും.

4. പരാതി പരിഹാരം

മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലിലേക്ക് നേരിട്ട് പരാതികൾ സമർപ്പിയ്ക്കുന്നതിനുള്ള സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ഇതോടൊപ്പം ‘മുഖ്യമന്ത്രി എന്നോടൊപ്പം’ എന്ന പരിപാടിയിലേക്ക് നേരിട്ട് ബന്ധപ്പെട്ട് പരാതികൾ നൽകുന്നതിനും സംവിധാനമുണ്ട്. കൂടാതെ, ജില്ലാതലത്തിൽ ഓരോ വകുപ്പിന്റെയും ജില്ലാ ഓഫീസർക്ക് നേരിട്ട് പരാതി നൽകുന്നതിനുള്ള സംവിധാനവും ലഭ്യമാണ്. ഇങ്ങനെ ലഭിയ്ക്കുന്ന പരാതികൾ ജില്ലാതലത്തിൽ പരിഹരിയ്ക്കുവാൻ കഴിയാത്തവ ഉപജില്ലാ തലത്തിൽ പരിഹരിയ്ക്കുന്നതായിരിക്കും. ഏത് മാർഗ്ഗത്തിൽ കൂടി നൽകുന്ന പരാതിയും തത്സമയം നിരീക്ഷിച്ച് പരാതിയിന്മേൽ സ്വീകരിച്ച നടപടികളുടെ പുരോഗതി അറിയുന്നതിനും സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ഇതോടൊപ്പം അഴിമതിയുമായി ബന്ധപ്പെട്ട പരാതികൾ വിജിലൻസ് വകുപ്പ് ഡയറക്ടർക്ക് നേരിട്ട് സമർപ്പിയ്ക്കുന്നതിന് ‘ആന്റി-കറപ്പ്ഷൻ’ മോഡ്യൂളും സജ്ജീകരിച്ചിട്ടുണ്ട്.

5. അടിയന്തിര ഘട്ടങ്ങളിലെ സഹായങ്ങൾക്കുള്ള സൗകര്യം

അടിയന്തിര ഘട്ടങ്ങളിൽ ആംബുലൻസ്, പോലീസ്, ഫയർ & റസ്ക്യൂ സർവ്വീസ്, വനിതാ ഹെല്പ്ലൈൻ, ദുരന്ത നിവാരണം, ദിശാ ഹെല്പ്ലൈൻ, സൈബർ സെൽ എന്നിവ മുഖേന സഹായം ലഭ്യമാക്കുന്നതിനായി SoS സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിന് പുറമേ അപകടങ്ങൾ, പ്രകൃതി ദുരന്തങ്ങൾ, വനിതകൾക്കും കുട്ടികൾക്കും എതിരെയുള്ള ആക്രമണങ്ങൾ എന്നിവ റിപ്പോർട്ട് ചെയ്യുന്നതിനായി 112 Emergency Response System (ERSS) സേവനവും സജ്ജീകരിച്ചിട്ടുണ്ട്.

6. ബില്ലുകൾ ഒടുക്കുന്നതിനുള്ള സൗകര്യം

വൈദ്യുതി, വാട്ടർ അതോറിറ്റി, കെ-ഫോൺ പോലെയുള്ള സേവനങ്ങളുടെ ബില്ലുകൾ ഒടുക്കുന്നതിനുള്ള സൗകര്യം ‘നമ്മുടെ കേരളം’ ആപ്പിൽ ലഭ്യമാക്കി കഴിഞ്ഞു. ഗ്യാസ് ബുക്കിംഗ്, ഇന്റർനെറ്റ് സേവനങ്ങളുടെ ബിൽ പെയ്മെന്റ് തുടങ്ങിയവ കൂടി ചേർക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ച് വരുന്നു.                                                          സർക്കാർ സേവനങ്ങൾ പൊതുജനങ്ങൾക്ക് കൂടുതൽ ലളിതവും സുതാര്യവും സമയബന്ധിതവുമാക്കി മാറ്റുന്നതിന് രൂപകൽപ്പന ചെയ്ത ‘നമ്മുടെ കേരളം’ ഏകീകൃത സർവ്വീസ് ഡെലിവറി പ്ലാറ്റ്‌ഫോം, ജനകീയ ഭരണത്തിലേക്കുള്ള കേരളത്തിന്റെ ശക്തമായ മുന്നേറ്റമാണ്. സാങ്കേതികവിദ്യയെ ഫലപ്രദമായി വിനിയോഗിച്ച് സർക്കാരും ജനങ്ങളും തമ്മിലുള്ള  ബന്ധം ശക്തിപ്പെടുത്തുന്നതിനും, സേവന ലഭ്യത മെച്ചപ്പെടുത്തുന്നതിനും, പൗരന്മാരുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുന്നതിനും സഹായകമാകുന്നതാണ് ഈ പ്ലാറ്റ്‌ഫോം.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2026-02-07 12:33:12

ലേഖനം നമ്പർ: 1959

sitelisthead